Thaliparambu Perumbadavu Karippal Nagam
(പെരുമ്പടവ്: കരിപ്പാൽ നാഗം)
About this Kavu
Dec 25-27, Dhanu 9-11
കളിയാട്ടം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ചെണ്ടയില്‍ തീര്‍ക്കുന്ന മേളപ്പെരുക്കമാണ്. എന്നാല്‍ വാദ്യഘോഷങ്ങളില്ലാതെ കളിയാട്ടം നടക്കുന്ന നാഗക്ഷേത്രമാണ് കരിപ്പാല്‍ നാഗം. ധനുമാസത്തിലെ ആയില്യം നാള്‍ തൊട്ട് മൂന്നുനാള്‍ കളിയാട്ടം നടക്കുന്ന ഈ സര്‍പ്പക്കാവ് തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന ഏകനാഗക്ഷേത്രമാണ്. നാഗേനിയമ്മ, നാഗരാജാവ് എന്നീ ദേവതമാരെയാണ് ഇവിടെ കെട്ടിയാടിക്കുന്നത്. രണ്ട് ദേവതമാരും മൂന്നുനാളിലും ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. നാഗേനിയമ്മയില്‍ നിന്ന് ഇളനീര്‍ കുടിക്കുകയെന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഈ വഴിപാട് നടത്താന്‍ നോയമ്പ് നോറ്റ നൂറുകണക്കിന് സ്ത്രീകളാണ് കളിയാട്ട നാളുകളില്‍ എത്തുക. മറ്റ് കളിയാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആചാരങ്ങളോടെയാണ് കരിപ്പാല്‍ നാഗത്തില്‍ ദേവതമാരെ കെട്ടിയാടിക്കുന്നത്. ശിവപാര്‍വ്വതി സങ്കല്‍പ്പമാണ് നാഗരാജാവും നാഗേശ്വരിയും. നാഗേശ്വരിയുടെ ഉടല്‍ മുഴുവന്‍ സര്‍പ്പത്തിന്റെ രൂപങ്ങളാണ്. സ്ത്രീകളുടെ വായ്ക്കുരവയുടെ അകമ്പടിയോടെയാണ് നാഗേശ്വരിയുടെ പുറപ്പാട്. നാഗേശ്വരിയുടെ നാഗക്കെട്ട് എന്ന ചടങ്ങ് കരിപ്പാല്‍ നാഗത്തിലെ മാത്രം പ്രത്യേകതയാണ്. നാഗക്കെട്ട് ചടങ്ങിന് ശേഷം അടിയന്തിര കര്‍മ്മസ്ഥാനികന്‍ പാലും നീരും സമര്‍പ്പിക്കുന്നു. നാഗസ്ഥാനത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥാനത്താണ് പാലും നീരും സമര്‍പ്പിക്കുന്നത്. പാലും നീരും സമര്‍പ്പിച്ച സ്ഥാനത്ത് നാഗേശ്വരി മൂന്നുതവണ തിരുമുടി മുട്ടിക്കുന്നത് ഭക്തിസാന്ദ്രമാണ്. തെയ്യങ്ങളുടെ പുറപ്പാട് സമയത്ത് ചെണ്ടമേളങ്ങളില്ല എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. ഒരു തകില്‍ വാദ്യവും ഒരു മദ്ദളവുമാണ് വാദ്യത്തിനായി ഉപയോഗിച്ചിരുന്നത്.ഇപ്പോള്‍ മദ്ദളത്തിന്റെ സ്ഥാനത്ത് ഒരു ചെണ്ട മാത്രം ഉപയോഗിക്കുന്നുണ്ട്. നാഗദേവതമാര്‍ക്ക് വാദ്യഘോഷങ്ങള്‍ പാടില്ലയെന്നതാണ് ഐതിഹ്യം. ശബ്ദഘോഷങ്ങളില്‍ നിന്നകന്ന് കാവുകളില്‍ കഴിയുന്ന നാഗദേവതമാര്‍ വാദ്യഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. എന്ന് പഴമക്കാര്‍ പറയുന്നു. ഉത്സവനാളുകളില്‍ ശബ്ദഘോഷങ്ങളോടെയുള്ള കലാപരിപാടികള്‍ പാടില്ലായെന്ന് ക്ഷേത്രത്തില്‍ നടന്ന സ്വര്‍ണ്ണപ്രശ്നത്തിലും പറഞ്ഞിട്ടുണ്ട്.
Kadappadu