Theyyam Articles

  1. Home
  2. >
  3. Theyyam Articles

തെയ്യം മുഖത്തേഴുത്ത്  (Theyyam Face Painting)

തോറ്റംപാട്ടുപോലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ഘടകമാണ് മുഖത്തെഴുത്ത്‌. ഓരോ തെയ്യങ്ങളേയും വ്യത്യസ്തമാക്കുന്നത് മുഖത്തെഴുത്താണ്. തെയ്യങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കുന്നതിനു പുറമേ കോലധാരിയെന്ന പച്ചമനുഷ്യനെ കാമക്രോധമോഹലോപാദികള്‍ക്കെല്ലാം അതീധനാക്കി അവനില്‍ ഈശ്വരചൈതന്യം നിറച്ച് ദൈവക്കരുവാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് മുഖത്തെഴുത്തിനാണ്. രാമന്തളി കുന്നരു ദേശത്തെ പ്രശസ്ത തെയ്യക്കാരനും, തളിപ്പറമ്പ് കൊട്ടുമ്പുറത്ത്, അല്ലെങ്കില്‍ പെരുംചെല്ലൂരപ്പന്‍റെ പെരുംതൃക്കോവിലില്‍, കുറച്ചുകൂടി ലളിതമായി പറയുകയാണെങ്കില്‍ തപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്‍റെ തിരുനടയില്‍വച്ച് വാദ്യമേളഘോഷങ്ങളോടെ നിറഞ്ഞുകത്തുന്ന നെയ്ത്തിരികള്‍സാക്ഷിയായി , ക്ഷേത്രം തന്ത്രിയാല്‍ “പണിക്കര്‍” സ്ഥാനം നല്‍കി ആദരിക്കപ്പെട്ട കുന്നരു ശ്രീ സുരേഷ് പണിക്കരുടെ അഭിപ്രായത്തില്‍ മുഖത്തെഴുത്ത്‌ അസാമാന്യമായ സിദ്ധിയാണ്, ഇദ്ദേഹത്തിന്‍റെ നിത്യസന്ദര്‍ശകനും അമേരിക്കയിലെ ചിക്കാഗോ സര്‍വ്വകലാശാലയിലെ സംഗീതവിഭാഗം അധ്യാപനും ഒരു പതിറ്റാണ്ടിലേറെയായി തെയ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷകനുമായ ഡോ: കൈലി മേസണ്‍, തെയ്യങ്ങളുടെ മുഖത്തെഴുത്തിനെ ഇങ്ങനെ നിരൂപിക്കുന്നു “ ലോകത്തെ ഒട്ടുമിക്ക ക്ലാസിക് കലകളും ഞാന്‍ കണ്ടുമനസ്സിലാക്കിയിട്ടുണ്ട്, എന്നാല്‍ തെയ്യത്തിന്‍റെ മുഖത്തെഴുത്തുപോലെ എന്നെ ഇത്ര ആകര്‍ഷിച്ച അതിശയിപ്പിച്ച മാറ്റൊന്നില്ല. മഞ്ഞളും മനയോലയും വിളക്കിന്‍റെ കരിയും പോലുള്ള തികച്ചും പ്രകൃതിദത്തമായ പദാര്‍ഥങ്ങള്‍കൊണ്ട് പ്രാഥമികവര്‍ണ്ണങ്ങളുടെ രസതന്ത്രകണക്കുകളൊന്നുമറിയാത്ത ഒരാള്‍ ഇവിടെ , അതും കോലധാരിക്ക് വിപരീതമായി ഇരുന്നുകൊണ്ട് ആ മുഖത്തു സൃഷ്ടിക്കുന്ന ഭാവവിസ്മയം തികച്ചും ആശ്ചര്യം തന്നെ. അതിനുപയോഗിക്കുന്ന ബ്രഷാകട്ടെ ഒരു കഷണം പച്ച ഈര്‍ക്കിലും എന്നത് എന്നെ അത്ഭുതപരതന്ത്രനാകുന്നു ….

By : ഷിജിത്ത് കൊയക്കീല്‍

കോലത്തുനാടിന്‍റെ കാവലാള്‍

“പടിഞ്ഞാറ്റകത്ത് തൊട്ടിലാട്ടത്തിനും താലോലത്തിനും സന്തോഷത്തിനും, കുടിക്കുന്ന കഞ്ഞിക്കും ഉടുക്കുന്ന തുകിലിനും ബുദ്ധിമുട്ടും വിനയും കൂടാതെ ആദിയില്‍ കത്തിയിരിക്കുന്ന ഭദ്രദീപത്തിന്‍റെ അന്തത്തോളം ഒരേ നിറവായി കാത്തുസൂക്ഷിച്ചോളാം കേട്ടോ” എന്ന് ഉരിയാടിക്കൊണ്ട് കോലത്തുനാടിന്‍റെ ഇടവഴികളിലും പെരുവഴികളിലും മഹാജനപധങ്ങളിലും വിളക്കും വെളിച്ചവുമായി, താങ്ങും തണലുമായി സാക്ഷിയും സാക്ഷിഭൂതനുമായി സര്‍വ്വൈശ്വര്യം വിതറുന്ന ദേവതകളാണ് തെയ്യങ്ങള്‍. ഓരോ കോലത്തുനാട്ടുകാരന്‍റെയും മനോവ്യാപരങ്ങളിലും ആത്മാര്‍പ്പണങ്ങളിലും സാംസ്കാരികത്തനിമകളിലും തെയ്യാട്ടത്തെപോലെ നിറഞ്ഞുനില്‍ക്കുന്ന മറ്റൊന്നുമില്ല. തെയ്യാട്ടത്തെ കല എന്നതിനോട് മുദ്രകുത്തുന്നത് തികച്ചും വിരോധാഭാസമാണ്. കലാപരമായ പലഭാവങ്ങളും പ്രകടമാകുമെങ്കിലും തെയ്യം ഒരു കലാരൂപത്തിനുമപ്പുറം മഹത്തായ ഉപസാനാരീതിക്ക് മകുടോദാഹരണമാണ്. അനേകം അനുഷ്ഠാനങ്ങളാണ് തെയ്യാട്ടത്തിന്‍റെ ആധാരം. ഈ അനുഷ്ഠാനങ്ങളുടെ പിന്‍ബലത്തോടെ മാത്രമേ തെയ്യം, തെയ്യമാകുന്നുള്ളൂ . അല്ലാത്തപ്പോള്‍ അതു തെരുവുനാടകം പോലെ രു വിനോദോപാധി മാത്രം.

ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന ഒരുകാലത്ത്, ക്ഷേത്രപ്രേവേശനവും ക്ഷേത്രദര്‍ശനവും ഉന്നതകുലജാതന്‍റെ വിശേഷാധികാരം മാത്രമായിരുന്ന കാലയാഥാര്‍ഥ്യങ്ങളില്‍, താഴ്ന്നജാതിക്കാരന്‍ തങ്ങളുടെ ആവലാതികളും വേവലാതികളും അറിയിച്ച് ആ ദു:ഖങ്ങളില്‍നിന്നും ദുരിതങ്ങളില്‍ നിന്നും വരഗതി നേടി ആത്മസംതൃപ്തി അണയാനുള്ള മാര്‍ഗമായിട്ടാകണം തെയ്യക്കോലങ്ങളെ കെട്ടിആരാധിക്കുന്ന രീതി തുടങ്ങിയത്. ഇങ്ങനെ തെയ്യക്കോലങ്ങളെ കെട്ടി ആരാധിക്കുന്ന നാട് എന്നതില്‍ നിന്നാകാം പില്‍ക്കാലത്ത്‌ ഈ പ്രദേശത്തിന് കോലത്തുനാട് എന്ന പേര് ലഭിച്ചത്. ഇവിടെ തെയ്യം കെട്ടുന്നതും, തെയ്യം കെട്ടിക്കുന്നതുമെല്ലാം വരേണ്യതയുടെ അതിപ്രസരങ്ങളില്‍ വഴിമാറിനടക്കേണ്ടിവന്ന കീഴ്ജാതിക്കാരന്‍തന്നെ. അതുകൊണ്ടുതന്നെ അവന്‍റെ തെയ്യങ്ങള്‍ മദ്യം സേവിക്കുന്നവരാണ്, മാംസം കഴിക്കുന്നവരാണ്‌, പക്ഷികളുടെയും മൃഗങ്ങളുടെയും ചുടുചോര പാനം ചെയ്യുന്നവരാണ്. വൈദികഭാഷയിലെ മന്ത്രാക്ഷരങ്ങള്‍ക്ക് പകരം നാട്ടുഭാഷയുടെ നേര്‍മൊഴികളില്‍ ഉരിയാടുന്നവരാണ്.

കോലത്തുനാട്ടിലെ കാവുകളിലും കഴകങ്ങളിലും കോട്ടങ്ങളിലും കോവിലകങ്ങളിലും ക്ഷേത്രങ്ങളിലും മുണ്ട്യകളിലും പള്ളിയറകളിലുമായി ലക്ഷോപലക്ഷം തെയ്യങ്ങള്‍ കുടിയിരിക്കുന്നുവെന്നാണ് കണക്ക്. വിഗ്രഹങ്ങളുടെ വിസ്മയചാരുതയില്‍ ഒതുങ്ങിനില്‍ക്കാതെ, ലോകമാതാവാകും ശ്രീപാര്‍വ്വതിയും ജഗത്പിതാവാകും പരമേശ്വരനും വിശ്വംഭരനാം വിഷ്ണുമൂര്‍ത്തിയുമൊക്കെ വിവിധഭാവങ്ങളില്‍ വിവിധരൂപങ്ങളില്‍ പലവിധനാമങ്ങളില്‍ ഇവിടെ, ഈ മണ്ണില്‍ തെയ്യക്കോലങ്ങളായവതരിക്കുന്നു. നമ്മുടെ നെഞ്ചിന്‍ തുടിപ്പുകളറിഞ്ഞ്, നമ്മുടെ ഇന്ദ്രിയങ്ങളില്‍ നിറയും അനുഭൂതികളറിഞ്ഞ് അവര്‍ നമുക്കൊപ്പം ജീവിക്കുന്നു.

നിരവധി സുകുമാരഭാവങ്ങളുടെ സങ്കലിതരൂപമാണ് തെയ്യം. സംഗീതസാന്ദ്രമായ തോറ്റം‌പാട്ടുകള്‍, മാന്ത്രിക-താന്ത്രിക കര്‍മ്മങ്ങള്‍, മനോഹരമായ മുഖത്തെഴുത്തും മെയ്യെഴുത്തും അതിസങ്കീര്‍ണമായ ഉടുത്തുകെട്ടും ചമയങ്ങളും നൃത്തവും മെയ്യഭ്യാസപ്രകടനങ്ങളുടെയുമൊക്കെ തെയ്യാട്ടത്തില്‍പ്രത്യക്ഷമാകുന്നു.

” നന്താര്‍വിളക്കിനും തിരുവായുധത്തിനും

അരിയിട്ടു വന്ദിക്ക

ഹരി വര്‍ദ്ധിക്ക വാണാളും വര്‍ദ്ധനയും

വീണാളും വീരോശ്രീയും

ആണ്ടുവായുസ്സും ശ്രീയും സമ്പത്തുംപോലെ

നിരൂപിച്ച കാര്യം സാധിച്ചു കൊടുക്ക

വാഴ്‌കതാനും കളിക്കതാന്‍

കളിക്കീശ്വരന്‍പ്രസാദിക്ക.

വരിക വരിക വേണം വിഷ്ണുമൂര്‍ത്തിയാം പരദേവതാ…”

(വിഷ്ണുമൂര്‍ത്തി തോറ്റം)

തെയ്യത്തോടനുബന്ധിച്ച് പാടുന്ന കീര്‍ത്തനങ്ങളാണ് തോറ്റംപാട്ടുകള്‍. “തോറ്റുക” എന്നാല്‍ സ്തുതിക്കുക എന്നാണര്‍ഥം. ഓരോ തെയ്യങ്ങള്‍ക്കും ഓരോ തരത്തിലുള്ള തോറ്റംപാട്ടുകളുണ്ട്. ഈ ഉപാസനാരീതിയുടെ അടിസ്ഥാനം തന്നെ തോറ്റംപ്പാട്ടുകളാണ്. പയ്യന്നൂര്‍കരിവെള്ളൂരിലെ കൊടക്കാട് സ്വദേശിയും തെയ്യക്കെട്ടുകാരിലെ ഇതിഹാസപുരുഷന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന നര്‍ത്തകരത്നം കണ്ണപെരുവണ്ണാന്‍ തന്‍റെ ആത്മകഥയായ “ചിലമ്പിട്ട ഓര്‍മ്മകളില്‍” തോറ്റംപാട്ടുകളെപ്പറ്റി ഇങ്ങനെ പരാമര്‍ശിക്കുന്നു ” ഒരു തെയ്യക്കാരന്‍റെ സിദ്ധി ഊന്നിനില്‍ക്കുന്നത് ഉപാസനയിലാണ്. ഈ ഉപാസനയുടെ മുഖ്യഘടകം തോറ്റങ്ങളാണെന്നു ഞാന്‍കരുതുന്നു. തോറ്റംപാട്ടുകള്‍ഹൃദിസ്ഥിതമാക്കിയതുകൊണ്ട് മാത്രമായില്ല. ആശയങ്ങളിലൂടെ സത്തയെ മനസ്സില്‍ആവാഹിക്കുവാന്‍ സാധിക്കണം. പാവപ്പെട്ട ഒരു തെയ്യക്കാരന്‍ ദൈവികമായൊരു തലത്തിലേക്ക് ഉയരുന്നത് തോറ്റംപാട്ടിന്‍റെ ശബ്ദപ്രപഞ്ചത്തില്‍ മനസ്സിനെ തപസ്സിരുത്തികൊണ്ടാണ്”.

“നാനാജാതികളാക വന്ദന നിഴല്‍

നാല്‍വേദശാസ്ത്രം നിഴല്‍

നാനാകാര്യയകാരണമാമതു നിഴല്‍

ശ്രീനാരായണന്‍തന്‍നിഴല്‍

നാമത്ത സ്തുതിയങ്ങള്‍ കൂപ്പി,

അവനിക്കാധാരമാകും നിഴല്‍,

നാമല്ലോ സഭയിങ്കല്‍വന്നു സജ്ജനപദം,

സഭയ്ക്കും നിഴല്‍ക്കും വിളക്കിനും തൊഴുന്നേന്‍…

വിളക്കിടമാനമെന്ന വിളക്കുവെച്ചതിനും തൊഴുന്നേന്‍

വേറതിലിട്ടൊരു നല്‍ത്തിരിയോട് നെയ്യതിനും തൊഴുന്നേന്‍

വളച്ചുചുറച്ചു വച്ചൊരു ചങ്ങലക്കടിയും തൊഴുന്നേന്‍

മേന്മെയില്‍വന്നുനിന്നൊരു കന്യാവിനെയും തൊഴുന്നേന്‍..”

ഭൈരവന്‍തെയ്യത്തിന്‍റെ തോറ്റത്തിലെ ചില വരികളാണിത്. ഇതിന്‍റെ കര്‍ത്താവ് ആരെന്നോ? ഏത് കാലഘട്ടത്തില്‍ രചിക്കപ്പെട്ടുവെന്നോ പറയുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ വരികള്‍ അതിമനോഹരമാണ്, മികവുറ്റ അലങ്കാരഭംഗികൊണ്ട്, മേന്മയേറിയ വാക്ചാരുതകള്‍കൊണ്ട്, പ്രാസഭംഗി നിറഞ്ഞ ഈരടികള്‍കൊണ്ട് അജ്ഞാതനായ കവി, ഏവര്‍ക്കും മനസ്സിലാവുന്ന ലളിതമായ ഭാഷയില്‍ ഈ തോറ്റം ചിട്ടപ്പെടുത്തിയിരിക്കുന്നു

“പഞ്ചകരന്‍ പരന്‍സുരസഞ്ജയാതിനസങ്കജാക്ഷന്‍

പങ്കജപാപനാശകരന്‍കൃപാനിധി എകദന്തന്‍

പഞ്ചശരാരിതന്‍സുതനെന്‍റെ നെഞ്ചകമുള്ളില്‍വാഴ്വാന്‍

കിഞ്ചനകാലവും കളയാതെ നിന്‍ചരണം തൊഴുന്നേന്‍”

ഈ ഗണപതി സ്തുതി പാടിക്കേള്‍ക്കുമ്പോള്‍ അനുവാചകന്‍അറിയാതെ അതിലേക്ക് ആകര്‍ഷണവലയരായി ആ ഈണങ്ങളിലും താളങ്ങളിലും അന്തര്‍ലീനമാകുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

“ശിവ ശിവശക്തി സ്തിഥി രണ്ടും നീയേ

ശിവ ശിവ മൂന്നാം മൂര്‍ത്തികളും നീയേ

നാലായ്മരുവിന വേദവും നീയേ

നലമൊടു പഞ്ചാക്ഷരപ്പൊരുളും നീയേ

നാലും രണ്ടും നിലയതില്‍

മേവും പരമാത്മാവും നീയേ ദേവി

വാരമതേഴും നീയേ വാരികളേഴും നീയെ

താരകജാലകമായതു നീയേ

വാരാധീശ്വര നവഗ്രഹസൂര്യാദികളും നീയേ.

അഷ്ടഗജങ്ങളുമഷ്ടവസുക്കളു-

മെട്ടുമൊരാറും ലോകേ നീയേ

വിഷ്ടപവാസികളാകിയ ജഗത്രയ

പുഷ്ടികലര്‍ന്നൊരു ജീവന്‍നീയേ”

(മടയില്‍ചാമുണ്ഡി തോറ്റം)

തെയ്യങ്ങളുടെ ചരിത്രം,പുരാവൃത്തം,ലക്ഷണം,അവതാരോദ്ദേശ്യം എന്നിവയെല്ലാം തോറ്റംപാട്ടില്‍ വിവരിക്കുന്നു. അതിലുപരി കുടകിന്‍റെയും കോലത്തുനാടിന്‍റെയും തുളുനാടിന്‍റെയും സിരകളിലും ധമനികളിലും ഇറങ്ങിച്ചെന്നു ഈ പ്രദേശങ്ങളുടെ പ്രകൃതിഭംഗിയും ഗ്രാമീണജീവിതവും ക്രയവിക്രിയങ്ങളും നാട്ടുനടപ്പുകളും നാട്ടാചാരങ്ങളും മുതല്‍ നാല് വേദങ്ങളും ആറ് ശാസ്ത്രങ്ങളും പതിനെട്ടു പുരാണങ്ങളും നൂറ്റെട്ട് ഉപനിഷത്തുകള്‍ വരെ തോറ്റംപാട്ടുകളില്‍ പ്രതിപാദിക്കപ്പെടുന്നു. . ലിഖിതരൂപങ്ങളില്ലാതെ, തെയ്യംകെട്ടുന്ന സമുദായങ്ങളാല്‍ മാത്രം വാമൊഴിയായി കൈമാറ്റപ്പെട്ടതുകൊണ്ടാകാം ഈ അമൂല്യസമ്പത്തിനെ പറ്റി കൂടുതല്‍പഠിക്കാന്‍ പണ്ഡിതലോകം വൈമനസ്യം കാണിക്കുന്നത്.

തോറ്റംപാട്ടുപോലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ഘടകമാണ് മുഖത്തെഴുത്ത്‌. ഓരോ തെയ്യങ്ങളേയും വ്യത്യസ്തമാക്കുന്നത് മുഖത്തെഴുത്താണ്. തെയ്യങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കുന്നതിനു പുറമേ കോലധാരിയെന്ന പച്ചമനുഷ്യനെ കാമക്രോധമോഹലോപാദികള്‍ക്കെല്ലാം അതീധനാക്കി അവിനില്‍ ഈശ്വരചൈതന്യം നിറച്ച് ദൈവക്കരുവാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് മുഖത്തെഴുത്തിനാണ്

എന്നത് എന്നെ അത്ഭുതപരതന്ത്രനാകുന്നു ….

തെയ്യങ്ങളുടെ ചമയവും അതിമനോജ്ഞമാണ്. കുരുത്തോലയും കവുങ്ങിന്‍പാളയും തെച്ചിപ്പൂക്കളും തുമ്പപ്പൂക്കളും കവുങ്ങിന്‍പ്പൂക്കളും മയില്‍പ്പീലിയും ചൂടകങ്ങളും ചന്ദ്രബിംബങ്ങളും നാഗരൂപങ്ങളും ഒക്കെ തെയ്യങ്ങളുടെ സുന്ദരകളേബരത്തിന് മാറ്റുക്കൂട്ടുന്നു. ഇവയ്ക്കു പുറമേ മണിനാദം പൊഴിയും കാല്‍ച്ചിലമ്പണിഞ്ഞ് വിരിമാറില്‍ വനമാലകളും രത്നമാലകളും ചാര്‍ത്തി, ക്ഷേത്രാങ്കണത്തില്‍ തിരുനടനം ചെയ്യുമ്പോള്‍ തെയ്യങ്ങള്‍ മനുഷ്യസങ്കല്പ്പങ്ങള്‍ക്കപ്പുറമുള്ള വിസ്മയരൂപങ്ങളായി മാറുന്നു…..

തെയ്യങ്ങളുടെ പുരാവൃത്തങ്ങളിലേക്ക് ദീര്‍ഘവീക്ഷണം നടത്തുമ്പോള്‍ ഒരു വലിയ കഥാസാഗരം തന്നെ നമുക്ക് മുന്നില്‍പ്രത്യക്ഷമാകും. ബ്രഹ്മാവിന്‍റെ നാല് ശിരസ്സുകളില്‍ ഒന്ന് അടര്‍ത്തിയെടുത്തതുമൂലം ബ്രഹ്മഹത്യാശാപമേറ്റ് കപാലവുമായി മണ്ണില്‍ഭിക്ഷാടനം ചെയ്യുന്ന ശിവരൂപമാകും ഭൈരവനും,ഹിരണ്യകശിപുവിനെ വധിക്കാന്‍നരസിംഹരൂപം പൂണ്ട വിഷ്ണുമൂര്‍ത്തിയും ഒരു വിപ്ലവകാരിയെപ്പോലെ ജാതിവ്യവസ്ഥയുടെ നിരര്‍ത്ഥകത ചോദ്യം ചെയ്ത, മഹാദേവാവതാരമാകും പൊട്ടന്‍തെയ്യവും ശ്രീ പാര്‍വ്വതിയുടെ വിവിധ അംശരൂപങ്ങളായ കുറത്തിയും കുണ്ടോര്‍ചാമുണ്ഡിയും മടയില്‍ചാമുണ്ഡിയും പിന്നെ മഹാബലവാനാം ബാലിയും, നാഗദേവതമാരും വനദേവതമാരും ഇവിടെ ഈ മണ്ണിന്‍റെ പശിമകളില്‍ തെയ്യക്കോലങ്ങളായവതരിക്കുന്നു . ഇവര്‍ക്കൊപ്പം മറ്റുചില പുരാണേതിഹാസങ്ങളും മണ്മറഞ്ഞ വീരശൂരപരാക്രമികളും അനേകം വനിതാരത്നങ്ങളും ഈ കോലത്തുന്നാടിന്‍റെ വഴിത്താരയില്‍ ദേവതാചൈതന്യം പൂണ്ട് ദൈവക്കരുക്കളായി മാറുന്നു. , കുടകന്മാരോട് പടവെട്ടി മരിച്ച മന്ദപ്പനും(കതിവന്നൂര്‍വീരന്‍), നാടുവാഴിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതുമൂലം വാള്‍ത്തലയ്ക്കിരയാകേണ്ടിവന്ന നീലിയും(നീലിയാര്‍ഭഗവതി) കാട്ടുത്തീയ്യില്‍ അകപ്പെട്ടു മരിച്ച കുഞ്ഞിമംഗലത്തെ തീയ്യയുവാവായ കേളനും(കണ്ടനാര്‍കേളന്‍) പുരുഷാധിപത്യത്തിന്‍റെ മേല്കൊയ്മയില്‍ ആത്മഹുതി ചെയ്ത കന്യകയും(മുച്ചിലോട്ട് ഭഗവതി) നാത്തൂന്മാരുടെ അസൂയക്ക്‌ പാത്രമായി ജീവത്യാഗം ചെയ്യേണ്ടിവന്ന മാക്കവും മക്കളും(കടങ്കോട് മാക്കം) ഒക്കെ, മനുഷ്യനായി ജനിച്ചുവളര്‍ന്നു പിന്നെ തെയ്യക്കോലങ്ങളായി മാറിയവര്‍ക്ക് ദൃഷ്ടാന്തങ്ങളാണ്.

വേദവേദാന്തങ്ങളുടെ മഹാസാഗരങ്ങളാണ് തെയ്യങ്ങള്‍. അവര്‍പ്രദാനം ചെയ്യുന്ന തത്വങ്ങളും തത്വശാസ്ത്രങ്ങളും അതിശ്രേഷ്ഠമാണ്. “തൊണ്ണൂറ്റെട്ടു മഹാവ്യാധികള്‍ക്കും നൂറ്റെട്ട് ഔഷധമായി, ധന്വന്തരിയായി മാറും ഞാന്‍”, ” നട്ടുനനച്ചേടത്തും കരിച്ചു വാഴിച്ചേടത്തും ഭാഗ്യം പൊലിയിച്ചുകൊള്ളാം” എന്നൊക്കെ മൊഴിഞ്ഞ് തെയ്യങ്ങള്‍ അടയാളം നല്‍കി അനുഗ്രഹിക്കുമ്പോള്‍ ആ വിഭൂതി ഏറ്റുവാങ്ങുന്നവന് ലഭിക്കുന്നത് വാക്കുകള്‍ക്കതീതമായ പരമാനന്ദമാണ് . ഊര്‍ഷരതകളില്‍നിന്നും

ഊര്‍വ്വരതകളിലേക്കുള്ള വാതായനങ്ങളാണ് തെയ്യങ്ങള്‍. സമൂഹത്തിലെ അനീതികള്‍ക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയുമുള്ള പ്രതിഫലനങ്ങള്‍ കൂടിയാണവ. അതിനൊപ്പം തന്നെ ഈ നാടിന്‍റെ സാമൂഹിക-സാംസ്കാരിക-കാര്‍ഷിക പുരോഗതിയുടെ മുഖക്കണ്ണാടി എന്ന് ഈ അനുഷ്ഠാനത്തെ നിസ്സംശയം വിശേഷിപ്പിക്കാവുന്നതാണ്. ഓരോ തെയ്യകാവുകളും ഓരോ കളിയാട്ടങ്ങളും ജാതിമതരാഷ്ട്രീയചേരികള്‍ക്കതീതമായി കൂട്ടായ്മയുടെ, കഠിനാധ്വാനത്തിന്‍റെ, സാഹോദര്യത്തിന്‍റെ, പുണ്യപ്രതീകങ്ങളാണ്. ആ ഊര്‍ജ്ജവും ഉത്സാഹവുമായിരിക്കാം തെയ്യമെന്ന ഈ പ്രതിഭാസത്തെ ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങിറങ്ങുന്നതിന് വഴിയൊരുക്കിയത്……

By : ഷിജിത്ത് കൊയക്കീല്‍

Images

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning