Maarana Gulikan (മാര്‍ണ ഗുളികന്‍ )

  1. Home
  2. >
  3. /
  4. Maarana Gulikan (മാര്‍ണ ഗുളികന്‍ )

Maarana Gulikan (മാര്‍ണ ഗുളികന്‍ )

About this Theyyam

മാർണഗുളികൻ ഐതിഹ്യം

*********
എഴുത്ത് :ശ്രീ മധു കിഴക്കയിൽ(oolachoot)

ശ്രീ പരമേശ്വന്റെ കോപാഗ്നിയാൽ കാലനില്ലാതായ കാലത്ത് തന്റെ നിയോഗമായ സംഹാരപ്രക്രിയ നിർവ്വഹിക്കാൻ മഹാദേവൻ സ്വന്തം പുറങ്കാലിൽ നിന്ന് ജന്മം കൊടുത്ത മൂർത്തിയാണ് ഗുളികനെന്നാണു ഐതിഹ്യം. വടക്കൻ കേരളത്തിൽ ഈ ദൈവത്തെ വിവിധ ഭാവങ്ങളിൽ
കോലം കെട്ടി ആരാധിച്ചു വരുന്നുണ്ട്. ഗുളികൻ നൂറ്റിയൊന്നു രൂപത്തിലുണ്ടെന്നാണു വിശ്വാസം.അവരിൽ വടക്ക് തുളുനാട്ടിൽ നിന്നും തെക്കോട്ടു വന്നതാണത്രെ മാർണഗുളികൻ. ഏതു കഠിനമായ മാരണങ്ങളേയും പ്രതിബന്ധങ്ങളേയും അനായാസം ഇല്ലാതാക്കുന്ന പ്രതാപശാലി ആയതുകൊണ്ടാണ് ഈ പേരു വന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
പിലിക്കോട്, കോതോളി മാരണ ഗുളികൻ ദേവസ്ഥാനത്ത് ദൈവം ആരാധിക്കപ്പെട്ടതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. തുളുനാട്ടിൽ നിന്നെത്തിയ അതിശക്തനും ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ഈ ഗുളികൻ ദൈവം ഈ പ്രദേശത്തെ പ്രതാപശാലികളായിരുന്ന നായർ തറവാട്ടിലായിരുന്നത്രെ സമാഗതനായത്. തറവാട്ടുകാരുടെ സർവ്വകാര്യങ്ങളും ഒരിടമയെപ്പോലെ ദേവൻ നിർവ്വഹിച്ചു വന്നപ്പോൾ കാലാന്തരത്തിൽ
തറവാട്ടംഗങ്ങളിൽ അഹങ്കാരം ജനിക്കുകയും അവർ ദേവനെ അവഗണിക്കുകയും ചെയ്തു. മാത്രമല്ല അവരിലാരോ ദേവനെ ആവാഹിച്ചിരുന്ന ശില ഇന്നു ദേവസ്ഥാനം സ്ഥിതി ചെയ്യുന്ന കോതോളി എന്ന കാട്ടുപ്രദേശത്ത് ഉപേക്ഷിച്ചു. കുപിതനായ ദേവൻ പ്രദേശവാസികൾക്ക് ഉപദ്രവങ്ങൾ സൃഷ്ടിച്ച് അവരെ പരീക്ഷിക്കുവാൻ തുടങ്ങി. നടന്നു പോകുന്നവരുടെ മേൽ ചക്ക വീഴ്ത്തുക, അവരെ തളളിയിടുക, വിളകൾ നശിപ്പിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളെ നാട്ടുകാർക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഒടുവിൽ
ജ്യോതിഷ ചിന്തയിൽ ഇതെല്ലാം ഭഗവദ് കോപം മൂലമാണെന്നും പരിഹാരമായി ദേവനെ പ്രതിഷ്ഠിച്ചാരാധിച്ച് കെട്ടിക്കോലം വേണമെന്നും വിധിക്കപ്പെട്ടു. അതിനെ തുടർന്ന് അനാഥമായിക്കിടന്ന ദൈവത്തെ തദ്ദേശീയരായ ചില ഭക്തന്മാർ വീണ്ടും പ്രതിഷ്ഠിച്ച് ആരാധിക്കുകയും കെട്ടിക്കാലം ആരംഭിക്കുകയും ചെയ്തു.
മാരണ ഗുളികന്റെ ശക്തി വെളിപ്പെടുത്തുന്ന നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്.
ദൈവം ഇളകൊണ്ട തറവാട്ടിലെ മന്ത്രവാദിയായ കാരണവരുടെ കഥ അതിനൊരുദാഹരണമാണ്.
ഒരിക്കൽ അദ്ദേഹം ഗുളികന്റെ ശക്തി പരീക്ഷിക്കാനും ഗുളികനെ തന്റെ
ആജ്ഞാനുവർത്തിയാക്കാനുമായി തപസ്സനുഷ്ഠിച്ച് പ്രത്യക്ഷനാക്കിയത്രെ.
എന്തു വരമാണ് വേണ്ടതെന്നു ചോദിച്ച ദൈവത്തോട് ”എനിക്കവിടുത്തെ വിശ്വരൂപം കാണണം” എന്നു പറഞ്ഞു. ഭക്തന്റെ ആവശ്യാർത്ഥം ഭൂമി മുതൽ ആകാശം വരെയുള്ള തന്റെ ബൃഹദ് രൂപം കാട്ടിയപ്പോൾ കാരണവർ പറഞ്ഞു ” ഇത്ര വലിയ രൂപം എന്നെ ഭയപ്പെടുത്തുന്നു. എനിക്കങ്ങയെ ചെറുതായി കാണണം”. അതു കേട്ട ദൈവം വളരെ ചെറിയ രൂപത്തിൽ ദർശനം നല്കിയപ്പോൾ മന്ത്രവാദിയായ കാരണവർ ദൈവത്തെ ഒരു കുടത്തിലടച്ച് കൂടെ കൊണ്ടുപോവുകയും വഴിയിൽ പുഴ കടക്കുമ്പോൾ കുടം തകർത്ത് ദേവൻ തന്റെ ശക്തി കാണിക്കുകയും ചെയ്തുവത്രെ. ദൈവകോപത്താൽ തറവാട്ടിൽ നിറയെ അനർത്ഥങ്ങളുണ്ടാവുകയും ഒടുവിൽ അവർ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ് സർവ്വവിധ പ്രായശ്ചിത്തങ്ങളും ചെയ്ത് ദേവ കോപത്തിൽ നിന്ന് രക്ഷ നേടുകയും ചെയ്തുവെന്നാണ് വാമൊഴി.
ഉത്തമ ഭക്തന്റെ ജീവിതത്തിലെ സകല മാരണങ്ങളും നീക്കി സൗഖ്യമരുളുന്ന മാരണഗുളികൻ ദൈവത്തിന്റെ തിരുരൂപത്തിനും അനുഷ്ഠാനങ്ങൾക്കും നിരവധി സവിശേഷതകളുണ്ട്. കോപ്പാള സമുദായക്കാരാണ് പിലിക്കോട് ഈ തെയ്യം കെട്ടുന്നത്.തുളു പാരമ്പര്യത്തിലുള്ള തെയ്യക്കാരാണ് കോപ്പാള സമുദായക്കാർ. അവരിലെ പ്രഗത്ഭരായ തെയ്യക്കാർക്ക് കിട്ടുന്ന പരമോന്നത ബഹുമതി
‘ പുത്തൂരാൻ ‘ എന്നറിയപ്പെടുന്നു. അതിനു താഴെയുള്ള മറ്റൊരു ബഹുമതിയാണ് ‘കലയപ്പാടി ‘.ധൂമാഭഗവതി തെയ്യം കെട്ടി പത്തുവർഷം മുമ്പ് ആചാരം നേടിയ ശ്രീ.ബാലൻ പുത്തൂരാൻ ( അദ്ദേഹത്തിന്റെ മകനായിരുന്നു ഉച്ച ഗുളികൻ കെട്ടിയ
ശ്രീ. ജയൻ നീലേശ്വരം) ശ്രീ.മനോജ്പുത്തൂരാൻ, ശ്രീ.ബാലകൃഷ്ണൻ കലയപ്പാടി, മുൻകാലങ്ങളിൽ ഇവിടെ മാരണഗുളികൻ കെട്ടിയിരുന്ന ശ്രീ.കുഞ്ഞമ്പു (അദ്ദേഹത്തിന്റെ മകനാണ് ഈ വർഷം തെയ്യം കെട്ടിയ ശ്രീ.ബിജു നീലേശ്വരം) തുടങ്ങിയ അനുഗൃഹീതരായ തെയ്യക്കാരെ ഈ കാവിൽ വച്ച് പരിചയപ്പെടാൻ കഴിഞ്ഞു. അവരായിരുന്നു അനുഭാവപൂർവ്വം കാവിനെക്കുറിച്ചും തെയ്യങ്ങളെക്കുറിച്ചും വിവരിച്ചു തന്നത്. പരിമിതമായ പ്രദേശങ്ങളിൽ തെയ്യം കെട്ടുന്നതുകൊണ്ടോ അതോ ഇവരുടെ സമുദായം ന്യൂനപക്ഷം ആയതുകൊണ്ടോ ആവാം ഇവരുടെയിടയിലെ പ്രഗത്ഭമതികളെ പൊതു സമൂഹം വേണ്ടത്ര അറിയാതെ പോകുന്നുവെന്നതാണ് യാഥാർത്ഥ്യം. ഈ ദേവസ്ഥാനത്ത് കെട്ടിയാടിയ ഉച്ച ഗുളികനും മാരണ ഗുളികനും ചെയ്ത ചെറുപ്പക്കാരായ
ശ്രീ. ജയനും ശ്രീ.ബിജുവും
പ്രതിഭാധനരായ തെയ്യക്കാരാണ്. അവരുടെ
വാചാലങ്ങളിലും നർത്തനത്തിലും കൃത്യതയാർന്ന അനുഷ്ഠാന നിർവ്വഹണത്തിലും അതു പ്രകടമാണ്. മാരണ ഗുളികന്റെ മനോഹരമായ മുഖത്തെഴുത്ത് കോലക്കാരനായ ശ്രീ. ബിജു സ്വയം ചെയ്തതായിരുന്നു.
ഉച്ച ഗുളികന് ശൂലം സമർപ്പിച്ച് തൊഴാനുള്ള നീണ്ട നിരയും മാരണഗുളികനിറങ്ങുന്ന സമയത്തെ ജനക്കൂട്ടവും കണ്ടാൽ നമുക്കറിയാം
ഈ ദൈവത്തെ നാട്ടുകാർ എത്രമാത്രം ആദരിക്കുന്നുവെന്ന്.
ഉച്ചകഴിഞ്ഞ് രണ്ടരയോടെയുള്ള മാരണഗുളികന്റെ പുറപ്പെടൽ ഒരനുഭവം തന്നെയാണ്.തുടർന്ന് ചൂട്ടുമായുള്ള തിരുനടനത്തിലെ അതിരൗദ്രഭാവവും ചടുലമായ കലാശങ്ങളും
തെയ്യത്തിന്റെ പേര് അന്വർത്ഥമാക്കുംവിധവും വിവരണാതീതവുമാണ്.
കാവിലെ ചടങ്ങുകൾ പൂർത്തിയാക്കി
രയരമംഗലത്തു ഭഗവതിയെ തൊഴുത് ദേശവാസികളെ അനുഗ്രഹിക്കാനിറങ്ങുന്ന തെയ്യം അടുത്ത ദിവസം പുലർച്ചെ മാത്രമെ കാവിൽ തിരിച്ചെത്തുകയുള്ളു.
ഒരു രാത്രി മുഴുവൻ നൂറുകണക്കിനാളുകളുടെ
ആഹ്ലാദാരവങ്ങളുടെ
അകമ്പടിയോടെ താളമേളങ്ങളുമായി
നേർച്ചകളും വഴിപാടുകളും സ്വീകരിച്ച് അനുഗ്രഹം ചൊരിയാനായി തെയ്യം ദേശസഞ്ചാരം ചെയ്യുന്നു.തുടർന്നുള്ള
കുറച്ചു ദിവസങ്ങളിലും
ഇവിടെ മാരണഗുളികന്റെ
നേർച്ച തെയ്യമുണ്ട്, ദേശസഞ്ചാരമൊഴികെയുള്ള എല്ലാ ചടങ്ങുകളോടും കൂടെ.
പിലിക്കോട് തോട്ടം സ്റ്റോപ്പിൽ നിന്ന് എതാണ്ട് 2 കി.മി. ചെന്നാൽ ഈ കാവിലെത്താം.
ഈ കാവിനെക്കുറിച്ചും കളിയാട്ടത്തെക്കുറിച്ചും വിവരം
നല്കി വ്യത്യസ്തമായ ഒരു തെയ്യം അനുഭവത്തിന് സാക്ഷ്യം വഹിക്കാൻ അവസരമൊരുക്കിയ സുഹൃത്ത് അഖിൽ പിലിക്കോടിനോടുള്ള നന്ദിയും സ്നേഹവും മനസ്സിൽ സൂക്ഷിച്ചു കൊണ്ട്


Major Temples (Kavus) where this Theyyam performed

No temples are assigned to the theyyam

Images

  • maarna gulikan (3)
  • maarna gulikan
«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning