Nagakanni or Nagakanya Theyyam (നാഗ കന്നി – നാഗ കന്യ തെയ്യം)

About this Theyyam
നാഗ കന്നി – നാഗ കന്യ തെയ്യം:
നാഗാരാധനയുടെ ഭാഗമായുള്ള തെയ്യങ്ങളില്‍ പ്രസിദ്ധമായ തെയ്യങ്ങളാണ് നാഗകന്നി, നാഗരാജന്‍, നാഗത്താന്‍, നാഗപ്പോതി മുതലായവ. മിക്കവാറും എല്ലാ കാവുകളിലും സര്പ്പരക്കാവുകള്‍ ഉള്ളതായി കാണാന്‍ കഴിയും. കയ്യത്ത് നാഗം, മുയ്യത്ത് നാഗം, ഏറുമ്പാല നാഗം, കരിപ്പാല്‍ നാഗം, എടാട്ട് നാഗം എന്നീ പ്രസിദ്ധങ്ങളായ നാഗ സങ്കേതങ്ങളിലും ചില ഗൃഹങ്ങളിലുമാണ് നാഗ ദേവതകളെ കെട്ടിയാടിക്കുന്നത്. പാല്ക്കടലിന്റെ നടുവിലുള്ള വെള്ളിമാന്‍ കല്ലിന്റെ അരികിലുള്ള മണിനാഗ മണിപ്പവിഴത്തിന്റെ സമീപത്തെ മണിനാഗപ്പുറ്റില്‍ നിന്നാണത്രെ ഈ ദേവതമാര്‍ ഉണ്ടായത്.
നാഗകണ്ടനെയും നാഗ കന്നിയെയും കെട്ടുന്നത് വണ്ണാന്മാ്രാണെങ്കില്‍ പാണന്മാറരും മുന്നൂറ്റാന്മാ്രും കെട്ടിയാടുന്ന നാഗ ദേവതകളാണ് നാഗക്കാളിയും നാഗഭഗവതിയും. ഇത് കൂടാതെ രാമവില്യം കഴകത്തില്‍ ‘നാഗത്തിന്‍ ദൈവം’ എന്നൊരു നാഗ ദേവതയെ വണ്ണാന്മാാര്‍ കെട്ടിവരുന്നു. കുറുന്തിനി പാട്ടിനു കെട്ടിയാടാറുള്ള കുറുന്തിരി ഭഗവതിയും കുറുന്തിനിക്കാമനും (നാഗക്കാമന്‍) നാഗ ദേവതകളാണ്. തെയ്യം നടക്കുന്ന ദിവസങ്ങളില്‍ സര്പ്പതബലിയും നടക്കും. സന്താന വരദായിനിയും രോഗ വിനാശിനിയുമാണത്രേ ഈ നാഗ ദേവതകള്‍.
തെയ്യങ്ങളുടെ ചമയങ്ങളില്‍ നാഗരൂപങ്ങള്ക്ക് നല്ല പ്രാധാന്യം ഉണ്ട്. നാഗപ്പോതിയുടെ മുടിക്ക് തന്നെ പേര് നാഗമുടി എന്നാണു. മറ്റ് തെയ്യങ്ങളുടെ പല ആഭരണങ്ങളിലും നാഗ രൂപാലങ്കാരങ്ങള്‍ കാണാം. കുരുത്തോടികളിലും മുഖപ്പാളികളിലും നാഗങ്ങളെ വരച്ചു വയ്ക്കുന്ന പതിവുണ്ട്. നാഗം താത്തെഴുത്ത് എന്ന പേരില്‍ ഒരു മുഖത്തെഴുത്ത് തന്നെയുണ്ടത്രേ.
അജിത് പുതിയ പുരയില്‍, ആന്തൂര്‍
നാഗകന്യക
നാഗങ്ങളെ കേന്ദ്രീകരിച്ചുള്ള ആരാധന വളരെ പുരാതനമായ ആരാധന രീതികളിൽ ഒന്നാണ്.
സന്താന സൗഭാഗ്യത്തിൻ്റെയും ഊർവ്വരതയുടെയും ദേവതയാണ് നാഗകന്യക.
ഒന്നാം കളിയാട്ടത്തിലെ പ്രധാന ദേവതയാണ് നാഗകന്യക.
നാഗലോകത്തു നിന്നും ദേവലോകത്തു നിന്നും വരവിളിച്ച് തോറ്റം ചൊല്ലി സ്തുതിച്ച് കളിയാട്ടത്തിൻ്റെ രണ്ടാം ദിവസം പുലർച്ചെ തിരുമുടി നിവരുന്നു.
കയ്യത്ത്, മുയ്യത്ത്, ഏറമ്പാല, കരിപ്പാൽ, എടാട്ട് എന്നീ നാഗസ്ഥാനങ്ങളിൽ ആരാധിക്കപ്പെടാറുണ്ടെങ്കിലും എടാട്ട് സമ്പ്രദായത്തിലെ നാഗകന്യക തെയ്യം സൗന്ദര്യം കൊണ്ടും കലാചാതുര്യം കൊണ്ടും സവിശേഷമായ കലാശങ്ങൾ കൊണ്ടും വേറിട്ട് നിൽക്കുന്നതാണ്.
പുറപ്പാട് കലാശത്തിന് ((കലാശം = തെയ്യം അരങ്ങേറി കോലക്കാരനിലൂടെ ദൈവശക്തി പ്രകടമാക്കുന്ന നൃത്തഭാവങ്ങളാണ് കലാശം)) ശേഷം ആയുധം വാങ്ങി മൂന്നു വലം വെച്ച് അസുരാട്ടം കലാശവും കുളിർമ്മക്കലാശവും വേലക്കലാശവും കഴിഞ്ഞ് നാഗക്കെട്ട് കെട്ടൽ എന്ന വളരെയധികം അനുഷ്ഠാനത്തികവ് ആവശ്യമുള്ള കലാശം നടക്കും.
ചൂട്ടുകറ്റകൊണ്ട് വൃത്തിയാക്കിയ നിലത്ത് തിരുമുടിയുടെ അറ്റത്തുള്ള തിരിയോല കൊണ്ടുണ്ടാക്കിയ അരയാക്കൊടി മുട്ടിച്ച് കാലുകൊണ്ട് നാഗക്കെട്ട് ചവിട്ടിക്കെട്ടുന്നു. നാഗക്കെട്ട് ചവിട്ടിയഴിച്ച് കിണറിൽ നോക്കി നടയിൽ വന്ന് നൂറുംപാലും കയ്യേറുന്നു. വെറ്റിലയും അടക്കയും തേങ്ങയും ഉപയോഗിച്ച് ചമനം (ലക്ഷണം) കണ്ട് കുറിയെടുക്കുന്നു.
മുടിയാട്ടത്തിനൊപ്പം പാമ്പിൻ്റെ പിണയലുകൾ പോലെയാണ് തെയ്യത്തിൻ്റെ നടനം.
കുറിയെടുത്ത ശേഷം വിശേഷ വഴിപാടായി നാഗ കന്യകയ്ക്ക് സ്ത്രീകൾ “കുടുക്കയരി” എന്നറിയപ്പെടുന്ന അരി സമർപ്പിക്കും.
അരയാലിലയുടെ ആകൃതിയിലാണ് തിരുമുടി. മുൻഭാഗത്ത് പാളയിൽ വരച്ചുണ്ടാക്കിയ പാമ്പിൻ ഫണങ്ങളും ചന്ദ്രക്കലയും കാണാം. പിൻഭാഗത്ത് പാളയിലെഴുതിയുണ്ടാക്കിയ ‘ഐന്തലമാൻ’ എന്നു പേരായ അഞ്ചു തലയുള്ള നാഗത്തെയും സ്ഥാപിക്കും.
നാഗകന്യകയുടെ മുഖത്തെഴുത്ത് “മാൻ കണ്ണും വില്ലും കുറിയും” ആണ്. ഓലക്കാതും അരിമ്പുമാലയും ചെണ്ടടത്താങ്ങിയും എയ് വരവും തെക്കനൊടയും വിതാനത്തറയും ചേരുന്നതാണ് കോലം.
തുലാഭാരത്തിന് ശേഷം ആറാടിക്കുന്ന ചടങ്ങുകളോടെ നാഗകന്യകയുടെ തിരുമുടിയഴിക്കുന്നു