Thimiri Valiya Valappil Chamundi Devasthanam
(ചെറുവത്തൂര്‍ തിമിരി വലിയവളപ്പിൽ ചാമുണ്ഡി ദേവസ്ഥാനം)
About this Kavu
Cheruvathur Thimiri Valiya Valappil Chamundi Devasthanam
Theyyam Every Year Thulam 1
തുലാം പിറന്നപ്പോള്‍ വാളും പരിചയുമേന്തി വലിയവളപ്പില്‍ ചാമുണ്ഡി വയലിലേക്കിറങ്ങി. നൂറുമേനി വിളയാന്‍ വയലില്‍ തെയ്യം വിത്തുവിതച്ചു. ഇനി കര്‍ഷകര്‍ക്ക് വയലില്‍ കൃഷിപ്പണിക്കാലം. തിമിരി കൊട്ടുമ്പുറം വലിയവളപ്പില്‍ ചാമുണ്ഡിദേവസ്ഥാനത്തോടനുബന്ധിച്ച വയലിലാണ് പഴമ തെറ്റാതെ വിത്തുവിതയ്ക്കല്‍ നടന്നത്. വലിയവളപ്പില്‍ ചാമുണ്ഡി വയലില്‍ വിത്തുവിതച്ച ശേഷമാണ് കര്‍ഷകര്‍ കൃഷിയിറക്കുക. പഴമക്കാര്‍ കൈമാറിയ ആചാരം പതിവ് തെറ്റിക്കാതെ നിലനിര്‍ത്തിപ്പോരുന്നു. വയലേലകളില്‍ ഐശ്വര്യവും സമൃദ്ധിയും വിതറി കൃഷി സംരക്ഷിക്കുമെന്നാണ് വിശ്വാസം. തിമിരിവയലിലെ പ്രത്യേകം തയ്യാറാക്കിയ പാടത്താണ് ചടങ്ങുകള്‍ നടന്നത്. കുരുത്തോലകൊണ്ടുള്ള തിരുമുടിയും അരയാടയും ചെമ്പട്ടുമണിഞ്ഞ് ചെണ്ടമേളത്തോടൊപ്പമാണ് തെയ്യം വയലിലിറങ്ങുന്നത്. വിത്ത് വിതച്ച തെയ്യം .താഴേക്കാട്ട് മനയും പൂവളപ്പും സന്ദര്‍ശിക്കും. ഉച്ചയോടെ കാലിച്ചോന്‍തെയ്യവും പുറപ്പെട്ടു. ഇതോടെ വയലില്‍ പുതിയൊരു കൃഷിപ്പണിക്കാലത്തിന് തുടക്കമായി. വിതയ്ക്കുന്ന തെയ്യങ്ങളുടെ കെട്ടിയാട്ടം കഴിഞ്ഞെത്തുന്ന നാളുകളിലാണ് കാവുകള്‍ ഉണരുന്ന പത്താമുദയം. താഴേക്കാട്ട് മനയുടെ അധീനതയിലായിരുന്നു പണ്ട് ഏക്കറുകളോളംപരന്നുകിടക്കുന്ന തിമിരി പ്രദേശം. വിശാലമായ ഈ നെല്‍വയല്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിക്കായിരുന്നുവെന്നാണ് നാട്ടുനടപ്പ്..