Chathu Daivam (ചാത്തു ദൈവം)

  1. Home
  2. >
  3. /
  4. Chathu Daivam (ചാത്തു ദൈവം)

Chathu Daivam (ചാത്തു ദൈവം)

127_chathu theyyam2

About this Theyyam

ചാത്തു തെയ്യം
ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം

മാക്കവും മക്കളും- ഐതിഹ്യമാലയില്‍ നിന്ന്‌

മാക്കംഭഗവതിയുടെ ചരിത്രം ഉത്തരകേരളത്തില്‍ സുപ്രസിദ്ധവും സര്‍വവിദിതവുമാണെങ്കിലും ദക്ഷിണകേരളത്തില്‍ ഇതു കേട്ടിട്ടുപോലുമില്ലാത്തവര്‍ പലരുമുണ്ടെന്നാണ് അറിയുന്നത്. അതിനാല്‍ അങ്ങനെയുള്ളവരുടെ അറിവിലേക്കായി ആ കഥ ചുരുക്കത്തില്‍ പ്രസ്താവിച്ചുകൊള്ളുന്നു:
ഉത്തരകേരളത്തില്‍ സുപ്രസിദ്ധമായ ‘കടത്തനാട്ട്’ എന്ന ദേശത്തു ‘കടാങ്കോട്’ എന്നു പ്രസിദ്ധമായ ഒരു നായര്‍ഗൃഹം പണ്ടുണ്ടായിരുന്നു. ആ ഗൃഹക്കാര്‍ ധനപുഷ്ടികൊണ്ടും ആഭിജാത്യംകൊണ്ടും സ്ഥാനമാനാദികള്‍കൊണ്ടും സര്‍വമാന്യന്മാരായിരുന്നു. ആ തറവാട്ടില്‍ ഒരുകാലത്ത് ഒരു സ്ത്രീ മാത്രമായിത്തീര്‍ന്നു. ആ ഗുണവതിക്ക് ഈശ്വരപ്രസാദത്താല്‍ പന്ത്രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. ആ പുത്രിയുടെ നാമധേയം ‘മാക്കം’ എന്നായിരുന്നു.

മാക്കത്തിന് ഏകദേശം മൂന്നു വയസ്സു പ്രായമായപ്പോഴേക്കും അവളുടെ മാതാപിതാക്കള്‍ കാലദോഷത്താല്‍ കാലധര്‍മത്തെ പ്രാപിച്ചു. എങ്കിലും അവളുടെ സഹോദരന്മാര്‍ക്കു പന്ത്രണ്ടു പേര്‍ക്കും അവളെക്കുറിച്ചു വളരെ സ്‌നേഹവും വാത്സല്യവുമുണ്ടായിരുന്നതിനാല്‍ അവളെ അവര്‍ യഥായോഗ്യം വളര്‍ത്തിക്കൊണ്ടുവന്നു. അവളെ യഥാകാലം വിദ്യാഭ്യാസം ചെയ്യിക്കുകയാല്‍ അവള്‍ വളരെ വിദുഷിയും സല്‍ഗുണസമ്പന്നയുമായിത്തീര്‍ന്നു. മാക്കത്തിന്റെ താലികെട്ടുകല്യാണം സഹോദരന്മാര്‍ വളരെ കേമമായി ആഘോഷപൂര്‍വം നടത്തിച്ചു.

മാക്കം കാലക്രമേണ കൗമാരകാലത്തെ വിട്ടു നവയൗവനദശയെ പ്രാപിച്ചു. സര്‍വാംഗസുന്ദരിയായിരുന്ന അവള്‍ക്കു യൗവനംകൂടി വന്നപ്പോഴേക്കും ആകൃതികൊണ്ടും പ്രകൃതികൊണ്ടും മാക്കത്തിനു തുല്യമായിട്ട് ഒരു കന്യക ത്രൈലോക്യത്തിലെങ്ങുംതന്നെ ഇല്ലെന്നു സര്‍വജനങ്ങളും ഒരുപോലെ പറഞ്ഞുതുടങ്ങി. മാക്കത്തിന്റെ സൗന്ദര്യം, സൗശീല്യം, വൈദുഷ്യം, വൈദഗ്ധ്യം, ഈശ്വരഭക്തി, നിഷ്‌കാപട്യം മുതലായ സല്‍ഗുണങ്ങളെക്കുറിച്ചു പുകഴ്ത്താത്തവരായി ലോകത്തില്‍ ആരുംതന്നെ ഇല്ലെന്നായിത്തീര്‍ന്നു.

ഇതിനിടയ്ക്കു മാക്കത്തിന്റെ സഹോദരന്മാര്‍ പന്ത്രണ്ടുപേരും സുന്ദരിമാരായ ഓരോ സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കുകയും തറവാട്ടില്‍ത്തന്നെ കൊണ്ടുവന്നു താമസിപ്പിച്ചുതുടങ്ങുകയും മാക്കത്തിനു സര്‍വപ്രകാരണേയും അനുരൂപനായ ഒരു ഭര്‍ത്താവ് ഉണ്ടായിത്തീരുകയും ചെയ്തു. ആ മനുഷ്യന്‍ ‘ഇളംകൂറ്റില്‍ത്തറവാട്ടില്‍ നമ്പ്യാര്‍’ എന്നു പ്രസിദ്ധനായ പുരുഷശ്രേഷ്ഠനായിരുന്നു. ഇദ്ദേഹത്തെപ്പോലെ സകല യോഗ്യതകളും തികഞ്ഞ ഒരു പുരുഷന്‍ അക്കാലത്തു വടക്കേ മലയാളത്തിലുണ്ടായിരുന്നില്ല. ഈ പുരുഷരത്‌നം അവളില്‍ വന്നുചേര്‍ന്നത് അവളുടെ ഭാഗ്യംകൊണ്ടും അവള്‍ ബാല്യംമുതല്‍ ഭക്തിപൂര്‍വം സേവിച്ചുകൊണ്ടിരുന്ന ‘ലോകമലയാര്‍ കാവില്‍’ ഭഗവതിയുടെ കാരുണ്യംകൊണ്ടുമായിരുന്നു. ആ കാവ് കടത്തനാട്ടു രാജസ്വരൂപം വകയാണെങ്കിലും മാക്കം ആ ഭഗവതിയെ സേവിച്ചു വശംവദയാക്കിത്തീര്‍ത്തിരുന്നു. ദേവി ഭക്തവത്സലയും ഭക്താഭീഷ്ടപ്രദയുമാണല്ലോ.

മാക്കം നല്ല പിടിപ്പും പഠിപ്പും ശേഷിയും കാര്യവിവരവുമുള്ള കൂട്ടത്തിലായിരുന്നതിനാല്‍ അവളുടെ സഹോദരന്മാര്‍ തറവാട്ടിലെ സകല വരവുചെലവുകളുടെയും കണക്കുകള്‍ അവളെയും ബോധ്യപ്പെടുത്തിവന്നിരുന്നു. എന്നു മാത്രമല്ല, മാക്കത്തിന്റെ സമ്മതംകൂടാതെ അവര്‍ ഒരു കാശുപോലും ചെലവു ചെയ്യാറുമില്ലായിരുന്നു. അതിനാല്‍ ആ പുരുഷന്മാരുടെ ഭാര്യമാര്‍ക്കു മാക്കത്തോടു വളരെ അസൂയയും വൈരവുമുണ്ടായിത്തീര്‍ന്നു. കടാങ്കോട്ടുതറവാട് വളരെ മുതലുള്ളതായിരുന്നതിനാല്‍ അവിടെനിന്നു ക്രമത്തിലധികമായ സമ്പാദ്യമുണ്ടാക്കാമെന്നായിരുന്നു ആ സ്ത്രീകളുടെ വിചാരം. മാക്കംനിമിത്തം അവരുടെ ആ അത്യാഗ്രഹം പൂര്‍ണമായി സാധിച്ചിരുന്നില്ല. എന്നാല്‍ അവര്‍ക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെയിരിക്കത്തക്കവണ്ണം വേണ്ടതൊക്കെ ധാരാളമായി കൊടുക്കുന്നതിനു മാക്കം അനുവദിക്കുകയും അവരുടെ ഭര്‍ത്താക്കന്മാര്‍ അവര്‍ക്കു കൊടുക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഭര്‍ത്താക്കന്മാരുടെ കാലം കഴിഞ്ഞാലും അവര്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും ഒട്ടും ബുദ്ധിമുട്ടുകൂടാതെ നിത്യവൃത്തി കഴിച്ചുകൂട്ടുവാന്‍ തക്കവണ്ണമുള്ള മുതല്‍ അവര്‍ സമ്പാദിക്കുകയും ചെയ്തിരുന്നു. എങ്കിലും ആ സ്ത്രീകള്‍ക്ക് അതൊന്നുകൊണ്ടും തൃപ്തിയായില്ല. ‘തനിക്കുതാന്‍ പോന്ന മഹത്തുക്കള്‍ക്കും ധനത്തിലുള്ളാഗ്രഹമല്‍പ്പമല്ല’ എന്നുണ്ടല്ലോ. എന്നാല്‍ തങ്ങള്‍ക്ക് ആഗ്രഹത്തിനു തക്കവണ്ണമുള്ള സമ്പാദ്യമുണ്ടാകാഞ്ഞിട്ടല്ല, അളവില്ലാതെയുള്ള ധനത്തിന്മേല്‍ മാക്കത്തിന് അവകാശവും അധികാരവും സിദ്ധിച്ചതുകൊണ്ടാണ് ആ സ്ത്രീകള്‍ക്കു സങ്കടമുണ്ടായത്. അതിനാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു മാക്കത്തോട് ഏതു വിധവും വിരോധമുണ്ടാക്കിത്തീര്‍ക്കണമെന്നു നിശ്ചയിച്ചുകൊണ്ട് ആ പുരുഷന്മാരുടെ അടുക്കല്‍ അടുത്തുകൂടി സദാ ‘തലേണമന്ത്രം’ ഉരുക്കഴിച്ചുകൊണ്ടിരുന്നു. മരുമക്കത്തായകുടുംബങ്ങളിലെ നാത്തൂന്‍പോരും നാത്തൂന്മാരുടെ തലയണമന്ത്രവും ‘ അമ്മായിപ്പഞ്ചതന്ത്രം’ പോലെതന്നെ പ്രസിദ്ധങ്ങളാണല്ലോ. എന്നാല്‍ മാക്കത്തിന്റെ പന്ത്രണ്ടാമത്തെ സഹോദരനായ രാമന്‍നമ്പ്യാരുടെ ഭാര്യയായ ‘പുരാണി’ എന്ന സ്ത്രീ സുശീലയും മറ്റവരെപ്പോലെ അത്യാഗ്രവും ദുഷ്ടതയും അസൂയയുമില്ലാത്ത മാക്കത്തെക്കുറിച്ച് സ്‌നേഹവും വാത്സല്യവുമുള്ളവളുമായിരുന്നതിനാല്‍ അവള്‍ തലയണമന്ത്രം ജപിക്കാനും മറ്റും കൂടിയില്ല. ഒരു സമയം അവള്‍ മന്ത്രം ജപിക്കാനും മന്ത്രം പ്രയോഗിക്കാനും മറ്റും തുനിഞ്ഞിരുന്നുവെങ്കിലും അതൊന്നും രാമന്‍നമ്പ്യാരുടെ അടുക്കല്‍ ഫലിക്കുകയുമില്ലായിരുന്നു. എന്തുകൊണ്ടെന്നാല്‍ രാമന്‍നമ്പ്യാര്‍ക്കു മാക്കത്തെക്കുറിച്ച് മൂത്ത സഹോദരന്മാര്‍ പതിനൊന്നുപേരെക്കാളധികം സ്‌നേഹവും വാത്സല്യവും വിശ്വാസവുമുണ്ടായിരുന്നു. മാക്കത്തെക്കുറിച്ച് ആരെല്ലാം എന്തെല്ലാം ഏഷണി പറഞ്ഞാലും ആ മനുഷ്യന്‍ ഒരിക്കലും വിശ്വസിക്കയില്ലായിരുന്നു. എന്നാല്‍ പുരാണി ഏഷണി പറയാനും മറ്റും പോകാത്തത് അതുകൊണ്ടൊന്നുമല്ലായിരുന്നു. ആ സ്ത്രീക്കു മാക്കത്തെക്കുറിച്ചു സീമാതീതമായ സ്‌നേഹമുണ്ടായിരുന്നതുകൊണ്ടുതന്നെയാണ്. പിന്നെ അവള്‍ പ്രകൃത്യാ സുശീലയുമായിരുന്നല്ലോ. ജ്യേഷ്ഠത്തിമാര്‍ പതിനൊന്നുപേരും സദാ മാക്കത്തെ ദുഷിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടാണിരുന്നത്. എന്നാല്‍ പുരാണി അതു കേള്‍ക്കുമ്പോഴൊക്കെ ജ്യേഷ്ഠത്തിമാരോട് എതിര്‍ത്തു പറഞ്ഞുകൊണ്ടുമിരുന്നു. അതിനാല്‍ അവര്‍ക്കു പതിനൊന്നു പേര്‍ക്കും ക്രമേണ പുരാണിയെക്കുറിച്ചും ഒട്ടും രസമില്ലാതെയായിത്തീര്‍ന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ടിരുന്നിട്ടും മാക്കം ആ നാത്തൂന്മാര്‍ക്കു വിരോധമായിട്ടു യാതൊന്നും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നില്ല. ‘ഉപകാരപ്രധാനസ്സ്യാദപകാരപരേപ്യരൗ’ എന്നാണല്ലോ പ്രമാണം.

സല്‍ഗുണവതിയായ മാക്കത്തിനു ഭര്‍ത്താവുണ്ടായിട്ട് അധികം താമസിയാതെതന്നെ അവള്‍ ഗര്‍ഭം ധരിക്കുകയും യഥാകാലം പ്രസവിച്ച് ഒരു ആണ്‍കുട്ടിയുണ്ടാവുകയും ചെയ്തു. അപ്പോള്‍ നാത്തൂന്മാര്‍ക്കു പതിനൊന്നുപേര്‍ക്കും അവളോടുള്ള അസൂയയും വൈരവും പൂര്‍വാധികം വര്‍ദ്ധിച്ചു എങ്കിലും സഹോദരന്മാര്‍ക്കും ഭര്‍ത്താവിന്നും പുരാണിക്കും മാക്കത്തെക്കുറിച്ചുള്ള സ്‌നേഹവും സന്തോഷവുമാണ് അപ്പോള്‍ വര്‍ധിച്ചത്. അതിനാല്‍ നാത്തൂന്മാര്‍ അവരുടെ തലയണമന്ത്രം അക്ഷരലക്ഷം വീതം ജപിച്ചിട്ടും യാതൊരു ഫലസിദ്ധിയുമുണ്ടായില്ല. പ്രകൃത്യാ നിര്‍ദോഷവാന്മാരായ ആ പുരുഷന്മാര്‍ തങ്ങളുടെ ഭാഗിനേയനു യഥാകാലം ‘ചാത്തു’ എന്നു പേരിടുകയും അന്നപ്രാശനമടിയന്തരം സാഘോഷം കെങ്കേമമായി നടത്തുകയും ആ കുട്ടിയെ യഥായോഗ്യം വളര്‍ത്തിപ്പോരികയും ചെയ്തു. അനന്തരം മാക്കം പ്രസവിച്ച് ഒരു പെണ്‍കുട്ടിയുണ്ടായാല്‍ കൊള്ളാമെന്നുള്ള ആഗ്രഹം ക്രമത്തിലധികം വര്‍ധിക്കുകയാല്‍ അവളുടെ സഹോദരന്മാര്‍ അതിനായി സംഖ്യയില്ലാതെ ധനവ്യയം ചെയ്ത് അനവധി സത്കര്‍മങ്ങള്‍ നടത്തി. അതൊക്കെക്കൊണ്ടു നാത്തൂന്മാര്‍ക്ക് അസൂയ പ്രതിദിനം വര്‍ധിച്ചുകൊണ്ടിരുന്നു. എങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാനും ചെയ്യിക്കാനും സാധിക്കായ്കയാല്‍ എല്ലാം സഹിക്കുകതന്നെ ചെയ്തു.

ആരെല്ലാം എന്തെല്ലാം വിചാരിച്ചാലും എത്രമാത്രം അസൂയപ്പെട്ടാലും ‘സുലഭ മഹോ! ഗുണികള്‍ക്കു വാഞ്ചിതാര്‍ഥം’ എന്നുള്ളതിനു വ്യത്യാസം വരുന്നതല്ലല്ലോ. മാക്കം രണ്ടാമതും ഗര്‍ഭം ധരിക്കുകയും യഥാകാലം ഒരു പെണ്‍കുട്ടിയെ പ്രസവിക്കുകയും ചെയ്തു. അപ്പോള്‍ നാത്തൂന്മാരുടെ അസൂയ പരമകാഷ്ഠയെ പ്രാപിച്ചു. മാക്കത്തിന്റെ സഹോദരന്മാരുടെ സന്തോഷവും അങ്ങനെതന്നെ. അവര്‍ തങ്ങളുടെ ഭാഗിനേയിക്കു യഥാകാലം ‘ചീരു’ എന്നു പേരിടുകയും ചോറൂണിനു കെങ്കേമമായി വട്ടംകൂട്ടുകയും ചെയ്തു. അവര്‍ ഭാഗിനേയന്റെ ചോറൂണടിയന്തരത്തിനേക്കാള്‍ ഇതു കേമമാക്കണമെന്നു വിചാരിച്ച് അതിനു തക്കവണ്ണമാണ് ഇതിനു വട്ടംകൂട്ടിയത്.

ചോറൂണിനു പെണ്‍കുട്ടിയെ അണിയിക്കുന്നതിന് അവര്‍ ഉണ്ടാക്കിച്ച സ്വര്‍ണാഭരണങ്ങളും ആണ്‍കുട്ടിക്കുണ്ടാക്കിച്ചതില്‍ വളരെ അധികമായിരുന്നു.

ചോറൂണടിയന്തരത്തിനു ക്ഷണിക്കപ്പെട്ടവരായിട്ടും അങ്ങനെയല്ലാതെയും അസംഖ്യമാളുകള്‍ ആ വീട്ടില്‍ വന്നുകൂടുകയും മുഹൂര്‍ത്തസമയത്തു ചോറു കൊടുക്കുകയെന്നുമുള്ള ക്രിയ യഥായോഗ്യം നടത്തുകയും ചെയ്തു. പിന്നെ സദ്യയ്ക്ക് ഇലവെക്കാനുള്ള ആരംഭമായി.
ഇതിനിടയ്ക്കു നാത്തൂന്മാര്‍ പതിനൊന്നുപേരും അസൂയ സഹിക്കവയ്യാതെയായിട്ട് ഒരു വിജനസ്ഥലത്തു കൂടിയിരുന്ന് ഒരാലോചന നടത്തി.

ഒന്നാമത്തവള്‍: ഇതെല്ലാം കണ്ടും കേട്ടും അറിഞ്ഞും വ്യസനിച്ചുകൊണ്ട് ഇവിടെയിരിക്കുന്നതിനെക്കാള്‍ നല്ലതു നമുക്കു വല്ല സ്ഥലത്തും പോയി മരിക്കുകതന്നയാണ്.

രണ്ടാമത്തവള്‍: നമ്മളെന്തിനാണു മരിക്കുന്നത്? നമുക്ക് ഈ സങ്കടമൊക്കെ ഉണ്ടാക്കിത്തീര്‍ക്കുന്നതു മാക്കമൊരുത്തിയാണ്. അതിനാല്‍ ഏതു വിധവും അവളെ കൊല്ലാന്‍ നോക്കുകയാണ് വേണ്ടത്. അവളുടെ കഥകഴിഞ്ഞാല്‍പ്പിന്നെ സകല കാര്യങ്ങളും നമ്മള്‍ വിചാരിക്കുന്നതുപോലെ ഇവിടെ നടക്കും. പിന്നെ നമുക്ക് ഒരിക്കലും ഒന്നുകൊണ്ടും വ്യസനിക്കേണ്ടതായി വരികയില്ല.
മൂന്നാമത്തവള്‍: അതൊക്കെ ശരിതന്നെ. പക്ഷേ, അവളെക്കൊല്ലാന്‍ കൗശലമൊന്നുമില്ലല്ലോ.

നാലാമത്തവള്‍: കൗശലമില്ലായ്കയൊന്നുമില്ല. എനിക്കൊരു നല്ല കൗശലം തോന്നുന്നുണ്ട്. അതു ചെയ്താല്‍ മതി.
അഞ്ചാമത്തവള്‍: എന്നാല്‍ അതെന്താണെന്നുകൂടി പറയൂ. കേള്‍ക്കട്ടെ.
നാലാമത്തവള്‍: അതു പറയാം. നമ്മുടെ അടുക്കളക്കാരന്‍ ചാപ്പനെ വിളിച്ചു മാക്കത്തിനു ചോറു വിളമ്പിക്കൊടുക്കുമ്പോള്‍ അതില്‍ വിഷം ചേര്‍ത്തു കൊടുക്കണമെന്നു സ്വകാര്യമായി പറഞ്ഞു ചട്ടംകെട്ടണം. എന്തെങ്കിലും വിഷദ്രവ്യം അവന്റെ കൈയില്‍ കൊടുത്തയയ്ക്കുകയും വേണം. എന്നാല്‍ കാര്യം പറ്റും.
ആറാമത്തവള്‍: ഇതു കാര്യം കൊള്ളാം. നല്ല കൗശലമാണ്. പക്ഷേ, അവനു വല്ലതും കൊടുക്കാതെ അവനങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ല.
എട്ടാമത്തവള്‍: അതു ശരിയാണ്. അവനു വല്ലതും കൊടുക്കണം.
ഒമ്പതാമത്തവള്‍: കൊടുക്കണം. കൊടുത്താലെന്താണ്? നമുക്ക് ഉപദ്രവം തീരുമല്ലോ.
പത്താമത്തവള്‍: എന്റെ വീതത്തിനു നൂറുറുപ്പിക കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. അങ്ങനെ നമ്മളെല്ലാവരും കൊടുക്കണം. അപ്പോള്‍ ആയിരത്തി ഒരുനൂറു ഉറുപ്പികയാവും. അത്രയും കൊടുത്താല്‍ അവന്‍ നിശ്ചയമായിട്ടും അങ്ങനെ ചെയ്യും. ഇനി വിഷം വേണമല്ലോ, അതിനെന്താ കൗശലം?

പതിനൊന്നാമത്തവള്‍: അതിനെക്കുറിച്ചു നിങ്ങളാരും വിചാരപ്പെടേണ്ട. എന്റെ കൈവശം ഒരു ദ്രാവകമിരിക്കുന്നുണ്ട്. ആയിരം പേരെ കൊല്ലാന്‍ അതില്‍ ഒരു തുള്ളിതന്നെ തികച്ചും വേണ്ട.

‘എന്നാല്‍ അങ്ങനെതന്നെ’ എന്ന് അവരെല്ലാവരുംകൂടി പറഞ്ഞുറപ്പിച്ചു. പിന്നെ അവര്‍ ചാപ്പനെ വിളിച്ച് സ്വകാര്യമായിട്ട് ഇതു പറഞ്ഞു. അതു കേട്ടു ചാപ്പന്‍ ചെവി പൊത്തിക്കൊണ്ട് ‘അയ്യോ! ശിവ! മഹാപാപം. ഇതു ഞാന്‍ ഒരിക്കലും ചെയ്യുകയില്ല. ആയിരത്തി ഒരുനൂറല്ല, പതിനായിരമായാലും ഈ കാര്യം എന്നാല്‍ സാധ്യമല്ല’ എന്നു പറഞ്ഞു. അപ്പോള്‍ ആ സ്ത്രീകള്‍ ‘എന്നാല്‍ അതു വേണ്ട. ഈ വിഷദ്രവ്യം ചേര്‍ത്തു ഞങ്ങള്‍ക്ക് ചോറില്‍ വിളമ്പിത്തന്നാലും മതി. അതിനു നിനക്കെന്താ വിഷമം? ഇതു ഞങ്ങള്‍തന്നെ പറഞ്ഞിട്ടാണല്ലോ. എന്നാല്‍ അതിനെക്കുറിച്ചു ചോദ്യമുണ്ടാകുമ്പോള്‍ വിഷം മാക്കം തന്നു ഞങ്ങള്‍ക്കു തരുവിച്ചതാണെന്നുപറഞ്ഞേക്കണം. നീ അതുമാത്രം ചെയ്താല്‍ മതി. നിനക്കു തരാമെന്നു പറഞ്ഞിട്ടുള്ള സംഖ്യ ഞങ്ങള്‍ തരികയും ചെയ്യാം’ എന്നു പറഞ്ഞു. അതിനും ചാപ്പനു നല്ല സമ്മതമില്ലായിരുന്നു. എങ്കിലും ആ സ്ത്രീകളുടെ നിര്‍ബന്ധം നിമിത്തം ഒടുക്കം അങ്ങനെ ചെയ്യാമെന്നു സമ്മതിച്ച് അവന്‍ പോയി.

അപ്പോഴേക്കും അവിടെ സദ്യയുടെ തിടുക്കമായിക്കഴിഞ്ഞു. ഈ പതിനൊന്നു സ്ത്രീകള്‍ പ്രത്യേകമൊരു സ്ഥലത്താണ് ഉണ്ണാനിരുന്നത്. വിളമ്പുകാര്‍ ഓരോ പദാര്‍ഥങ്ങള്‍ മുറയ്ക്കു വിളമ്പിവന്ന കൂട്ടത്തില്‍ ഇവര്‍ക്കും വിളമ്പി. ഉടനെ ചാപ്പന്‍ ഇവര്‍ക്കു ചോറും കൊണ്ടുവന്നു വിളമ്പി. അപ്പോള്‍ അവരില്‍ ഒരു സ്ത്രീ (ഒന്നും അറിഞ്ഞിട്ടില്ലാത്ത ഭാവത്തില്‍) ചോറു തൊട്ടുനോക്കീട്ട് ‘അയ്യോ, ഈ ചോറെന്താണ് ഇങ്ങനെയിരിക്കുന്നത്? ഇതില്‍ വിഷം ചേര്‍ന്നിട്ടുണ്ടെന്നു തോന്നുന്നുവല്ലോ’ എന്നു പറഞ്ഞു. അപ്പോള്‍ ശേഷമുള്ളവരും ചോറു തൊട്ടുനോക്കീട്ട്, ‘ശരിയാണ്, ഈ ചോറു വിഷം ചേര്‍ന്നതുതന്നെ, സന്ദേഹമില്ല’ എന്നു പറഞ്ഞു. പിന്നെ അവര്‍ ‘ചാപ്പനിതാ ആളെക്കൊല്ലാന്‍ ചോറ് വിഷം ചേര്‍ത്തു വിളമ്പിയിരിക്കുന്നു’ എന്നു പറഞ്ഞു ബഹളം കൂട്ടി. അതു കേട്ട് അവരുടെ ഭര്‍ത്താക്കന്മാര്‍ അവിടെയെത്തി ചില പരിശോധനകള്‍ കഴിച്ചപ്പോള്‍ ആ ചോറു വിഷം ചേര്‍ന്നതുതന്നെയെന്നു ബോധ്യപ്പെടുകയാല്‍ അവര്‍ ചാപ്പനെ വിളിച്ചു ചോദ്യം തുടങ്ങി. ചാപ്പന്‍ ഒന്നും മിണ്ടാതെ നില്‍ക്കുകയാല്‍ അവര്‍ അവനെപ്പിടിച്ചു പ്രഹരിച്ചുതുടങ്ങി. തല്ലുകൊണ്ടു വേദന സഹിക്കവയ്യാതെയായപ്പോള്‍ ചാപ്പന്‍, ‘ഈ വിഷം ജ്യേഷ്ഠത്തിയമ്മമാര്‍ക്കു ചോറ്റില്‍ ചേര്‍ത്തു കൊടുക്കണമെന്നു പറഞ്ഞു ചെറിയമ്മ (വടക്കേ മലയാളത്തിലുള്ള മാന്യകുടുംബങ്ങളിലെ സ്ത്രീകളെ ഭൃത്യന്മാര്‍ ‘ചെറിയമ്മ’ എന്നോ ‘കുഞ്ഞിയമ്മ’ എന്നോ ആണു പറയുക പതിവ്) തന്നതാണ്. അതുകൊണ്ടു ഞാന്‍ ഇങ്ങനെ കൊടുത്തതാണ്’ എന്ന് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു. ജനങ്ങള്‍ ഇതു കേട്ട് അത്ഭുതപ്പെടുകയും വ്യസനിക്കുകയും ചെയ്തു. ‘മാക്കം ഇങ്ങനെ ചെയ്യുമോ?’ എന്നു ചിലരും ‘ഓഹോ, അവള്‍ ഇതും ഇതിലപ്പുറവും ചെയ്യും’ എന്നു മറ്റു ചിലരും ‘അംഗനാജനത്തോളം ദുര്‍ബുദ്ധി മറ്റാര്‍ക്കുള്ളൂ?’ എന്നു വേറെ ചിലരും ഓരോരുത്തര്‍ ഓരോ വിധം പറഞ്ഞുതുടങ്ങി. ഇതൊക്കെ കേട്ടപ്പോള്‍ മാക്കത്തിനു വ്യസനം ദുസ്സഹമായിത്തീര്‍ന്നു. ‘സത്യസ്വരൂപനായ ഈശ്വരനു പരമാര്‍ഥമറിയാമല്ലോ. സര്‍വസാക്ഷിയായ സകലേശ്വരന്‍തന്നെ ഇതിനു സമാധാനമുണ്ടാക്കിക്കൊള്ളും’ എന്ന് അവള്‍ ആദ്യം വിചാരിച്ചു. പിന്നെ ഇവിടെ ഞാനൊന്നും മിണ്ടാതെയിരുന്നാല്‍ ജനങ്ങള്‍ക്കു തെറ്റിദ്ധാരണയുണ്ടാകും. അതുകൊണ്ട് എന്റെ പരമാര്‍ഥം ഞാന്‍തന്നെ പറയുകയാണ് ഇവിടെ വേണ്ടത്’ എന്നു രണ്ടാമതു തീര്‍ച്ചപ്പെടുത്തിക്കൊണ്ടു മാക്കം തന്റെ രണ്ടു കുട്ടികളോടുകൂടി ഇറങ്ങിച്ചെന്ന് ആ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട്, ‘ഈ സംഗതിയില്‍ ഞാന്‍ യാതൊന്നും അറിഞ്ഞിട്ടില്ലെന്നുള്ള പരമാര്‍ഥം സത്യസ്വരൂപിണിയായ ലോകമലയാര്‍കാവിലമ്മയ്ക്കറിയാം. ഇതില്‍ സ്വല്‍പ്പമെങ്കിലും വല്ലതും ഞാനറിഞ്ഞിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ എന്റെയും ഈ ഓമനക്കുട്ടികളുടെയും തല പൊട്ടിത്തെറിക്കട്ടെ. അല്ലെങ്കില്‍ ഇതു ചെയ്തവര്‍ക്ക് അതിന്റെ ഫലം ആ സര്‍വേശ്വരി കാണിച്ചുകൊടുക്കട്ടെ’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഈ സമയം ചാപ്പന്‍ ഒരു ഭ്രാന്തനെപ്പോലെ തുള്ളിച്ചാടി ആ സ്ഥലത്തു ചെന്ന് ‘ഇതു സത്യം, ഇതു സത്യം, ഞാന്‍ കള്ളം ചെയ്തു. ഞാന്‍ കള്ളം ചെയ്തു. ഞാന്‍ വ്യാജം പറഞ്ഞു. ഞാന്‍ വ്യാജം പറഞ്ഞു. അയ്യോ! എനിക്കു പേടിയാവുന്നേ. ഇതാ, ദംഷ്ട്രങ്ങളും കടിച്ചു കണ്ണുകളുമുരുട്ടി ഒരു ഭയങ്കര സ്വരൂപം എന്റെ നേരെ വരുന്നു. ഞാനിപ്പോള്‍ ചാവും. ഇപ്പോള്‍ ചാവും’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് അവിടെ വീണു. ഉടനെ അവന്‍ രക്തം വമിച്ചു മരിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടും കേട്ടും ഭയാത്ഭുതപാരവശ്യത്തോടുകൂടി ജനങ്ങളെല്ലാവരും പിരിഞ്ഞുപോയി. അപ്പോള്‍ ആ ചേട്ടകളായ ചേട്ടത്തിയമ്മമാര്‍ ഏറ്റവും ഭയവിഹ്വലകളായിത്തീര്‍ന്നു. എങ്കിലും ചാപ്പന്‍ തങ്ങള്‍ ചെയ്തതൊന്നും വിളിച്ചുപറഞ്ഞില്ലല്ലോ. അതു ഭാഗ്യം എന്നു വിചാരിച്ച് അവര്‍ സമാധാനപ്പെട്ടു. പിന്നെയും വിഷണ്ണയായിത്തന്നെ ഇരുന്ന മാക്കത്തെ രാമന്‍നമ്പ്യാരും പുരാണിയും കൂടി സാന്ത്വനോക്തികള്‍കൊണ്ടു സമാധാനപ്പെടുത്തുകയും ചെയ്തു.

അനന്തരം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതിന്റെ ശേഷം ഒരു ദിവസം, മുമ്പ് ആട്ടാന്‍ കൊടുത്തിരുന്ന എള്ളാട്ടിയ എണ്ണയുംകൊണ്ട് ഒരു വാണിയന്‍ കടാങ്കോട്ടു ചെന്നിരുന്നു. ആ സമയം ആ തറവാട്ടിലെ പുരുഷന്മാര്‍ പന്ത്രണ്ടു പേരും നായാട്ടിനും അവരുടെ ഭാര്യമാരില്‍ പുരാണി എന്തോ ഗൃഹജോലിക്കും, ശേഷം പതിനൊന്നു പേരും കുളിക്കാനും മാക്കത്തിന്റെ ഭര്‍ത്താവ് കൃഷിസ്ഥലത്തേക്കും പോയിരിക്കുകയായിരുന്നു. മാക്കം ഋതുവായിരിക്കുകയായിരുന്നു. അതിനാല്‍ മാക്കം വാണിയനോട് ‘എണ്ണ അളന്നെടുക്കുന്നതിനും നിനക്ക് ആട്ടുകൂലി തരുന്നതിനും ഇപ്പോള്‍ സൗകര്യമില്ല. ഞാന്‍ തീണ്ടാരിയായിരിക്കുകയാണ്. നാളെ ഞാന്‍ കുളിക്കും. അതുകൊണ്ടു നാളെ വന്നാല്‍ എണ്ണ അളന്നെടുക്കുകയും നിനക്കു കൂലി തരികയും ചെയ്യാം. എണ്ണ ആ പാത്രത്തില്‍ത്തന്നെ ഇവിടെയിരിക്കട്ടെ. നീ പുറത്ത് ആ വരാന്തയില്‍ നിന്നുകൊണ്ട് എണ്ണപ്പാത്രം അകത്തേക്കു വെച്ചിട്ട് ഇപ്പോള്‍ പോവുക’ എന്നു പറഞ്ഞു.

അവന്‍ അപ്രകാരം വരാന്തയില്‍ നിന്നുകൊണ്ട് എണ്ണപ്പാത്രം അകത്തേക്കു വെച്ചിട്ടു മുറ്റത്തേക്കിറങ്ങി. കുളിക്കാന്‍ പോയിരുന്ന നാത്തൂന്മാര്‍ കുളി കഴിഞ്ഞു മടങ്ങിവന്നു വരാന്തയിലേക്കു കയറുകയും വാണിയന്‍ മുറ്റത്തേക്കിറങ്ങുകയും ചെയ്തത് ഒരേ സമയത്തായിരുന്നു. വാണിയന്‍ ഇറങ്ങിപ്പോകുന്നതു കണ്ടിട്ട് ആ സ്ത്രീകള്‍ മാക്കത്തെ വളരെ ശകാരിച്ചു. ‘എടീ കുലടേ! നിന്റെ കള്ളത്തരമൊക്കെ ഞങ്ങളറിഞ്ഞു. നിനക്ക് ഒരു ഭര്‍ത്താവുണ്ടല്ലോ. പിന്നെ ഈ വാണിയനുംകൂടി വേണമോ? തീണ്ടലും തീണ്ടാരിയും വര്‍ജിക്കാത്ത നിനക്കു രാവും പകലും ഒന്നുപോലെയായത് അത്ഭുതമല്ല. നീ ഈ മാന്യതറവാട്ടേക്കും കളങ്കമുണ്ടാക്കാനായി ജനിച്ചവളാണ്. നിന്റെ സഹോദരന്മാര്‍ വരട്ടെ. നിന്റെ ഈ ദുഷ്‌കൃത്യങ്ങളെ നിര്‍ത്താന്‍ അവര്‍ വിചാരിച്ചാല്‍ കഴിയുമോ എന്നു ഞങ്ങള്‍ക്കറിയണം. തറവാടുകളിലുള്ള സ്ത്രീകള്‍ ഇങ്ങനെ തുടങ്ങിയാല്‍ കുടുംബം മുടിഞ്ഞുപോകുമല്ലോ. ഈ പുംശ്ചലി സഹോദരന്മാര്‍ക്കും നല്ല വരുമാനമാണുണ്ടാക്കിവെക്കുന്നത്, ഇവള്‍ ഇങ്ങനെ തുടങ്ങിയാല്‍ അവര്‍ പുറത്തിറങ്ങി നടക്കുന്നതെങ്ങനെയാണ്? അവര്‍ക്ക് അന്യന്മാരുടെ മുഖത്തു നോക്കാന്‍ നാണമാകുമല്ലോ എന്നും മറ്റും പറഞ്ഞാണ് അവര്‍ മാക്കത്തെ ശകാരിച്ചത്. ഇതു കേട്ട് പുരാണി അവിടെയെത്തി ചെവികള്‍ പൊത്തിക്കൊണ്ട്, ‘അയ്യോ, ശിവശിവ! ഇതു മഹാപാപമാണ്. നിഷ്‌കളങ്കയായ ഈ പതിവ്രതാരത്‌നത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞാല്‍ നിങ്ങളുടെ നാവു പുഴുക്കും. സര്‍വസാക്ഷിയായിട്ട് ഒരീശ്വരനുണ്ടെന്നു നിങ്ങള്‍ വിചാരിക്കാത്തതു കഷ്ടമാണ്’ എന്നു പറഞ്ഞു. അതു കേട്ട് ആ ചേട്ടത്തിയമ്മമാര്‍ പുരാണിയെയും ഒട്ടുവളരെ ശകാരിച്ചു. അപ്പോള്‍ മാക്കം പുരാണിയോടായിട്ടു പറഞ്ഞു: ‘ജ്യേഷ്ഠത്തിയമ്മ മിണ്ടാതെയിരിക്കണം. അവര്‍ എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ. എനിക്ക് അതുകൊണ്ട് ഒരു ദോഷവുമുണ്ടാവുകയില്ല. ലോകമലയാര്‍കാവില്‍ ഭഗവതിതന്നെ ഇതിനൊക്കെ ഉത്തരം പറഞ്ഞുകൊള്ളും.’ ഇതു കേട്ട് പുരാണി അടുക്കളയിലേക്കും മറ്റവര്‍ അവരുടെ ഇരിപ്പിടങ്ങളിലേക്കും പോയി.

പിന്നെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാക്കത്തിന്റെ സഹോദരന്മാര്‍ നായാട്ടു കഴിഞ്ഞ് മടങ്ങിവന്നു. അന്നു രാത്രിയില്‍ത്തന്നെ അവരില്‍ പതിനൊന്നു പേരെയും അവരുടെ ഭാര്യമാര്‍ തലയണമന്ത്രം ജപിച്ചു മയക്കി. മാക്കം പുംശ്ചലിയും ദുഷ്‌കൃത്യം ചെയ്യുന്നവളുമാണെന്ന് ദൃഢമായി വിശ്വസിപ്പിച്ചു. മാക്കം സദ്‌വൃത്തയും പതിവ്രതയുമാണെന്നുള്ള വിശ്വാസവും അവളെക്കുറിച്ച് വളരെ വാത്സല്യവും സ്‌നേഹവുമുണ്ടായിരുന്നു. ആ സഹോദരന്മാരുടെ മനസ്സു മയങ്ങി. ഇപ്രകാരമുള്ള തെറ്റുദ്ധാരണയുണ്ടാകണമെങ്കില്‍ ആ നാത്തൂന്മാരുടെ തലയണമന്ത്രത്തിന്റെ ശക്തി എത്രമാത്രമുണ്ടായിരിക്കണം? ഭാര്യമാരുടെ മന്ത്രജപം കഴിഞ്ഞപ്പോഴേക്കും ആ പുരുഷന്മാര്‍ പതിനൊന്നുപേരും തങ്ങളുടെ സഹോദരി കേവലം കുലടയും ദുര്‍വൃത്തയുമാണെന്നു വിശ്വസിക്കുകയും ഇവള്‍ ജീവിച്ചിരിക്കുന്നത് തങ്ങള്‍ക്കും തങ്ങളുടെ തറവാട്ടേക്കും ദുഷ്‌കീര്‍ത്തികരമാണെന്നും ഏതു വിധവും അവളുടെ കഥകഴിക്കണമെന്നും തീര്‍ച്ചയാക്കുകയും അതിനൊരു കൗശലം അവര്‍ പതിനൊന്നു പേരുംകൂടി ആലോചിച്ചു നിശ്ചയിക്കുകയും ചെയ്തു.

പിറ്റേ ദിവസം കാലത്തേ ആ പതിനൊന്നു സഹോദരന്മാരുംകൂടി മാക്കത്തെ വിളിച്ച്, ‘ഇന്ന് ലോകമലയാര്‍കാവില്‍ ‘നിറമാല’ എന്ന ആഘോഷമുണ്ടല്ലോ. അതു തമ്പുരാന്‍ നടത്തുന്നതാകകൊണ്ട് വളരെ കേമമായിരിക്കും. നിനക്ക് അതു കാണാന്‍ പോകേണ്ടയോ? വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ ഇവിടെത്തന്നെയിരുന്നിട്ടാണ് നിന്റെ മനസ്സിന് ഉന്മേഷവും ദേഹത്തിനു സുഖവുമില്ലാതെയിരിക്കുന്നത്. അതിനാല്‍ നീ കുറേശ്ശ പുറത്തിറങ്ങി സഞ്ചരിക്കുകയും വേണം. ഈ കുട്ടികളെയുംകൊണ്ട് കാവില്‍പ്പോയി ദേവിയെ വന്ദിക്കുന്നത് നമുക്കും നമ്മുടെ സന്താനങ്ങള്‍ക്കും തറവാട്ടേക്കും ശ്രേയസ്‌കരമായിട്ടുള്ളതാണല്ലോ. ദേവിയെ വന്ദിക്കുന്നതിന് ഇത്രയും മുഖ്യമായിട്ടു വേറെ ഒരു ദിവസമില്ല. ഈ ആഘോഷം കാണാന്‍ പോയാല്‍ക്കൊള്ളാമെന്ന് നീ പലപ്പോഴും പറഞ്ഞിട്ടുള്ളതുമാണല്ലോ. ഈ ആഘോഷം കൊല്ലന്തോറുമുള്ളതാണെങ്കിലും ഇക്കൊല്ലം പതിവില്‍ കൂടുതലായി ചില വിശേഷങ്ങള്‍കൂടിയുണ്ടെന്നു കേട്ടു. ആട്ടെ, വേഗം തയ്യാറാവുക, ഒട്ടും താമസിക്കേണ്ട. വഴി നാലഞ്ചു നാഴികയുണ്ടല്ലോ. ആ കുട്ടികളെയുംകൊണ്ട് നടന്നെത്തണമല്ലോ. തൊഴാനായിട്ടു പോകുമ്പോള്‍ വാഹനങ്ങളുപയോഗിക്കുന്നത് യുക്തമല്ല. ഞങ്ങളും നടന്നാണ് പോകുന്നത്. എല്ലാവര്‍ക്കും ഒരുമിച്ചുതന്നെ പോകണം. നിന്റെ ഭര്‍ത്താവ് കൂടെയില്ലാത്ത സ്ഥിതിക്ക് ഞങ്ങള്‍ കൂടെയില്ലാതെ നീ തനിച്ചു പോവുകയില്ലല്ലോ. അങ്ങനെ പോകുന്നതു ശരിയുമല്ലല്ലോ’ എന്നു പറഞ്ഞു. ഇതു കേട്ടിട്ട് മാക്കം, ‘ഇതിനു മുമ്പു പലപ്പോഴും നിറമാലാഘോഷം കാണാന്‍ പോകാനായിട്ട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്നൊരിക്കലും അനുവദിക്കാത്ത ഇവര്‍ ഇപ്പോള്‍ ഇതിനു നിര്‍ബന്ധിക്കുകയും സ്‌നേഹഭാവത്തില്‍ ഉപദേശിക്കുകയും ചെയ്യുന്നതു വിചാരിച്ചാല്‍ത്തന്നെ ഇതിലെന്തോ ചതിയുണ്ടെന്ന് തീര്‍ച്ചയാക്കാം. ഇതില്‍ സംശയിക്കാനൊന്നുമില്ല. ഇവര്‍ എന്നെ കൊല്ലാനായിട്ടുതന്നെയാണ് കൊണ്ടുപോകാനുത്സാഹിക്കുന്നത്. അങ്ങനെയാവട്ടെ. ഈ ദുഷ്ടജനങ്ങളുടെ കൂട്ടത്തില്‍ ജീവിച്ചിരിക്കുന്നതിനെക്കാള്‍ നല്ലത് മരിക്കുകതന്നെയാണ്. ഈ അവസാനകാലത്ത് എന്റെ പ്രാണനാഥനെ ഒന്നു കണ്ടിട്ട് പോകാന്‍ നിവൃത്തിയില്ലാതെ വന്നത് ഭാഗ്യദോഷംതന്നെ. ഞാന്‍ പോയതായിട്ടു കേള്‍ക്കുമ്പോള്‍ അദ്ദേഹം എന്നെ അനുഗമിക്കുമെന്നുള്ളതു തീര്‍ച്ചയാണ്. അദ്ദേഹത്തെ അപ്പോള്‍ കണ്ടുകൊള്ളാം. ഇപ്പോള്‍ അതിനായിട്ടു താമസിക്കുന്നില്ല. ഈ ദുഷ്ടന്മാരുടെ ആഗ്രഹം വേഗത്തില്‍ സാധിക്കട്ടെ’ എന്നുവിചാരിച്ചുറച്ചിട്ട് ക്ഷണത്തില്‍പ്പോയി കുളിച്ചുവന്നു പതിവുപോലെ ഭഗവതിയെ ധ്യാനിച്ച് മനസ്സുകൊണ്ട് പൂജിച്ചു സ്തുതിച്ചിട്ട് ധവള ഭസ്മവും നിര്‍മലവസ്ത്രവും ധരിച്ചു. പിന്നെ മാക്കം അവിടെ തന്റെ വകയായിട്ടുണ്ടായിരുന്ന പൊന്നും പണവും പെട്ടികളും പ്രമാണങ്ങളും പണ്ടങ്ങളും വസ്ത്രങ്ങളുമെല്ലാം തീയിലിട്ടു ചുട്ട് ഭസ്മമാക്കി. ഒരു വസ്ത്രവും ഒരു മുലക്കച്ചയും അവള്‍ ധരിച്ചിരുന്നു. അവ രണ്ടുമല്ലാതെ വേറെ യാതൊന്നും അവള്‍ എടുത്തില്ല. മാക്കം തന്റെ കുട്ടികളോടുകൂടി യാത്ര പുറപ്പെട്ടപ്പോള്‍ നാത്തൂന്മാര്‍ പന്ത്രണ്ടുപേരും ഒരുപോലെ അശ്രുക്കള്‍ പൊഴിച്ചു. പുരാണി സന്താപംകൊണ്ടും മറ്റവര്‍ സന്തോഷംകൊണ്ടുമായിരുന്നു എന്നു മാത്രമേ ഭേദമുണ്ടായിരുന്നുള്ളൂ. മാക്കം തിരിഞ്ഞുനോക്കി. ആ നാത്തൂന്മാരുടെ ഭാവപ്പകര്‍ച്ച കണ്ടു നെടുവീര്‍പ്പിട്ടുകൊണ്ട് തന്റെ കുട്ടികളോടുകൂടി നടന്നു. പതിനൊന്നു സഹോദരന്മാരും അവളോടുകൂടിത്തന്നെ പോയി.

അങ്ങനെ രണ്ടുമൂന്നു നാഴിക ദൂരം പോയപ്പോള്‍ മാക്കം വല്ലാതെ ക്ഷീണിച്ചു. അവള്‍ക്ക് കുട്ടികളേയുംകൊണ്ട് സഹോദരന്മാരോടൊപ്പം നടന്നെത്തുവാന്‍ വയ്യാതെയായി. അപ്പോള്‍ സഹോദരന്മാര്‍ മാക്കത്തോട് സ്‌നേഹഭാവത്തോടുകൂടി ‘നീ വല്ലാതെ ക്ഷീണിച്ചുവെന്നു തോന്നുന്നുവല്ലോ. ഇനി ഇവിടെയിരുന്ന് സ്വല്‍പ്പം വിശ്രമിച്ചിട്ടു പോയാല്‍ മതി’ എന്നു പറഞ്ഞു. അവിടം മനുഷ്യവാസമില്ലാത്ത ഒരു വനപ്രദേശമായിരുന്നു. ആ ഭയങ്കര വനം കണ്ടപ്പോള്‍ മാക്കം ‘ഇവിടെവെച്ചായിരിക്കുമോ ഇവര്‍ എന്റെ കഥകഴിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്? എന്നാലങ്ങനെയാവട്ടെ’ എന്നു വിചാരിച്ചു ഭക്തിപൂര്‍വം ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ധൈര്യസമേതം ഒരു മരത്തണലില്‍ച്ചെന്നു തന്റെ കുട്ടികളെ അടുക്കലിരുത്തിക്കൊണ്ട് അവിടെയിരുന്നു. അവളുടെ സഹോദരന്മാര്‍ അവിടെയൊക്കെ ചുറ്റിനടന്ന് സ്ഥലപരിശോധന ചെയ്തപ്പോള്‍ സമീപത്തുതന്നെ ഏറ്റവും കുണ്ടുള്ളതായിട്ട് ഒരു കിണര്‍ കണ്ടെത്തി. അപ്പോള്‍ അവരിലൊരാള്‍ ആ കിണറ്റില്‍ നോക്കീട്ട് ‘അഹോ! ഇത് അത്യത്ഭുതംതന്നെ. ഈ കിണറ്റിലിതാ നക്ഷത്രങ്ങള്‍ കാണുന്നു’ എന്നു പറഞ്ഞു. പിന്നെ മറ്റൊരാള്‍ നോക്കീട്ട് ‘ശരിതന്നെ, ഈ പകല്‍സമയത്ത് നക്ഷത്രം ഇവിടെയല്ലാതെ ഭൂതലത്തില്‍ മറ്റെങ്ങും കാണുമെന്നു തോന്നുന്നില്ല’ എന്നു പറഞ്ഞു. ഇങ്ങനെ അവര്‍ പതിനൊന്നുപേരും ആ കിണറ്റില്‍ നക്ഷത്രങ്ങളുള്ളതായി പറയുകയും അതു ചെന്നുകാണാനായി മാക്കത്തോടു നിര്‍ബന്ധിക്കുകയും ചെയ്തു. മാക്കത്തിന് ഇത് കാണാനാഗ്രഹമില്ലെന്നു പറഞ്ഞിട്ട് അവര്‍ വീണ്ടും നിര്‍ബന്ധിച്ചു. ഒടുക്കം ആ സാധ്വി ‘വരുന്നതൊക്കെ വരട്ടെ’ എന്നു ധൈര്യസമേതം നിശ്ചയിച്ചിട്ട് ഭഗവതിയെ മനസ്സില്‍ സുദൃഢം ധ്യാനിച്ചുകൊണ്ട് മന്ദംമന്ദം ചെന്ന് കിണറ്റില്‍ കുനിഞ്ഞുനോക്കി. ആ സമയം ആ പതിനൊന്നു ദുഷ്ടന്മാരില്‍ ഒരാള്‍ മുമ്പേതന്നെ അരയില്‍ ഒളിച്ചു കരുതി സൂക്ഷിച്ചുവെച്ചിരുന്ന ആയുധമെടുത്തു. ശിവശിവ! ശേഷം ചിന്ത്യം. ആ കുട്ടികളുടെ കഥയും അങ്ങനെതന്നെ…

തങ്ങളുടെ സഹോദരിയും അവളുടെ കുട്ടികളും നിമിത്തം മേലാല്‍ തങ്ങള്‍ക്കും തങ്ങളുടെ തറവാട്ടേക്കും യാതൊരു കുറച്ചിലുമുണ്ടാവുകയില്ലെന്നുള്ള കൃതാര്‍ഥതയോടുകൂടി ആ മനുഷ്യാധമന്മാര്‍ അവരുടെ ഗൃഹത്തിലേക്കു മടങ്ങിപ്പോന്നു.

അവര്‍ ഗൃഹത്തിലെത്തിയപ്പോള്‍ അവിടെക്കണ്ട കാഴ്ച അത്ഭുതകരവും ഭയങ്കരവുമായിരുന്നു. മാക്കം അവിടെ ‘നാലെട്ടു തൃക്കൈകളിലുജ്ജ്വലിക്കും ശൂലാദിനാനായുധഭാസമാന’യായി തീക്കട്ടപോലെ ജ്വലിക്കുന്ന കണ്ണുകളും ചന്ദ്രലേഖകള്‍പോലെ വളഞ്ഞ ദംഷ്ട്രകളും കൊണ്ട് ഭയങ്കരമായ മുഖത്തോടുകൂടി രക്താംബരവും മുണ്ഡമാലകളുമണിഞ്ഞ് നൃത്തം ചെയ്യുന്നതായിട്ടും അവളുടെ രണ്ടു കുട്ടികളും കളിച്ചുകൊണ്ടും പുരാണി ഭര്‍ത്തൃസമേതയായി വന്ദിച്ചുകൊണ്ട് സമീപത്തു നില്‍ക്കുന്നതായിട്ടും ആ പുരുഷന്മാരുടെ ഭാര്യമാര്‍ പതിനൊന്നുപേരും രക്തം ഛര്‍ദിച്ച് മരിച്ചുകിടക്കുന്നതായിട്ടുമാണ് അവര്‍ കണ്ടത്. അപ്പോള്‍ അവര്‍ക്ക് തങ്ങളാല്‍ വധിക്കപ്പെട്ട മാക്കം ദേവീസാരൂപ്യത്തെയും ദേവീസാമീപ്യത്തെയും പ്രാപിക്കുകയാണ് ചെയ്തതെന്നും അവര്‍ മരിച്ചു എന്നു തങ്ങള്‍ക്കു തോന്നിയത് ദേവിയുടെ മായകൊണ്ടു മാത്രമാണെന്നും മനസ്സിലായി. അവര്‍ മാക്കത്തിന്റെ പാദത്തിങ്കല്‍ വീണ് ക്ഷമായാചനം ചെയ്യാമെന്നു വിചാരിച്ചുവോ എന്തോ? ഏതെങ്കിലും, അതിനൊന്നിനും ഇടയാകാതെ ആ പതിനൊന്നു പുരുഷന്മാരും രക്തം വമിച്ചുകൊണ്ട് പെട്ടെന്ന് അവിടെ വീണു മരിച്ചു. മാക്കത്തിന്റെ ഭര്‍ത്താവ് ഈ വര്‍ത്തമാനം കേട്ട ക്ഷണത്തില്‍ ആത്മഹത്യചെയ്ത് തന്റെ ഭാര്യയെ അനുഗമിച്ചു. പിന്നെ അവിടെ രാമന്‍നമ്പ്യാരും പുരാണിയും മാത്രം ശേഷിച്ചു. അവര്‍ ഭഗവതിയെ ഭക്തിപൂര്‍വം സേവിച്ചുകൊണ്ടും സന്താനസമ്പല്‍സമൃദ്ധിയോടുകൂടിയും സസുഖം വളരെക്കാലം ജീവിച്ചിരുന്നു. ആ ദമ്പതിമാരുടെ സന്താനപരമ്പരയിലുള്‍പ്പെട്ട ചില വീട്ടുകാര്‍ ഇപ്പോഴും കടത്തനാട്ടുണ്ടത്രേ.

അതെങ്ങനെയുമാവട്ടെ. ‘കടാങ്കോട്ടു മാക്കം’ മേല്‍പ്പറഞ്ഞപ്രകാരം ‘മാക്കം ഭഗവതി’യായിത്തീര്‍ന്നു എന്നുള്ള സംഗതി ആ ദിക്കുകാര്‍ ഇപ്പോഴും പൂര്‍ണമായി വിശ്വസിക്കുകയും ആ ദേവിയെ ഭക്തിപൂര്‍വം സേവിക്കുകയും ചെയ്തുപോരുന്നുണ്ട്. മാക്കം ഭഗവതിയുടെ കഥ പണ്ടാരോ ഒരുമാതിരി പാട്ടായിട്ടുണ്ടാക്കിയത് ആ ദിക്കുകളില്‍ ഇപ്പോഴും നടപ്പുണ്ട്. ഇതിനു ‘മാക്കം തോറ്റം’ എന്നാണു പേരു പറഞ്ഞുവരുന്നത്. ഈ പാട്ടിന് കവിതാഗുണമോ ശബ്ദഭംഗിയോ വൃത്തനിയമമോ ഒന്നുമില്ലെങ്കിലും ആ ദേവിക്ക് ഇത് സന്തോഷകരമാണ്. ദേവീപ്രസാദത്തിനായിട്ടും സന്തത്യര്‍ഥമായിട്ടും ഇത് ആ ദിക്കുകാര്‍ ചില ജാതിക്കാരെക്കൊണ്ട് ഇപ്പോഴും പാടിക്കാറുണ്ട്. ഇതു കൂടാതെ ‘മാക്കംതിറ’ എന്നൊരു കളിയും ആ ദിക്കില്‍ നടപ്പുണ്ട്. അതും സന്തത്യര്‍ഥമായിട്ടും ദേവീപ്രസാദത്തിനായിട്ടും പലരും കളിപ്പിക്കുന്നുണ്ട്. ഇതും മാക്കംഭഗവതിക്ക് വളരെ സന്തോഷകരമായിട്ടുള്ളതാണ്. സന്തതിയില്ലാതെയിരുന്നിട്ട് ‘മാക്കംതിറ’ കളിപ്പിക്കുകയും ‘മാക്കംതോറ്റം’ പാടിക്കയും ചെയ്തിട്ട് സന്തതിയുണ്ടായ തറവാടുകള്‍ കടത്തനാട്ട് വളരെയുണ്ട്. ഇപ്പോഴും പലരും അഭീഷ്ടസിദ്ധിക്കായി ഈ വഴിപാടുകള്‍ നടത്തിക്കുന്നുണ്ട്.

മാക്കത്തിന്റെ തല വെട്ടിയിട്ടതായി പറഞ്ഞിരിക്കുന്ന കിണര്‍ ഇപ്പോഴുമവിടെ കാണ്‍മാനുണ്ട്. ആ കിണറിന് ഇപ്പോഴും ‘മാക്കംകിണര്‍’ എന്നാണ് പേരു പറഞ്ഞുവരുന്നത്. ഒരീഴവന്‍ ആ കിണറ്റില്‍ നോക്കീട്ട് ചാമുണ്ഡി അവന്റെ നാവു പിടിച്ചുവലിച്ചറുത്ത് ചോര കുടിച്ചതായി ഒരൈതിഹ്യമുണ്ട്. അതിനാല്‍ പേടിച്ചിട്ട് ഇപ്പോഴും ആരും ആ കിണറ്റില്‍ നോക്കാറില്ല. മാക്കം ഭഗവതിയുടെ കഥ വാസ്തവത്തിലുണ്ടായതാണെന്നതിലേക്ക് ഇതിലധികം ലക്ഷ്യങ്ങള്‍ വേണമെന്നില്ലല്ലോ.


Major Temples (Kavus) where this Theyyam performed

No temples are assigned to the theyyam

Images

  • 128_chathu theyyam
  • 127_chathu theyyam2
  • 127_chathu theyyam1
«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning