Alappadambu Theyyottu Kavu
(തെയ്യോട്ടുകാവ്)

About this Kavu
കണ്ണൂർ കാസറഗോഡ് ജില്ലാ അതിർത്തിയിൽ പെരിങ്ങോമിനടുത്തുള്ള ആലപ്പടമ്പ് ഗ്രാമത്തിൽ ഒരു കുന്നിന്റെ ചെരുവിലാണ് തെയ്യോട്ടുകാവ് സ്ഥിതി ചെയുന്നത്. 35 ഏക്കറോളം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ഒരു നിത്യഹരിത വനമാണ് തെയ്യോട്ടുകാവ്. ഗർഭഗൃഹമോ, വിഗ്രഹങ്ങളോ ഒന്നുമില്ലാത്ത ഈ കാവിനുള്ളിൽ കുറേ ഓട്ടുമണികൾ തറപ്പിച്ചു നിർത്തിയിരിക്കുന്നു. ഒരു തേക്കുകുറ്റി മാത്രമാണ് ദേവാരൂഢമെന്ന നിലയിൽ ഉള്ളത്. ഉത്തരകേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ പയ്യന്നൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രവുമായി ഈ കാവിനു സുദൃഢമായ ബന്ധമുണ്ട്. തെയ്യോട്ടുകാവിലെ പ്രധാന തെയ്യമായ “മുതലാളർ” , പയ്യന്നൂർ പെരുമാളായ സുബ്രമണ്യ സ്വാമിയുടെ പുത്രനാണെന്നാണ് സങ്കൽപ്പം.
വൃശ്ചിക മാസത്തിൽ തെയ്യോട്ടുകാവിൽ നടക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന കളിയാട്ടവും പയ്യന്നൂർ പെരുമാളുമായി മുതലാളർ തെയ്യത്തിനുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. പയ്യന്നൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവം സമാപിച്ചതിനു ശേഷം അവിടെ നിന്നും ദീപയും തിരിയും കൊണ്ടുവരുന്നതോടെയാണ് ഈ കാവിൽ കളിയാട്ടം ആരംഭിക്കുന്നത്. കളിയാട്ട ദിവസങ്ങളിൽ മുതലാളർ തെയ്യമോ അല്ലെങ്കിൽ അങ്കം, നരി തുടങ്ങിയ അനുഷ്ടാനങ്ങളോ ഉണ്ടാകും. കുത്തുവിളക്കും ചൂട്ടുകറ്റയും മാത്രമേ കളിയാട്ടകാലത്തു വെളിച്ചത്തിനായി ഉപയോഗിക്കാറുള്ളു. വൈദ്യുത ദീപാലങ്കാരങ്ങൾകൊണ്ട് രാത്രിയെ പകലാക്കുന്ന മഹോത്സവങ്ങൾ കണ്ടുപരിചയിച്ച നമ്മുടെ കണ്ണുകൾക്കു കുത്തുവിളക്കിന്റെ ഇത്തിരി വെട്ടത്തിൽ നടക്കുന്ന ഈ ഉത്സവം അവിശ്വസനീയമായി തോന്നിയേക്കാം. കളിയാട്ടത്തിന്റെ അവസാന നാളുകളിൽ കൈക്കളോൻ എന്ന തെയ്യക്കോലം മുതലാളർ തെയ്യത്തിന്റെ പ്രതിപുരുഷനായി അകമ്പടിക്കാരോടുകൂടി ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ചു വാഴക്കുല, അടക്ക തുടങ്ങിയവ ദക്ഷിണയായി സ്വീകരിക്കുന്നു. തങ്ങളുടെ കാർഷികവിളകളെ സംരക്ഷിച്ച് ഈതി ബാധകളെ അകറ്റുന്ന ഗ്രാമത്തിന്റെ രക്ഷാദേവതക്ക് കാർഷികവിളകളിൽ ഒരു പങ്ക് നൽകുന്നതാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം.
അങ്കം, നരി എന്നീ അനുഷ്ടാനങ്ങളിൽ അവയുടെ പ്രാചീനത വെളിവാക്കുന്നുവെങ്കിലും മുതലാളർ തെയ്യത്തിന്റെ കോലം താരതമ്യേന ആധുനികമാണ് . 45 കിലോഗ്രാം ഭാരമുള്ള വെള്ളോട് കൊണ്ട് നിർമ്മിച്ച ഓംകാര മുടി ഈ തെയ്യത്തിന്റെ പ്രത്യേകതയാണ്. ഈ മുടി തെയ്യക്കാരൻ പരസ്പര സഹായമില്ലാതെ തലയിൽ ഉറപ്പിച്ചു നിർത്തണം. മാവിലർ സമുദായക്കാരാണ് ഈ തെയ്യക്കോലം കെട്ടുന്നത്. കോലക്കാരനു മുടി തലയിൽ ഉറപ്പിച്ചു നിർത്താൻ ആകാത്ത ദിവസം തെയ്യം ഉണ്ടായിരിക്കില്ല. വ്രതഭംഗം കൊണ്ടാണ് മുടി ഉറക്കാതെ പോകുന്നത് എന്നാണ് ഇവിടുത്തെ വിശ്വാസം.സാധാരണ തെയ്യക്കോലങ്ങൾ എല്ലാം തന്നെ ഏറിയോരു ഗുണം വരണം എന്ന അനുഗ്രഹ വചസുകളോടെ ഭക്തരെ കുറി നൽകി അനുഗ്രഹിക്കുമ്പോൾ മുതലാളർ തെയ്യം ഭക്തരെ നേരിട്ട് അനുഗ്രഹിക്കാറില്ല. എന്റെ അച്ഛൻ പയ്യന്നൂർ പെരുമാൾ ഗുണം വരുത്തി രക്ഷിക്കും എന്നതാണ് ഈ തെയ്യത്തിന്റെ അനുഗ്രഹ വചനം. കാണിക്ക അർപ്പിക്കാൻ വേണ്ടി തെയ്യത്തിന്റെ അടുത്തേക്ക് പോകാനും ഭക്തർക്ക് അനുവാദമില്ല. മഞ്ഞൾകുറിയുമായി നിൽക്കുന്ന സമുദായക്കാരനിൽ നിന്നാണ് കാണിക്ക നൽകി കുറി വാങ്ങേണ്ടത്.
തെയ്യോട്ടുകാവിലെ അനുഷ്ഠാന രൂപങ്ങളും മരമൂട്ടിൽ ദൈവപ്രതിഷ്ഠ നടത്തിയിരിക്കുന്ന രീതിയും ക്ഷേത്രകെട്ടിടത്തിന്റെ അഭാവവും എല്ലാം കാവിന്റെ പ്രാചീനത വെളിവാക്കുന്നു. കാവിലെ ഉച്ചകോടി പ്രാപിച്ചിരിക്കുന്ന സസ്യസമൂഹവും ഈ പഴക്കത്തെ ശരിവെക്കുന്നുണ്ട്. ഈ കാവിന്റെ പലഭാഗത്തും നിന്നും വേനലിലും വറ്റാത്ത നീർച്ചാലുകൾ ഉദ്ഭവിക്കുന്നുണ്ട്. ഇവയെല്ലാം കാവിന്റെ കീഴ്ഭാഗത്തു വച്ച് ഒത്തു ചേർന്നു ഒരു കൊച്ചു തോടായി തെക്കു പടിഞ്ഞാറോട്ടു ഒഴുകുന്നു.