Theyyam Performers (Koladharikal)
വിനു പെരുവണ്ണാൻ പയ്യന്നൂർ (പനയന്താർ)1975 മാർച്ച് 4 ന് പയ്യന്നൂരിൽ കുണ്ടോറ രാമ പെരുവണ്ണാന്റെയും സരോജിനിയുടെയും മകനായ് ജനിച്ചു . 9ാം വയസ്സിൽ ആടിവേടൻ കെട്ടി . 15ാം വയസ്സിൽ ആദ്യ തെയ്യമായ പുലിയൂര് കണ്ണൻ തെയ്യം കെട്ടി അരങ്ങിലെത്തി . ഇദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്നാൽ മലയ സമുദായത്തിൽ പെട്ടവർ കെട്ടുന്ന -ഒറ്റക്കോലം കഴിച്ചാണ് പട്ടും വളയും വാങ്ങി പെരുവണ്ണാൻ ആചാരം സ്വീകരിച്ചത് (കവ്വായി പുതിയ ഭഗവതി ക്ഷേത്രം) . കണ്ണങ്ങാട്ട് ഭഗവതി, കതിവനൂർ വീരൻ , ബാലി. പുതിയ ഭഗവതി, പൂമാരുതൻ, മുത്തപ്പൻ ,തിരുവപ്പൻ ,പുലിക്കണ്ഠൻ,പുലിയൂര് കാളി , കക്കറ ഭഗവതി , കണ്ടനാർ കേളൻ …… അങ്ങനെ ഒട്ടേറെ തെയ്യങ്ങൾ കെട്ടി. മലയ സമുദായത്തിലെ മടയിൽ ചാമുണ്ടി , വിഷ്ണുമൂർത്തി , ഒറ്റക്കോലം തുടങ്ങിയ തെയ്യങ്ങളും ഇദ്ദേഹം കെട്ടിയിട്ടുണ്ട് . 2001 ൽ വെള്ളാവ് മുച്ചിലോട്ട് മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിഞ്ഞു . 2007 ൽ കണ്ണങ്ങാട്ടു ഭഗവതിയുടെ കോലം ധരിച്ചു . ഇദ്ദേഹത്തിന്റെ ആ ആവേശം ഒന്നു കാണേണ്ടത് തന്നെയാണ് കോരിത്തരിച്ചു പോകും ഭക്തർ . കരിവെള്ളൂർ ആദി മുച്ചിലോട്ട് അമ്മയുടെ തിരുമുടി നിർമ്മിച്ചത് ഇദ്ദേഹവും അനുജനും (മനോജ് ) മറ്റൊരു ആളുമാണ്. ഇദ്ദേഹo കൊക്കാനിശ്ശേരി നിക്കുന്നത് കളരിയിൽ കെട്ടിയ കക്കറ ഭഗവതി ഇന്നും ഭക്തർ മറന്നട്ടുണ്ടാവില്ല . അതുപോലെ തന്നെയാണ് കൊക്കാനിശ്ശേരി കണ്ണങ്ങാടിലെ 2016ലെ പുതിയഭഗവതിയും . ഇദ്ദേഹം കെട്ടിയ ഭഗവതി തെയ്യങ്ങളുടെ ( കക്കറ ഭഗവതി , പഴിച്ചി ഭഗവതി) രൗദ്രത ഭയാനകമാണ് .പല സ്ഥലങ്ങളിലും തെയ്യത്തിന് പോയി ഇദ്ധേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തെയ്യം കാണാൻ മാത്രം ഇന്നും പല സ്ഥലങ്ങളിൽ നിന്നും ഭക്തർ എത്താറുണ്ട് . വിനു പെരുവണ്ണാൻ കെട്ടുന്ന തെയ്യത്തിൽ എടുത്ത് പറയാൻ പറ്റുന്നത് കണ്ടനാർ കേളൻ ആണ്.. കാരണം ഇത് കണ്ടാൽ ഏതൊരു ഭക്തനും ശ്വാസം അടക്കി പിടിച്ചേ കാണാൻ പറ്റു.. ഭക്തരെ മുൾ മുനയിൽ നിർത്തുന്നത് പോലെയാണ് തെയ്യത്തിന്റെ പ്രകടനം. രാമന്തളി പരത്തി അറയിൽ 14 കൊല്ലം തുടർച്ചയായി ഇദ്ദേഹമാണ് തെയ്യം കെട്ടുന്നത്. തെയ്യക്കാർക്ക് ഇടയിലും പോലും വിനു പെരുവണ്ണാൻ ഏറെ ശ്രദ്ധ ആകർഷിച്ച വ്യക്തിയാണ്.. |
Kunhirama Peruvannan, Mazhur (കുഞ്ഞിരാമ പെരുവണ്ണാൻ, മഴൂർ പ്രശസ്ത തെയ്യം കലാകാരൻ കണ്ണ പെരുവണ്ണാന്റെയും പൈതലമ്മയുടെയും മകനായ് ജനനം. ആടിവേടൻ കെട്ടിയായിരുന്നു തുടക്കം.. പിന്നീടങ്ങോട്ട് വീരൻ തുടങ്ങിയ കോലങ്ങൾ കെട്ടി തെയ്യാനുഷ്ടാന രംഗത്ത് സജീവമായി.മഴൂർ വയൽത്തിറയിൽ പുതിയ ഭഗവതി കെട്ടി പെരുവണ്ണാനായ് ആചാരപ്പെട്ടു.. തുടർന്നങ്ങോട്ട് പയറ്റ്യാൽ ഭഗവതി, കൈതക്കീൽ ഭഗവതി, ഇളംകോലം, ക്ഷേത്രപാലകൻ, ആര്യപൂങ്കന്നി, ഉള്ളാട്ടിൽ ഭഗവതി, നെല്ലിയോട്ട് ഭഗവതി, വയനാട്ട് കുലവൻ, ബാലി, കതിവന്നൂർ വീരൻ, മുത്തപ്പൻ തുടങ്ങി നിരവധി കോലങ്ങൾ കെട്ടിയാടി.. 4 പയറ്റ്യാൽ ക്ഷേത്രങ്ങളിലായി 32 തവണ പയറ്റ്യാൽ ഭഗവതി കെട്ടിയാടാനുള്ള മഹാഭാഗ്യം ഇദ്ധേഹത്തിനു ലഭിച്ചു.. 63ാം വയസ്സിലും ഇദ്ധേഹം പയറ്റ്യാൽ ഭഗവതി കെട്ടി ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു.. വെള്ളാവ് കൈതക്കീൽ ഭഗവതിയെ 19 തവണ കെട്ടിയാടാനും പൂന്തോട്ടം ഇല്ലത്തും കാത്തിരങ്ങാട് ക്ഷേത്രത്തിലും തെയ്യം കെട്ടാനുമുള്ള ദൈവാനുഗ്രഹവും ഇദ്ധേഹത്തിനു ലഭിച്ചു.. തോറ്റം പാട്ട്, മുഖത്തെഴുത്ത്, അണിയ നിർമ്മാണം തുടങ്ങിയ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇദ്ധേഹത്തിനായി. ഇദ്ധേഹത്തിന്റെ മകൻ സിജേഷ് പെരുവണ്ണാനും അച്ഛന്റെ പാത പിന്തുടരുന്നു..അര്‍പ്പണബോധത്തോടും അനുഷ്ഠാനത്തോടും കൂടി കോലം കെട്ടിയാടുകയും അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന കുഞ്ഞിരാമ പെരുവണ്ണാന് ടി.ടി.കെ ദേവസ്വത്തിന്റെയും മലയാള മനോരമയുടെതടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.. പുതുതലമുറക്ക് വെളിച്ചം പകർന്നു കൊണ്ട് കാവുകളിലെ നിറദീപമായ് മാറാൻ ഇദ്ധേഹത്തിനിനിയും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ.. Credit : Swathi dinesh & Varavili Facebook page |
Sumesh Peruvannan Thaliyil (സുമേഷ് പെരുവണ്ണാൻ തളിയിൽ)
കണ്ടൻ ചിറക്കൽ കണ്ണന്റേയും മാധവിയുടെയും മകനായി ജനിച്ചു. കാട്ട്യത്തെ കൃഷ്ണൻ പെരുവണ്ണാന്റെ കീഴിൽ തെയ്യങ്ങളുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. വേടൻ തെയ്യം കെട്ടി തെയ്യലോകത്തേക്ക് കാലെടുത്തു വെച്ചു. ആന്തൂർ ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ 13 ാം വയസ്സിൽ വീരൻ തെയ്യം കെട്ടി തെയ്യരംഗത്ത് സജീവമായി. 14 ാം വയസ്സു തൊട്ട് മിക്ക തെയ്യങ്ങളും കെട്ടാൻ തുടങ്ങി. 2000ൽ ആന്തൂർ ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ പുതിയ ഭഗവതി കെട്ടി ആചാരപ്പെട്ടു.കോടല്ലൂർ തമ്പുരാനിൽ നിന്നാണ് ഇദ്ദേഹത്തിന് ആചാരം ലഭിച്ചത്. ഏവരേയും ആകർഷിക്കുന്ന സ്വഭാവത്തിനുടമ. കനലാടിയെന്നത് ജീവിത നിയോഗമായി കൊണ്ടു നടക്കുന്ന വ്യക്തി. അണിയല നിർമ്മാണവും , മുഖത്തെഴുത്തും കൂടാതെ നല്ലൊരു തെയ്യ സഹായി കൂടിയാണിദ്ദേഹം.. അതു കൊണ്ട് തന്നെ മിക്ക കാവുകളിലും ഇദ്ദേഹത്തെ കാണാം. വടക്കേ മലബാറിൽ അത്യപൂർവ്വമായതും ഏറെ കെട്ടിയാടാൻ ബുദ്ധിമുട്ടുള്ളതുമായ പുതുതലമുറ പോലും ഏറ്റെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന, കാൽത്തള പോലുമില്ലാതെ തെങ്ങിൽ കയറുന്ന ബപ്പിരിയൻ ദൈവം കെട്ടിയാടിയുന്നതിൽ ഇദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടത് തന്നെയാണ്. കെട്ടുന്ന കോലമേതായാലും തന്റെതായ രീതിയിൽ കെട്ടിയാടുന്നതിൽ ശ്രദ്ധാലു. കണ്ടനാർ കേളൻ ചോന്നമ്മ, ഇളംകോലം, വലിയതമ്പുരാട്ടി, തൊണ്ടച്ചൻ, വടക്കത്തി, തോട്ടുംകര ഭഗവതി , പോതി, മുത്തപ്പൻ വെള്ളാട്ടം, പുല്ലൂർ കാളി അങ്ങനെ ഒട്ടു മിക്ക എല്ലാ തെയ്യങ്ങളും ഇദ്ദേഹം കെട്ടിയാടിയിട്ടുണ്ട്.. ഡിസ്കവറി ചാനൽ ഇദ്ധേഹത്തെക്കുറിച്ച് ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്. |
സുരേഷ് ബാബു അഞ്ഞൂറ്റാൻ (Suresh Babu Anjoottan) പ്രഗൽഭനും പ്രശസ്തനുമായ കോലധാരി.നീലേശ്വരം നിവാസി.അഞ്ഞൂറ്റാന്മാർക്ക് പ്രത്യേക പരിഗണനയാണു തെയാട്ടത്തിൽ നാടു വാഴി നൽകിയത്.അത് കൊണ്ട് തന്നെ നീലേശ്വരത്തിനു പരിസരത്തും പയ്യന്നൂരിലെ ചില ഭാഗത്തും പ്രധാന കോലങ്ങൽക്കെല്ലാം അവകാശം അഞ്ഞൂറ്റാനാണു.അതിനാൽത്തന്നെ ജീവിച്ചിരിക്കുന്ന കോലക്കാരിൽ സുരേഷ് ബാബു അഞ്ഞൂറ്റാനോളം പെരുംകളിയാട്ടങ്ങളിൽ പ്രധാന ഭഗവതിയുടെ തിരുമുടിയേറ്റിയയാൾ വേറെയില്ല. അഞ്ഞൂറ്റാനെ കഴിച്ചെ ഈ പ്രദേശങ്ങളിൽ വണ്ണാനു സ്ഥാനമുള്ളു.ഇദ്ധേഹത്തിന്റെ ശിരസ്സിൽ ഏന്തിയ പെരുംകളിയാട്ട തിരുമുടികൾ ഏറെയാണു.നെല്ലിക്കാത്തുരുത്തി കഴകത്തിലെ നിലമംഗലത്ത് ഭഗവതി,നെല്ലിക്കാൽ ഭഗവതി താനത്തെ പുന്നക്കാൽ ഭഗവതി,പുതിയപറമ്പത്ത് ക്ഷേത്രത്തിലെ പുതിയപറമ്പത്ത് ഭഗവതി തുടങ്ങിയ ഭഗവതിമാരുടെ നാൽപ്പത്തീരടി തിരുമുടിയേറ്റാനുള്ള യോഗം ഇദ്ധേഹത്തിനായിരുന്നു. കൂടാതെ നീലേശ്വരം പുതുക്കൈ മുച്ചിലോട്ട്,പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് എന്നിവിടങ്ങളിലെ പെരുംകളിയാട്ടതിൽ മുച്ചിലോട്ടമ്മയായ് അവതരിച്ചു.ഈ രണ്ടിടത്തും അവകാശ തർക്കം പരിഹരിക്കാൻ വണാന്മാരുടെയും കൂടി രണ്ട് മുച്ചിലോട്ട് ഭഗവതിമാർ ഒന്നിച്ച് ഇറങ്ങുന്നു.കൂടാതെ പയ്യന്നൂർ കാപ്പാട്ട് കഴകം,നീലേശ്വരം വടയന്തൂർ കഴകം എന്നിവിടങ്ങളിലെ പെരുംകളിയാട്ടത്തിലുമുഖ്യ ദേവതയുടെ കോലം ഇദ്ധേഹത്തിനു അവകാശപ്പെട്ടതാണു. പയ്യന്നൂരിലെ അപൂർവ്വ തെയ്യമായ തുളുവീരനും ഇദ്ധേഹത്തിന്റെ ശരീരത്തിലാണു അവതരിക്കുന്നത്..അള്ളട നാട്ടിൽ കളിയാട്ടം ആരംഭിക്കുന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിൽ ചൂളിയാർ ഭഗവതിയുടെയും കളിയാട്ടങ്ങൾക് സമാപനം കുറിക്കുന്ന മന്നമ്പുറത്ത് കാവിൽ കാവിലമ്മയുടെയും തിരുമുടിയണിയുന്നതും സുരേഷ് ബാബു അഞ്ഞൂറ്റാനാണു. നീള മുടിയേറ്റുന്ന ഭഗവതിമാരാണു അഞ്ഞൂറ്റാന്റെ പ്രധാന തെയ്യങ്ങൾ.നീളമുടിയേറ്റാനുള്ള ഇദ്ധേഹത്തിന്റെ പ്രഗൽഭ്യവും മഹനീയമാണു. Courtesy : Vadakkante Theyyangal |
മാങ്ങാടൻ ഹരിദാസൻ പെരുവണ്ണാൻ തെയ്യ ലോകത്തെ അതുല്യ പ്രതിഭ. നീലിയാർ കോട്ടത്തമ്മയുടെ കോലം ധരിച്ചു ഭക്ത മനസ്സിലും തെയ്യം സ്നേഹികളുടെ മനസ്സിലും ഇടം നേടിയ കോലക്കാരൻ….. പട്ടുവം കുഞ്ഞിമാതിലകത്തു ഒന്പതാം വയസ്സിൽ മാഞ്ഞാളമ്മ കെട്ടിയാണ് തെയ്യം കെട്ടിലേക്കുള്ള ഇദ്ദേഹത്തിന്റെ രംഗ പ്രവേശം. തുടർന്ന് തൻറെ ഇരുപതാം വയസ്സിലാണ് വെള്ളാവ് വിശ്വകർമ ക്ഷേത്രത്തിൽ ബാലി തെയ്യം കെട്ടി പറ്റും വളയും വാങ്ങി പെരുവണ്ണാൻ എന്നാ ആചാരപ്പേരു സ്വീകരിക്കുന്നത്. അഞ്ചു തവണ പട്ടും വളയും കിട്ടിയ ഹരിദാസൻ പെരുവണ്ണാനു മാങ്ങാടൻ എന്നാ അതി വിശിഷ്ട സ്ഥാനപ്പേര് ലഭിക്കുന്നത് 22 വർഷങ്ങൾക്കു മുൻപാണ്. കടമ്പേരി ക്ഷേത്രത്തിൽ ചുറ്റിക്കെട്ടും ചുരികയും നല്കി കാരക്കാട്ടിടം നായരാണ് ആചാരപ്പേര് വിളിച്ചത്. മാങ്ങടന്മാർക്കു മാത്രമേ നീലിയാർ കൊട്ടതംമയുടെ കോലം ധരിക്കാനുള്ള അധികാരം ഉള്ളു….. |
അതിയടം കണ്ണ പെരുവണ്ണാൻ അതിയടം നെരുവംബ്രം സ്വദേശി, 91 വയസ്സ്. തെയ്യത്തെ തന്റ്റെ ജീവിതചര്യയായി കൊണ്ടുനടന്ന വ്യക്തിത്വം. അതിയടം പാലോട്ട് കാവിൽ പാലോട്ട് ദൈവം, അതിയടം മുച്ചിലോട്ടു കാവിൽ മുച്ചിലോട്ടു ഭഗവതി, പിന്നെ ആയിരത്തിൽ അധികം കതിവന്നൂർ വീരൻ തെയ്യം കേട്ടിയാടിയിട്ടുണ്ട്. പിന്നെ ബാകി എണ്ണിയാൽ അടങ്ങാത്ത കോലങ്ങൾ വേറെയും . കതിവന്നൂർ വീരൻ എന്ന ഒറ്റ തെയ്യകോലം മാത്രം ആയിരത്തിൽ അധികം കെട്ടിയാടി എന്ന് പറഞ്ഞാൽ, അദേഹം ചെയ്ത പ്രവൃത്തിയുടെയും, ആ ശരീരം ഏറ്റുവാങ്ങിയ കാഠിന്യംതിന്റ്റെയും കാര്യം പറയേണ്ട ആവശ്യം തന്നെയില്ല. കതിവന്നൂർ വീരൻ തെയ്യതിന്റ്റെ കുലപതി എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പികേണ്ടി വരും. അനുഷ്ടാന പൂർവ്വം ആ തിരുമുടി അണിഞ്ഞു ഒരു തലമുറയിൽ നിന്ന് ആ തെയ്യത്തെ അടുത്ത തലമുറയിലേക്കു പകർന്നു നൽകിയ ജീവിതം . Courtesy : Vadakkante Theyyangal |
കുഞ്ഞി രാമൻ കുറ്റൂരൻ പറവൂർ
ഭക്ത ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ കോലധാരി…പറവൂർ തൊണ്ടച്ചൻ ദേവസ്ഥാനത് തന്റെ 13 ആം വയസിൽ തൊണ്ടച്ചൻ കെട്ടിയാടി തെയ്യം എന്നാ മഹാ പാരമ്പര്യത്തിലേക്ക് കാലെടുത്തു വച്ചു. പറവൂർ പുലിയൂര് കാളി ക്ഷേത്രത്തിൽ തുടർച്ചയായ 37 വർഷം പുലിയൂര് കാളി കെട്ടുകയും പാലത്തേര കുറ്റൂരാൻ എന്ന സ്ഥാനപ്പേര് ലഭിക്കുകയും ചെയ്തു. ചുകന്നമ്മ തെയ്യം കെട്ടുന്നതിലും ഏറെ മികവു കാണിച്ചിട്ടുണ്ട്. പ്രായത്തെ തോൽപ്പിച്ച് തന്റെ 69 ആം വയസ്സിലും തികഞ്ഞ അനുഷ്ടാനത്തോടെ കണ്ണൂര് കാനത്തൂർ കാവിൽ ദൈവത്താറീശ്വരന്റെ തിരുമുടിയേറ്റുന്നു ….Courtesy : Vadakkante Theyyangal |
ലക്ഷ്മണൻ പെരുവണ്ണാൻ അഴികോട് |
ഷാജി – പട്ടുവം പെരുമലയൻ കോലത്തു നാട്ടിലെ അതി വിശിഷ്ടമായ ആചാരസ്ഥാനങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പട്ടുവം പെരുമലയൻ. പട്ടുവം വടക്കേകാവിൽ പഞ്ചുരുളിയമ്മയുടെ കോലം ധരിക്കാനുള്ള അവകാശം ശ്രീ പട്ടുവം പെരുമലയനാണ്… പട്ടുവം സ്വദേശി ശ്രീ ഷാജിയാണ് ഇന്ന് പട്ടുവം പെരുമലയൻ. 19)o വയസ്സിലാണ് ഇദ്ദേഹം പെരുമലയനായി ആചാരപ്പെടുന്നത്. പ്രശ്ന ചിന്തയിലുടെയാണ് ദേവിഹിതം മനസ്സിലാക്കിയാണ് ഇദ്ദേഹത്തെ പെരുമലയനായി ആചാരപ്പെടുത്തുന്നത്. തന്റെ 14)o വയസ്സിൽ പട്ടുവം വടക്കേ കാവിൽ ഒറ്റക്കോലം കഴിച്ചാണ് തെയ്യം കെട്ടിലേക്ക് ഇദ്ദേഹം കാലെടുത്ത് വയ്കുന്നത്. തുടർന്നു വടക്കേ കാവിൽ തന്നെ എട്ടു ഒറ്റക്കോലം കഴിച്ചു അഗ്നി പ്രവേശം നടത്തിയിട്ടുണ്ട്… തുടർന്ന് 2000 ത്തിൽ പണിക്കർ ആയി ആചാരപ്പെടാനിരിക്കെയാണ് ഇദ്ദേഹത്തെ തേടി ദൈവഹിതം എത്തുന്നത്. തുടർന്ന് ചിറക്കൽ കോലോത്ത് നിന്നും ചിറക്കൽ തമ്പുരാൻ വെള്ളിപ്പിടിക്കത്തിയും വെള്ളിമാലയും വെള്ളി കെട്ടിയ ചൂരലും നല്കി ആചാരപ്പെടുത്തി. Courtesy : Vadakkante Theyyangal |
ബാബു കർണ്ണമൂർത്തി ചെറുപ്പത്തിൽ കുട്ടിതെയ്യങ്ങൾ കെട്ടി തെയ്യപ്രപഞ്ജതിലെക്കു കാലെടുത്തുവെച്ചു. 13 വയസ്സിൽ നീലേശ്വരം മൂലചെരി ഭഗവതി ക്ഷേത്രത്തിൽ പുതിയഭഗവതി കെട്ടിയാടി. 2004ൽ ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ വെച്ച് 26 വയസ്സിൽ കച്ചും ചുരികയും അണിഞ്ഞു കർണ്ണമൂർത്തിയായി സ്ഥാനമേറ്റു. ഒളവറകടവ് മുതൽ ഉദയംകുന്ന് വരെയുള്ള നാട്ടിൽ തെയ്യം കെട്ടാനുള്ള അവകാശമാണ് കർണ്ണമൂർത്തി സ്ഥാനം. പീലികോട് താമസിക്കുന്ന ബാബു കർണ്ണമൂർത്തി നീലേശ്വരം മൂലപ്പള്ളിയിലെ കെ.വി. കുഞ്ഞികണ്ണൻറ്റെയും മാണികുഞ്ഞിയുടെയും മകനാണ്. പരേതനായ തെക്കുംകര കർണ്ണമൂർത്തിയാണ് അമ്മാവൻ. |
സജീവ് കുറുവാട്ട് പെരുവണ്ണാൻ – ബാബു എന്ന് വിളിക്കപ്പെടുന്നു. കുഞ്ഞിമംഗലം ദേശം ജന്മാവകാശം. പിതാവിൻറ്റെ തെയ്യപ്പാത പിൻതുടർന്ന് തെയ്യക്കാഴ്ചകൾക്ക് ഭാവപകർച്ച ചെറുപ്പം മുതൽക് തന്നെ തൻമെയ്യ് നൽകി തുടങ്ങി. വേടൻ കെട്ടി തെയ്യത്തിലേക്കി ചുവട് വച്ച്, 16 വയസ്സിൽ കുഞ്ഞിമംഗലം തെരുവിൽ പട വീരൻ കെട്ടി ചുവടുറപ്പിച്ചു. 17 ൽ ഒര് പ്രധാന തെയ്യമായ ബാലി കഴlച്ചു തൻറ്റെ ശക്തമായ സാന്നിധ്യം അറിയിച്ചു. 2010 ൽ വലിയ മുടി തെയ്യമായ വല്ലാർകുളങ്ങര ഭഗവതി കെട്ടാൻ വേണ്ടി ആചാരപ്പെട്ടു. വേട്ടക്കൊരുമകൻ, കണ്ടനാർ കേളൻ, കക്കര ഭഗവതി, പുലിയൂർ കാളി, കേളൻ കുളങ്ങര ഭഗവതി, തായ് പരദേവത, ഗുരുക്കൾ, ഊർപ്പഴശ്ശി’, നാഗകന്നി, പുലിയൂർ കണ്ണൻ, അംഗ കുളങ്ങര ഭഗവതി, തോട്ടിൻകര ഭഗവതി, കടാങ്കോട്ട് മാക്കം ഭഗവതിയമ്മ എന്നിങ്ങനെയുള്ള പ്രധാന തെയ്യക്കോലങ്ങൾ കെട്ടുന്നു. ഇക്കാലമത്രയും അനുഷ്ടാനത്തിൽ ഊന്നി മാത്രം തെയ്യക്കോലങ്ങൾ ഭക്തരുടെ മുന്നിൽ പകർന്നാടി. Courtesy : Vadakkante Theyyangal |
സന്തോഷ് പെരുവണ്ണാൻ കടന്നപള്ളി കടന്നപള്ളി മംഗലശ്ശേരി ധർമ്മശാസ്ത ക്ഷേത്രത്തിനു അരികെ താമസം. യുവ തലമുറയിലെ വളരെയധികം ശ്രദ്ധിക്കപെട്ട തെയ്യ കോലക്കാരിൽ ഒരാൾ. കടന്നപള്ളി മുച്ചിലോട്ടു കാവിൽ മുച്ചിലോട്ടു ഭഗവതി കെട്ടുവാൻ വേണ്ടി ആചാരപെട്ടു. ഏഴാം വയസ്സിൽ വേടൻ, 17 വയസ്സിൽ മുത്തപ്പൻ, 18 വയസ്സിൽ കുടിവീരൻ തെയ്യം കെട്ടി തെയ്യ പാരമ്പര്യത്തിലേക്ക് കാലെടുത്തുവെച്ചു. 2007 ൽ പെരുവണ്ണാൻ ആയി അചാരപെട്ടു. ജമ്മം പയ്യന്നൂർ, കുന്നെരു, രാമന്തളി ദേശം. തെയ്യം അനുഷ്റ്റാനപൂർവം ആച്ചരിക്കപെടുവാൻ ശ്രദ്ധിക്കുന്ന ഒരു കോലധാരി. അണിയലപണിയിലും, മുഖത്തെഴുതിലും പ്രാവീണ്യം നേടി, കഴിവ് തെളിയിച്ചു. മുച്ചിലോട്ടു ഭഗവതി, പുതിയ ഭഗവതി, കതിവന്നൂർ വീരൻ, തായ്‌പരദേവത, വയനാട്ടു കുലവൻ, കണ്ണങ്കാട്ട് ഭഗവതി തുടങ്ങിയ നിരവധി തെയ്യകോലങ്ങളിലേക്ക് വേഷ പകർച്ച ചെയ്തിട്ടുണ്ട് . Courtesy : Vadakkante Theyyangal |
കൃഷ്ണൻ പണിക്കർ ചെറുവത്തൂരിലെ കോലമൊഴിയാത്ത ഊരുമൂപ്പൻ, ചെറുവത്തൂരിലെ ഓരോ കാവുകളിലും ഇന്നും നിറസാന്നിധ്യമാണ് ചെറുവത്തൂരിൻറ്റെ മൂപ്പൻ കൃഷ്ണൻ പണിക്കർ. വാർധക്യം വാരി പുണർന്നിട്ടും കോല മൊഴിയാത്ത കൃഷ്ണൻ പണിക്കർ. കോലമഴിച്ചിട്ടും കോലമൊഴിയാത്ത കോലധാരികൾ, നാട്ടുപരദേവതകളെ സ്വന്തം ശരീരത്തിലേറ്റു വാങ്ങിയ കോലധാരി. പതിമൂന്നാം വയസിൽ കുട്ടമത്ത് വെണ്ണോളി തറവാട്ടിൽ ആദ്യമായി വിഷ്ണു മൂർത്തി കോലമണിഞ്ഞ കൃഷ്ണൻ പണിക്കർ എഴുപത്തിരണ്ടാം വയസിൽ മൂവാളംകുഴി ചാമുണ്ഡിയുടെ കോലം അണിഞ്ഞു ഇന്നും തെയ്യപ്രപഞ്ചത്തിൽ നിറസാനിധ്യമായി നിലകൊള്ളുന്നു. ‘ചെറുവത്തൂർ മുധൂറൻ’ ആചാരക്കാരനായിരുന്ന അച്ഛൻ അമ്പുപണിക്കരുടെ ശിഷ്യത്വത്തിൽ കോലം ധരിച്ച കൃഷ്ണൻ പണിക്കരെ ഇരുപത്തി ഒന്നാം വയസിലായിരുന്നു പൊന്മാലം വിഷ്ണു മൂർത്തി ക്ഷേത്രം പട്ടും വളയും നൽകി ആദരിച്ചത്. വിഷ്ണു മൂർത്തിയുടെ പ്രധാന കോലധാരികളായ പാലായി പരപ്പേൻ തറവാട്ടിൽ തിരുവർകാട് ഭഗവതിയുടെ കോലമണിയാനുള്ള ഭാഗ്യവും കൃഷ്ണൻ പണിക്കർക്ക് സ്വന്തമായി. മടയിൽ ചാമുണ്ഡി, മൂവാളംകുഴിച്ചാമുണ്ഡി, കാളകാട് കരിങ്കുട്ടിശാസ്തൻ, കാലഭൈരവൻ, തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന തെയ്യക്കോലങ്ങൾ. തെയ്യംരംഗത്ത്പ്രവേശിച്ച ഉടൻ തന്നെ സെയിൽസ് ടാക്സിൽ ഉദ്യോഗം ലഭിച്ചെങ്കിലും കൃഷ്ണൻ പണിക്കർ തൻ്റെ ജന്മനിയോഗമായ തെയ്യക്കോലം വെടിഞ്ഞില്ല. ഉദ്യോഗവും കുലത്തൊഴിലും ഒരേ പോലെ തുടർന്ന ഇദ്ദേഹം ഇന്നേക്ക് ആയിരത്തിലധികം കോലങ്ങളണിഞ്ഞു. ഇപ്പോൾ ചെറുവത്തൂർ മുധൂറൻ തറവാട്ടിൽ മൂപ്പനായ ഇദ്ദേഹം ‘മുധൂറൻ’ ആചാരം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. എഴുപത്തിരണ്ട് വയസായിട്ടും ശരീരം കൊണ്ടും മനസ് കൊണ്ടും കോലമൊഴിയാതെ കൃഷ്ണൻ പണിക്കർ ഇന്നും അണിയറയിൽ സജീവമാണ്. കഴിഞ്ഞ വർഷവും യൗവനതുല്യ ശോഭയോടെ കാരഗുളികൻ കോലം കൃഷ്ണൻ പണിക്കർ ധരിച്ചിരുന്നു. Courtesy : Vadakkante Theyyangal |
ഗംഗാധരൻ എരമംഗലൻ –
അപൂർവമായ ആചാരം കരസ്ഥമാക്കിയ ഒരു കനലാടി. ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിന് കിഴക്ക് പുതിയകണ്ടത്തിൽ താമസം 13 വയസിൽ മുത്തപ്പൻ കെട്ടി തെയ്യമെന്ന ദൈവ്വീക അനുഷ്ടാന ലോകത്തേക്ക് കാലെടുത്തു വച്ചു. അച്ചാംതുരുത്തി ബാലഗോഗുലത്തിൽ വിഷ്ണു മൂർത്തി കോലം കെട്ടിയാടി, അവിടെ വാങ്ങാൻ സമുദായത്തിൽ പെട്ട അവിവാഹിതർക്കാണ് അവകാശം. ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിൽ നിന്നും വേട്ടയ്ക്കൊരു മകൻ കെട്ടാൻ വേണ്ടി ആചാരപ്പെട്ട വ്യക്തിത്വം. അള്ളടനാട്ടിലെ ഒട്ടുമിക്ക മിക്ക തെയ്യങ്ങളും കെട്ടിയാടി. അറിവ് കൊണ്ടും, വിനയം കൊണ്ടും നമ്മെ ഏവരേയും വിസ്മയിപ്പിച്ച ഒരു സാധാരണക്കാരനായ ബഹുമുഖ പ്രതിഭ. വളരെ ചെറുപ്പം മുതൽ തെയ്യത്തോടൊപ്പം അണിയലങ്ങൾ നിർമാണം പഠിച്ചു ഇപ്പോളും അത് കണക്കൊപ്പിച്ചു ചെയ്തു വരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും അള്ളടത്തിലെ ഒരു പ്രധാന കോലധാരിയുമായിരുന്ന അച്ചൻ കണ്ണൻ പെരുവണ്ണാനിൽ നിന്നും തെയ്യവും അണിയനിർമാണവും പഠിച്ചു. മുരിക്ക് മരം ഈർന്ന് ആകൃതിയും മിനുസവുമാക്കി തന്റെ കത്തി കൊണ്ട് ചിത്രപ്പണികൾ ചെയ്താണ് അണിയങ്ങൾ നിർമിക്കുന്നത്- കഴുത്തിൽ കെട്ട്, തലപ്പാളി, ചെണ്ടു വളയം, അടുക്ക്, വള, പറ്റുംപാടം, താടി മീശ, ഓലക്കാത്, കൊമ്പോലക്കാത് തുടങ്ങിയ എല്ലാ അണിയലങ്ങളും പൂർണമായി നിർമിച്ച് കൊടുക്കുന്നു -പ്രധാനമുടികളും അനവധി നിർമിച്ചിട്ടുണ്ട് -തിരുവപ്പന മുടി, ഓംകാരമുടി(ഭൈരവൻ), കൊതച്ച മുടി, തുടങ്ങിയ മുടികൾ മുരിക്ക്, കുമിത് എന്നീ മരങ്ങളിൽ നിർമിക്കുന്നു – പുരാതന രീതിയിൽ ഉള്ള നിർമാണമാണ് ബാലി, വേട്ടയ്ക്കൊരു മകൻ, ഭഗവതിമാർ, വൈരജാതൻ, പുലി ദൈവങ്ങൾ, അന്തിതിറ, തിരുവപ്പന ,തുടങ്ങിയവ പ്രധാന കോലങ്ങൾ. മിക്ക തെയ്യത്തിന്റെയും തോറ്റങ്ങൾ പഠിച്ച് ഹൃദിസ്ഥമാക്കിയിട്ടുണ്ട്. ഐതീഹ്യങ്ങൾ തോറ്റങ്ങളുടെ അടിസ്ഥാനത്തിലും പാരമ്പര്യമായ് പറഞ്ഞ് വരുന്നവയും വ്യക്തമായി അറിയാം. മുഖത്തെഴുത്തിൽ അഗാഥ പ്രാവീണ്യം തെളിയിച്ചു, അദ്ദേഹത്തിൻറ്റെ മുഖതെഴുതിൻറ്റെ ശോഭ ഒന്ന് വേറെതന്നെയാണ്. കൃത്യമായ കണക്കിൽ, ച്ചായകൂട്ടിനാൽ ഒരുക്കുന്ന മുഖശോഭ. മഡിയൻ കൂലോം, മന്നൻ പുറത്ത് കാവ്, അള്ളടം – കോലത് നാട് പ്രധാന മുച്ചിലോട്ടുകൾ എന്നിവിടങ്ങളിൽ വർഷങ്ങളായി മുഖത്തെഴുത്തിനായി എത്താറുണ്ട് – അനുഷ്ഠാന കർമങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു കോലധാരി കൂടെയാണ് ഇദ്ദേഹം. ഇന്നും അണിയല നിർമാണവും തെയ്യവും ഒരു പോലെ കൊണ്ടു പോകുന്ന ചുരുക്കം ചിലരിൽ ഒരാൾ. Courtesy : Vadakkante Theyyangal |
ഹരിദാസൻ പണിക്കർ |
ചെങ്ങൾ കുഞ്ഞിരാമൻ പെരുവണ്ണാൻ – |
മനോജ് മുന്നൂറ്റാൻ (മനോഹരൻ) |
കരിവെള്ളൂർ രാമകൃഷ്ണൻ പെരുമലയൻ. തെയ്യ ആചാര്യ സ്ഥാനങ്ങളിൽ മുൻപന്തിയിലും, പ്രാമുഖ്യം ഉള്ളതുമാണ് കരിവെള്ളൂർ പെരുമലയൻ സ്ഥാനം. ഈ വിഖ്യാത പരമ്പരയിലെ അതുല്യ പ്രതിഭയാണ് രാമകൃഷ്ണൻ പെരുമലയൻ. കരിവെള്ളൂർ കൊടക്കാട് ദേശത്തിലെ അംബു പെരുമലയൻറ്റെയും കല്യാണിയമ്മയുടേയും പ്രഥമ പുത്രനായി 1951 ൽ ജനനം. ആടിവേടൻ കെട്ടി 4)൦ വയസ്സിൽ തെയ്യത്തിൽ ഹരിശ്രീ കുറിച്ചു. സ്വന്തം പിതാവിൻറ്റെ കീഴിൽ തന്നെ തെയ്യം എന്ന അനുഷ്ടാന കർമ്മം പഠിച്ചെടുത്തു. തന്റ്റെ 11ആം വയസ്സിൽ പുത്തൂർ കൊമ്മൻ വീട്ടിൽ വിഷ്ണുമൂർത്തി കെട്ടിയാടി തെയ്യപ്രപഞ്ഞത്തിലേക്ക് ഔദ്യോഗിക പ്രവേശനം ചെയ്തു. പിന്നീടങ്ങോട്ട് പഞ്ചുരുലി, ഗുളികൻ, കുറത്തി, ഭൈരവൻ, ഉച്ചിട്ട, രക്തേശ്വരി, ചാമുണ്ടി, കുട്ടിച്ചാത്തൻ തുടങ്ങി അനേകം തെയ്യങ്ങളെ സ്വ ഹൃദയത്തിലേക്ക് ആവാഹിച്ച് ഭക്തർക്ക് ദർശന സായൂജ്യം നല്കി, വാക്കിനാലും, നോക്കിനാലും, കുറിയാലും അനുഗ്രഹം ചൊരിഞ്ഞു. 21 )൦ വയസ്സിൽ പുത്തൂർ അമ്പലത്തിൽ ഒറ്റക്കോലം കെട്ടി, പണിക്കർ എന്ന സ്ഥാനം നല്കി ആചാരിക്കപ്പെട്ടു. പിതാവിൻറ്റെ കാലശേഷം തന്റ്റെ 48 )൦ വയസ്സിൽ ” കരിവെള്ളൂർ പെരുമലയൻ ” എന്ന സവിശേഷ പ്രാധാന്യമുള്ള ആചാരസ്ഥാനം മണക്കാട് കോട്ടൂർപറമ്പത്ത് നിന്ന് സ്വീകരിച്ചു. പ്രസിദ്ധ മന്ത്രവാദി കുടുംബമായ കൊടക്കാട് കുന്നത്തില്ലത്ത് കവടിയങ്ങാനത്ത് രക്തേശ്വരി കെട്ടി ആദരവു ലഭിച്ചു. കൊടക്കാട് പണയക്കാട്ടു ഭഗവതി സ്ഥാനം, കക്കറ ഭഗവതി സ്ഥാനം, പുത്തൂർ മുണ്ട്യ തുടങ്ങി ഒട്ടനവധി കാവുകളിലും സ്ഥാനങ്ങളിലും മുണ്ട്യകളിലും പല തെയ്യങ്ങളുടെയും ചിലങ്ക അണിഞ്ഞു. അഞ്ചു വർഷം മുൻപ് കോട്ടൂർ ചെറൂള്ളിയിൽ രക്തേശ്വരി കെട്ടിയാടി. അനാരോഗ്യം കാരണം ഇപ്പോൾ ഇദ്ദേഹം ആചാര്യ സ്ഥാനം അലങ്കരിക്കുക മാത്രം ചെയ്തു വരുന്നു. Courtesy : Vadakkante Theyyangal |
പ്രദീപ് മണക്കാടൻ തെയ്യത്തെ നെഞ്ചിലേറ്റി, തെയ്യമെന്ന ദൈവീക അനുഷ്ടാനത്തെ, കൃത്യമായ അനുഷ്ടാനത്തിലും കർമ്മത്തിലും ആത്മസമർപ്പണം കൊണ്ട് നിറവേറ്റുന്ന യുവപ്രതിഭ. 1981ൽ പ്രഭാകരന്റ്റെയും ശാരദയുടെയും പുത്രനായി ജനനം. പടന്നേക്കാട് സ്വദേശി. കരിവെള്ളൂർ മൂത്ത മണക്കാടൻ അശോകൻ മണക്കാടൻറ്റെ മരുമകൻ. മണക്കാടൻ കുടുംബത്തിൽ ജനിച്ച ജന്മസാഫല്യം. അശോകൻ മണക്കാടൻറ്റെ ശിഷ്യണത്തിൽ അണുകിടതെറ്റാത്ത തെയ്യപഠനം, അത് അദ്ദേഹത്തിന്റ്റെ തെയ്യത്തിലും നിഴലിച്ചു കാണാം, ഗുരുവിന്റ്റെ അനുഗ്രഹം ആവോളം കിട്ടിയ വ്യക്തി. ആദ്യ തെയ്യം പാടി ശ്രീ പുള്ളി കരിങ്കാളി ഭഗവതി ക്ഷേത്രത്തിൽ പുല്ലൂർണ്ണൻ കെട്ടി തെയ്യ പ്രപഞ്ചത്തിലേക്ക് പ്രവേശിച്ചും. പിന്നീട് ഇങ്ങോട്ട് ഒര്പാട് തെയ്യങ്ങൾക്ക് ദേഹപകർച്ച ചെയ്തു. വലിയമുടി തെയ്യമായ ശൂലപ്പിൽ ഭഗവതി കെട്ടാൻ വേണ്ടി കരിവെള്ളൂർ പാലേരി തെെവളപ്പിൽ നിന്ന് ആചാരപെട്ടു. അപൂർവതെയ്യമായ പുള്ളി ഭഗവതി ഇദ്ദേഹം കേട്ടിയാടിയിട്ടുണ്ട്, കതിവന്നൂർ വീരൻ, വേട്ടക്കൊരുമകൻ, പുലികണ്ടൻ, പൂളോൻ, പുതിച്ചോൻ, കക്കര ഭഗവതി, നരംബിൽ ഭഗവതി തുടങ്ങി നിരവധി തെയ്യകോലങ്ങൾ കെട്ടിയാടുന്നു. |
കണിച്ചാമിൽ നാരായണ പെരുവണ്ണാൻ കണ്ണൂർ, മാങ്ങാട് സ്വദേശിയായ നാരായണ പെരുവണ്ണാൻ, തെയ്യ ലോകത്ത് ഭഗവതി നാരായണൻ പെരുവണ്ണാൻ എന്ന നാമത്തിൽ ആണ് കൂടുതലായി അറിയപ്പെടുന്നത്. കൂടുതല്ലായും ഭഗവതി കോലങ്ങൾ അണിയുന്നത് കൊണ്ടും, അവ കൃത്യമായ അനുഷ്ടാനത്തിൽ അതീവ ഹൃദ്യമായും കെട്ടിയാടുന്നത് കൊണ്ട് കൂടെയാണ് ഈ പേരിൽ അറിയപ്പെടുന്നത്. അനുഷ്ടാനകൃത്യത പുലർത്തുന്നതിൽ അതീവ കർക്കശകാരൻ. കണ്ണ പെരുവണ്ണാൻറ്റെയും കല്യാണിയുടെയും പുത്രനായി ജനനം. വളരെ ചെറുപ്പത്തിൽ തെയ്യകാഴ്ചകൾക്ക് സ്വന്തം ജീവൻ കൊടുത്ത് ദേവനൃത്തത്തിലേക്ക് വെള്ളോട്ട് ചിലംബിട്ടു ഇറങ്ങിയ ഇദ്ദേഹം വീരൻ തെയ്യം കഴിച്ചാണ് തന്റ്റെ തെയ്യ ജീവിതം ആരംഭിക്കുന്നത്. അഴീക്കോട് കൃഷ്ണപെരുവണ്ണാൻ ആണ് തെയ്യ ലോകത്തെ ഗുരുനാഥാൻ. കുറുമാത്തൂർ മുച്ചിലോട്ടു കാവിൽ നിന്നും മുച്ചിലോട്ടു ഭഗവതി കെട്ടാനായി ഇദ്ദേഹം അചാരപെട്ടു, എന്നിട്ട് വണ്ണാൻ സമുദായത്തിലെ ഏറ്റവും പ്രധാന തെയ്യക്കോലമായ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിഞ്ഞു. പ്രധാന തെയ്യങ്ങളായ നാട്ടുപരദേവത പുതിയ ഭഗവതി, വലിയമുടി തെയ്യമായ നീലിയാർ ഭഗവതി, ചോന്നമ്മ, തായ്പരദേവത, ബാലി, വേട്ടക്കൊരുമകൻ, നരംബിൽ ഭഗവതി, തിരുവപ്പന – വെള്ളാട്ടം തുടങ്ങി സമുദായത്തിലെ ഒട്ടുമിക്ക തെയ്യക്കോലങ്ങൾക്കും ഇദ്ദേഹം ആത്മം കൊടുത്തു. ഒട്ടുമിക്ക തെയ്യങ്ങളുടെയും മുഖത്തെഴുത്ത് ഇദ്ദേഹത്തിനു ഹൃദയം, തോറ്റം പാട്ടുകളിൽ അഗ്രഗണ്യൻ, ഓലപണിയിൽ മിടുക്ക് തെളിയിച്ച ഇദ്ദേഹം, ഈ 67 ആം വയസ്സിലും തെയ്യത്തിൽ വളരെ സജീവം. ചെയ്ത കർമ്മങ്ങളുടെ അനുഗ്രഹത്താൽ ഇന്നും ഇദ്ദേഹം മികച്ചു നിൽകുന്നു. Courtesy : Vadakkante Theyyangal |
അന്നൂർ മധു പണിക്കർ വടക്ക് ചന്ദ്രഗിരി പുഴ മുതൽ തെക്ക് വളപട്ടണം വരെ നീണ്ടുകിടക്കുന്ന കോലത്തുനാട്ടിലേയും അള്ളടം ദേശത്തെയും ക്ഷേത്രങ്ങളിലെയും കാവുകളിലേയും കളിയാട്ടത്തിലെ നിറ സാന്നിധ്യം. |
അനീഷ് പെരുവണ്ണാൻ, വെങ്ങര ഇദ്ദേഹത്തെ പറ്റി പറയുമ്പോൾ ആദ്യമേ ഒരു കാര്യം ഇവിടെ ചേർക്കാൻ വടക്കൻ ആഗ്രഹിക്കുന്നു, അതിനു കാരണം ഇദ്ദേഹത്തിൻറ്റെ തെയ്യശൈലി തന്നെയാണ്. പഴയ തലമുറയിലെ തെയ്യത്തെ അതിൻറ്റെ എല്ലാ വിധ സൗന്ദര്യത്തിലും, ഗാഭീര്യത്തിലും, അനുഷ്ഠാനത്തിലും, കർമ്മത്തിലും തെയ്യമെന്ന ദേവ ദേവതാ സങ്കൽപത്തെ അതിൻറ്റെ തനിമ ഒട്ടും ചോരാതെ തൻറ്റേതായ ശൈലിയിൽ നമുക്ക് മുന്നിൽ കളിയാട്ട തിരുമുറ്റങ്ങളിൽ ദേവനൃത്തം ചെയ്തു ഭക്തർക്ക് വാക്കുകൊണ്ടും കുറികൊടുത്തും അനുഗ്രഹിച്ചു അവരുടെ മനസ്സു കുളിർപ്പിച്ചു. മാതമംഗലം കുറ്റൂർ സ്വദേശിയായ കണ്ണൻ കുറ്റൂരാനും, വെങ്ങരയുള്ള ചേയ്യികുട്ടിയമ്മയ്ക്കും പിറന്ന പൊന്മകൻ. വേടൻ തെയ്യം കെട്ടി കുട്ടികാലത്തു തന്നെ തെയ്യാട്ടത്തിലേക്കു കാലെടുത്തു വെച്ച ഇദ്ദേഹം, പിന്നീട് തെയ്യലോകത്തു സ്വന്തമായി ഒരു സ്ഥാനം കെട്ടിപടുത്തു. ജീവിതത്തിന്റെ തുടക്കത്തിൽ ലൈറ്റ് & സൗണ്ട് സ്ഥാപനം നടത്തുകയും പിന്നീട് കാലം കരുതിവെച്ച, ഉത്തര മലബാറിൻറ്റെ തെയ്യമെന്ന മഹത്തായ സാംസ്കാരിക പാരമ്പര്യത്തിൻറ്റെ വളരെ വേണ്ടപ്പെട്ട കണ്ണിയായി മാറുകയും ചെയ്തു. വെങ്ങര ചേണിച്ചേരി പുതിയവീട്ടിൽ പാടാർ കുളങ്ങര വീരൻ തെയ്യം കഴിച്ചാണ് ഇദ്ദേഹം തന്റെ സജീവ തെയ്യ ജീവിതം തുടങ്ങുന്നത്. അനീഷ് പെരുവണ്ണാൻറ്റെ ആദ്യകാല ഗുരു സ്വന്തം പിതാവും, തിരുവപ്പന ഗുരുസ്ഥാനികൻ സ്വന്തം ആപ്പൻ നാരായണ പെരുവണ്ണാനുമാണ്. സജീവ തെയ്യത്തിൽ ഇറങ്ങിയതിനു ശേഷം നമുക്കെല്ലാവർക്കും ആദരണീയനായ ഗുരുനാഥൻ, അതിയടത്തോറ് എന്നു വിളിക്കുന്ന അതിയടം കുഞ്ഞിരാമൻ പെരുവണ്ണാനെ ( അപ്പിച്ചി പെരുവണ്ണാൻ ) ഗുരുവായി സ്വീകരിക്കുകയും, തെയ്യത്തെ കുറിച്ചു അഗാധമായ പഠനം നടത്തുകയും, ആ വിദ്യ യഥാവിധി അഭ്യസിക്കുകയും ചെയ്തു. അനീഷ് പെരുവണ്ണാൻ സ്വന്തം സമുദായത്തിലെ പ്രധാന തെയ്യങ്ങൾ ഒക്കെയും കെട്ടിയാടിയിട്ടുണ്ട്. പുതിയ ഭഗവതി, വീരൻ, വീരാളി, കക്കര ഭഗവതി, നരമ്പിൽ ഭഗവതി, തൊണ്ടച്ചൻ, കുടിവീരൻ, ഗുരുക്കൾ, മാമ്പള്ളി ഭഗവതി, വലിയതമ്പുരാട്ടികൾ, കണ്ടനാർ കേളൻ, അന്തിത്തിറ, തിരുവപ്പൻ, ശ്രീ മുത്തപ്പൻ വെള്ളാട്ടം കന്നിക്കൊരുമകൻ തുടങ്ങി നിരവധി തെയ്യങ്ങൾക്ക് അദ്ദേഹം സ്വയംബലിയായി. കൂടാതെ മലയർ കെട്ടുന്ന ഗുളികൻ, പെരിയാട്ട് ചാമുണ്ടി തുടങ്ങിയ തെയ്യങ്ങളും ഇദ്ദേഹം കെട്ടിയാടി. വണ്ണാൻ സമുദായത്തിലെ പ്രധാന തെയ്യങ്ങളായ കണ്ണങ്കാട്ട് ഭഗവതി തിരുമുടി ഇദ്ദേഹം അണിഞ്ഞു കൂടാതെ മാടായി മുച്ചിലോട്ടുകാവിലും, വെങ്ങര മുച്ചിലോട്ടു കാവിലും, സർവ്വൈശ്വര്യ വരദായനിയായ അന്നപൂർണ്ണേശ്വരീ ശ്രീ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിഞ്ഞു. ആ സമുദായത്തിലെ പെൺകോലങ്ങളിൽ വെച്ചു ഏറ്റവും പ്രധാനപ്പെട്ടത് എന്നു പറയപ്പെടുന്ന കോലങ്ങൾ എല്ലാം അദ്ദേഹം കെട്ടികൂട്ടി. അതുപോലെ കുറ്റൂർ മൈലെഞ്ചേരി കാവിൽ വെച്ചു അദ്ദേഹം മൈലെഞ്ചേരി ഭഗവതിയുടെ കോലവും ധരിച്ചു. വയലപ്ര അണീക്കര, കതിവന്നൂർ വീരൻ തെയ്യം കെട്ടിയാണ് അദ്ദേഹത്തിന് പട്ടും വളയും കൊടുത്തു പെരുവണ്ണാൻ എന്ന ആചാരം കിട്ടിയത്. അതിനു ശേഷം അടുത്തില, ചിറയിൽ താറാവാട്ടില് വെച്ചു കണ്ടനാർ കേളൻ കെട്ടി, അടുത്തില കൂലോത്തിന്നും വീണ്ടും വള കൊടുത്തു ആദരിച്ചു. അനീഷ് പെരുവണ്ണാനെ കുറിച്ചു പറയുമ്പോൾ ഏറ്റവും ആദ്യം മനസ്സിലെത്തുക, അദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മാങ്ങാട് മന്നപ്പനായ കതിവന്നൂർ വീരൻ എന്ന തെയ്യത്തെ കുറിച്ചാണ്. കതിവന്നൂർ വീരനെ എല്ലാ അർത്ഥത്തിലും അദ്ദേഹം ധന്യമാക്കി, ആ രൂപത്തെ സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ അദ്ദേഹം മാങ്ങാട് മന്ദപ്പൻ ആയി മാറും, രൂപം കൊണ്ടും ഭാവം കൊണ്ടും കർമ്മം കൊണ്ടും വാക്കുകൊണ്ടും എല്ലാം. വെളുത്തു കുറിയ നായർ എന്നാണ് മന്ദപ്പനെ വിശേഷിപ്പിക്കുക, അതു അദ്ദേഹം കോലംകെട്ടിയാൽ കിറുകൃത്യം. തൻറ്റെ മുന്നിൽ വരുന്ന ഭക്തരെ മനസ്സിലാക്കി, അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന അദ്ദേഹത്തിന്റെ തെയ്യങ്ങൾ കാണാനും കേൾക്കാനും പ്രത്യേക സുഖം തന്നെയാണ്, വാക്കുകൾക്കും അപ്പുറം. തന്റെ വാച്ചാല് കൊണ്ടു ഭക്തരെ തൃപ്തിപ്പെടുത്തുന്ന, ആവശ്യമുള്ള കലാശങ്ങൾ ഒക്കെയും കൃത്യമായും അനുഷ്ഠിക്കുന്ന, ലക്ഷണങ്ങളും നിമിത്തങ്ങളും നോക്കി യോഗങ്ങളും വാക്കുകളും പറയുന്ന ഒരു കോലക്കാരൻ, തെയ്യത്തിലെ ഒരു മാതൃക തന്നെയാണ്. Courtesy : Vadakkante Theyyangal |
അശോകൻ മണക്കാടൻ തെയ്യകോലങ്ങളെ അകമഴിഞ്ഞ് സ്നേഹിച്ച, ദേശക്കാരുടെ ദുരിതമകറ്റുവാൻ വേണ്ടി തെയ്യം എന്ന അനുഷ്ടാനത്തെ നെഞ്ചിലെറ്റിയ, ദൈവാനുഗ്രീഹിത ജന്മം. കരിവെള്ളൂർ ദേശം ജന്മാവകാശം. കാസറഗോഡ് മുതൽ പഴയങ്ങാടി ദേശത്തിൽ വരെ 51നാം വയസ്സിനുള്ളിൽ തെയ്യം കെട്ടിയാടിയ അപൂർവ പ്രതിഭ. കൊടക്കാട് ശ്രീ പനയക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ, പള്ളകരുവേടൻ തെയ്യം കെട്ടി തെയ്യമെന്ന അനുഷ്ടാനത്തിൽ ജന്മ പാരമ്പര്യം നെഞ്ചിലെറ്റി. 1988 ൽ വീരഭദ്രൻ തെയ്യകൊലം കെട്ടാൻ വേണ്ടി ആചാരപെട്ടു. ജമ്മത്തിലെ തെയ്യങ്ങൾ എല്ലാം കെട്ടാൻ അനുഗ്രഹം ലഭിച്ച കോലധാരി. മുച്ചിലോട്ടു ഭഗവതി, ബാലി, കതിവന്നൂർ വീരൻ, പൂളോൻ, പുതിചോൻ, പണയക്കാട്ട് ഭഗവതി, വീരഭദ്രൻ, പുള്ളിഭഗവതി, ഒയലോത് ഭഗവതി, കണ്ണന്ങ്കാട്ട് ഭഗവതി, പുതിയോതി, കുരിക്കൾ, വൈരജാതൻ എന്നിങ്ങനെ അനവധി തെയ്യകോലങ്ങൾ കെട്ടി ഭക്തർക്ക് അനുഗ്രഹസായൂജ്യം നൽകിയിട്ടുണ്ട്. Courtesy : Vadakkante Theyyangal |
ഹരിദാസൻ ചെറുകുന്ന്.. ചെറുകുന്ന് ചിടങ്ങിലെ പഴയ തെയ്യം കലാകാരൻ ഗോപാല (ചാമുണ്ഡി )ന്റെയും ജാനകിയുടെയും മകനായ ഹരിദാസൻ 15 ാം വയസ്സിൽ പെരുവളത്ത് പറമ്പ് ശ്രീ പൊട്ടൻ ദൈവ ക്ഷേത്രത്തിൽ തെക്കൻ ഗുളികന്റെ തിരുമുടിയണിഞ്ഞു തുടക്കം കുറിച്ചു.. കണ്ണൂർ – കാസർഗോഡ് കാവുകളിലെ നിറസാന്നിദ്ധ്യം.ഗുളികൻ, പൊട്ടൻ ദൈവം,ധർമ്മ ദൈവം, നാഗകന്യക, കുടക്കത്തായി ഭഗവതി, വിഷ്ണു മൂർത്തി തുടങ്ങി നിരവധി കോലങ്ങൾ കെട്ടിയാടിയ ഇദ്ധേഹത്തിന്റെ വിഷ്ണു മൂർത്തി കോലം ഏറെ ശ്രദ്ധ നേടിയതാണ്. നാറാത്തു ശ്രീ ചേരിക്കൽ ഭഗവതി ക്ഷേത്രം, അത്താഴക്കുന്ന് ശ്രീ താഴക്കാവ്, പള്ളിപ്രം പുതിയ ഭഗവതി ക്ഷേത്രം, ഒടിപ്പുറം ശ്രീ പുതിയേടത്ത് ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ 24 വർഷം തുടർച്ചയായി വിഷ്ണു മൂർത്തി കോലം കെട്ടിയാടി. 100 വർഷങ്ങൾക്ക് ശേഷം കളിയാട്ടം നടന്ന കാവുമ്പായി ശ്രീ കുടക്കത്തായി ഭഗവതി ദേവസ്ഥാനത്തു തെക്കൻ ഗുളികൻ ദൈവത്തിന്റെ കോലം കെട്ടിയാടാനുള്ള ദൈവിക നിയോഗം ലഭിച്ചു. അണിയല നിർമ്മാണത്തിലും ചെണ്ടവാദ്യത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ഇദ്ധേഹം. തലശ്ശേരി അണ്ടലൂർ കാവിൽ ഉത്സവത്തിനു പുലയ സമുദായം നടത്തുന്ന കാഴ്ചവരവിൽ 22 വർഷം തുടർച്ചയായി ഇദ്ധേഹത്തിന്റെ നേതൃത്വത്തിലാണ് വാദ്യം കൊട്ടുന്നത്. ലോക പ്രശസ്ത എഴുത്തുകാരൻ വില്യം ഡാർളിമ്പിളിന്റെ 9 ജീവിതങ്ങൾ ( Nine lives ) എന്ന പുസ്തകത്തിലെ ഒരു ജീവിതകഥ തെയ്യത്തിനു മാത്രമായ് ജീവിതം ഉഴിഞ്ഞു വെച്ച ഇദ്ധേഹത്തിനെ കുറിച്ചായിരുന്നു… credit : Mahesh Kavumbayi & Varavili Facebook page |
Images
For booking related enquires, Please get in touch with us
Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)
OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning