Kasaragod Chittarikkal Kammadam Bhagavathy Temple

  1. Home
  2. >
  3. /
  4. Kasaragod Chittarikkal Kammadam Bhagavathy Temple

Kasaragod Chittarikkal Kammadam Bhagavathy Temple

(ചിറ്റാരിക്കാല്‍: കമ്മാടം ഭഗവതി ക്ഷേത്രം)

About this Kavu

Dec 23-28

Dhanu 8-13

കമ്മാടം ശ്രീ ഭഗവതി ക്ഷേത്രം :

അള്ളട സ്വരൂപത്തിൽ നീലേശ്വരത്തിനു കിഴക്ക് മലയോര ഗ്രാമങ്ങളുടെ കേന്ദ്രീകൃത ബിന്ദുവിൽ, പേരിൽ തന്നെ “ശ്രീ” വിളങ്ങുന്ന കമ്മാടം ഗ്രാമം.ആദിപരാശക്തിയായ കമ്മാടത്തമ്മ കാവ്, ഇല്ലം, ക്ഷേത്രം എന്നിവ ആധാരമായി വിളങ്ങുന്ന പുണ്യ സങ്കേതം. എല്ലാ സാനിധ്യ സങ്കേതങ്ങൾക്കും കൂടി ഏകീകൃതമായി നൽകുന്ന നാമം “കമ്മാടം ശ്രീ ഭഗവതി ക്ഷേത്രം “.
അനേകം വിശേഷണങ്ങൾക്ക് അർഹമാണ് ഈ ക്ഷേത്രം.കേരളത്തിലെ ഏറ്റവും വലിയ കാവിന്റെ ഉടമസ്ഥയായ ഭഗവതിയുടെ ആസ്ഥാനം,ഇല്ലം ക്ഷേത്രമായി ആരാധിക്കപ്പെടുന്ന സ്ഥലം,ഉത്തര കേരളത്തിലെ എണ്ണം പറഞ്ഞ ശക്തി ദേവതകളുടെ ആരൂഡ സ്ഥാനം ,ബ്രാഹ്മണ,രാജ സമൂഹങ്ങൾ മുതൽ ഹരിജനങ്ങൾ വരെയുള്ള എല്ലാ സമൂഹങ്ങളുടെയും ആരാധനാ കേന്ദ്രം,അനേകം വ്യത്യസ്തമായ ആചാരാനുഷ്ടാങ്ങളും,അനേകം നിഗൂഢതകളും,കൂടാതെ ഉത്തര കേരളത്തിലെ ഏറ്റവും വലിയ തെയ്യാട്ട കേന്ദ്രങ്ങളിൽ ഒന്ന് എന്ന വിശേഷണവും(മുൻപ് ഏറ്റവും വലിയ തെയ്യാട്ട സ്ഥാനം -21 ദിവസം ).അങ്ങിനെ അനേകം സവിശേഷതകൾ.
പ്രധാന ആരാധനാ മൂർത്തികൾ തളിയിലപ്പന്റെ തായി എന്ന വിശേഷ സ്ഥാനം കല്പിക്കപ്പെട്ട കമ്മാടത്ത് ഭഗവതിയും , അഡൂർ ദേവന്റെ മാതാക്കന്മാർ എന്നറിയപ്പെടുന്ന കമ്മാടത്ത് ചാമുണ്ഡിയും (രക്തേശ്വരി) ,ചെറിയ ഭഗവതിയും (ധൂമാ ഭഗവതി) . കൂടാതെ അനേകം ആരാധനാ മൂർത്തികൾ വേറെയും.

കമ്മാടത്ത് ഭഗവതിയുടെ ആഗമനം:

കോലത്തുനാടിന്റെ രക്ഷക്കും ഐശ്വര്യത്തിനും വേണ്ടി കോലസ്വരൂപത്തിൽ എത്തിയ ആദിപരാശക്തി നാലായി പിരിഞ്ഞു കോലത്തുനാടിന്റെ നാല് ഭാഗങ്ങളിൽ നിലകൊണ്ടു. വടക്ക് മാടായി തിരുവർക്കാട്ടു ഭഗവതിയായും,തെക്ക് കളരി വാതുക്കൽ ഭഗവതിയായും , പടിഞ്ഞാറ് ചെറുകുന്ന് അന്നപൂർണേശ്വരിയായും,കിഴക്ക് മാമാനത്തമ്മയായും നിലയുറപ്പിച്ചു.എന്നാൽ കോലത്തുനാടിന്റെ അത്യുത്തര ഭാഗത്തു (എളയടത്തു സ്വരൂപം) പൂർണമായി ദേവി ചൈതന്യം എത്തുന്നില്ല എന്ന കുറവ് പരിഹരിച്ചുകൊണ്ട് അവിടെയും ആരൂഢസ്ഥയാകാനായിരുന്നു ഭഗവതിയുടെ തീരുമാനം .ആ സമയത്ത് ദാരികാസുരന്റെ പരാക്രമം അതിന്റെ ചരമ സീമയിലെത്തുകയും മാടായി തിരുവർകാട്ട് ഭഗവതി കോപിഷ്ഠയായി ദാരുകൻ കോട്ടയിലെത്തുകയും ഘോരയുദ്ധാനന്തരം തന്റെ ദണ്ഡുകൊണ്ട് അവനെ നിഗ്രഹിക്കുകയും തുടർന്നും ശാന്തയാകാതെ ഉഗ്രകോപത്തോടെ ദാരികനെ വധിച്ച ദണ്ഡ് വടക്കു കിഴക്കു ദിശ നോക്കി വലിച്ചെറിയുകയും ചെയ്തു.രക്താഭിഷിക്തമായ ആ ദണ്ഡ് ഇന്നത്തെ കമ്മാടം ഗ്രാമത്തിൽ ഇളയടത്തു ചേരിക്കല്ല് എന്നറിയപ്പെടുന്ന സ്ഥലത്തെ ദണ്ഡകവന സമമായ ഘോര വനത്തിൽ പതിക്കുകയും അതോടൊപ്പം തന്നെ ദേവീ ശക്തി അഘോരമായ മഹാകാളീരൂപത്തിൽ ഇവിടേക്ക് (എളയടത്തു സ്വരൂപം) എത്തിച്ചേരുകയും ചെയ്തു. അഘോരമായ രൂപത്തിൽ വളരെക്കാലം ഇവിടെ കഴിഞ്ഞ ഭഗവതി ക്രമേണ വളരെ മനോഹരമായ കാനന ഭംഗിയിലും ശാന്തതയിലും ഏകാന്തതയിലും ആകൃഷ്ടയാവുകയും ക്രമേണ രൗദ്ര ഭാവം വെടിയുകയും ശാന്തമായ രൂപം സ്വീകരിച്ചുകൊണ്ട് പ്രകൃതീശ്വരിയായി,അന്നപൂർണേശ്വരിയായി, ശ്രീ പാർവതിയായി ,എളയടത്തമ്മയായി നിലകൊള്ളുകയും ചെയ്തു എന്ന് ഐതിഹ്യം .കമ്മാടത്തമ്മ പല രൂപത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അന്നപൂർണേശ്വരിയായ ശ്രീ പാർവതി എന്ന ആദി മഹാകാളി സങ്കല്പത്തിനാണ് പ്രാധാന്യം എന്ന് കരുതപ്പെടുന്നു.

നീലേശ്വരം രാജവംശവും തുളു ബ്രാഹ്മണരുടെ ആഗമനവും :

വർഷങ്ങൾക്കുശേഷം കോലത്തിരി സാമൂതിരി രാജവംശങ്ങൾ സംഗമിച്ചപ്പോൾ നീലേശ്വരം രാജവംശം സ്ഥാപിതമായി.പയ്യന്നൂർ പെരുമാളും തളിയിൽ പെരുംതൃക്കോവിലപ്പനും മുൻപേ ക്ഷേത്രപാലനും കാളരാത്രിയും സ്വരൂപ ദേവതകളായി. തെളിയിലപ്പന്റെ ആജ്ഞ പ്രകാരം നീലേശ്വരം വലിയ രാജാവിന് അരയി ചേരിക്കല്ലും ഇളയ രാജാവിന് എളയടത്തു ചേരിക്കല്ലും പ്രധാന കർമസ്ഥാനങ്ങളായി നിശ്ചയിക്കപ്പെട്ടു. നീലേശ്വരത്തിന്റെ ഭരണക്രമപ്രകാരം വലിയ രാജാവിന്റെയും ഇളയ രാജാവിന്റെയും കാര്യകർമാദികൾ നിർവഹിക്കുവാൻ കാര്യംപറ അവകാശികൾ എന്ന സ്ഥാനപ്പേരോടുകൂടിയ മന്ത്രിമാരും നിയമിക്കപ്പെട്ടു.ഇളയ രാജാവായിരുന്നു സർവ സൈന്യാധിപൻ.

എളയടത്തു ചേരിക്കല്ലിനു അധികാരിയായ ഇളയരാജാവ് തന്റെ കാര്യം പറ അവകാശി സ്ഥാനം നീലേശ്വരത്തെ എളയടത്തു കുറുവാട്ട് തറവാട്ടിലേക്ക് നൽകുകയും അവർക്കു എളയടത്തു കാര്യം പറ അവകാശി എന്ന സ്ഥാനപ്പേരും, എളയടത്തു ചേരിക്കല്ലിന്റെ സംരക്ഷക സ്ഥാനവും നൽകുകയും ചെയ്തു.ആ സമയത്ത് അള്ളട സ്വരൂപത്തിൽ ബ്രാഹ്മണരുടെ കാര്യമായ കുറവ് വന്നപ്പോൾ രാജാവ് തുളുനാട്ടിൽ നിന്ന് ബ്രാഹ്മണരെ വരുത്തി.അവരിൽ കുറച്ചു ബ്രാഹ്മണ കുടുംബങ്ങൾ നീലേശ്വരത്തെ മധുരംകൈ ഗ്രാമത്തിൽ എത്തി. അവർ കൂട്ടമായി “മധുരംകൈ പത്തില്ലം തന്ത്രിമാർ ” എന്ന പേരിൽ അറിയപ്പെട്ടു. അവർ അവിടെ നിന്ന് പിന്നെയും സഞ്ചരിക്കുകയും അള്ളട സ്വരൂപത്തിൽ പല സ്ഥലങ്ങളിലും താമസമാക്കുകയും ചെയ്തു.ആ സമൂഹത്തിൽ ഒരു പ്രധാന താന്ത്രിക മാന്ത്രിക കുടുംബമായിരുന്ന അടുക്കത്തായർ കുടുംബത്തെ സർവ സൈന്യാധിപനായ ഇളയ രാജാവ് രാജ്യരക്ഷക്കായും ശത്രുവിനാശത്തിനായും താന്ത്രിക മാന്ത്രിക കർമങ്ങൾ നിർവഹിക്കുവാൻ ചുമതലപ്പെടുത്തി.അവരുടെ ഒരു താവഴിക്ക് കമ്മാടം ഗ്രാമത്തിൽ എളയടത്തു ചേരിക്കല്ലിൽ ഒരു ഇല്ലം പണികഴിപ്പിച്ചു കൊടുക്കുകയും എളയടത്തു കുറുവാട്ട് കാര്യം പറ അവകാശിയെ സംരക്ഷണം ഏൽപ്പിക്കുകയും ചെയ്തു. ആ താവഴി കമ്മാടത്തടുക്കംഎന്നറിയപ്പെട്ടു.മീത്തലുക്കം,തായലടുക്കം,ചെറുവത്തൂരടുക്കം എന്നിവയായിരുന്നു മറ്റു താവഴികൾ.

കമ്മാടത്ത് ചാമുണ്ടിയുടെ (രക്തേശ്വരി) ആഗമനം:

താന്തിക മാന്തിക കർമങ്ങളിൽ അഗ്രഗണ്യനായ അടുക്കത്ത് തന്ത്രികൾ ഒരിക്കൽ അഡൂർ മഹാലിംഗേശ്വര ക്ഷേത്ര ദർശനത്തിനായി പോവുകയും മഹാദേവി കവിടിയങ്ങാനത്ത് രക്തേശ്വരിയുടെ പ്രഭാവത്താൽ ആകർഷിക്കപ്പെടുകയും ആ ദേവി ചൈതന്യത്തെ തന്റെ കമ്മാടത്തില്ലത്തേക്ക് കൊണ്ടുപോവാൻ ആഗ്രഹിക്കുകയും ചെയ്തുവത്രേ . ദേവിയുടെ ആഗ്രഹവും മറ്റൊന്നായിരുന്നില്ല എന്ന് പറയപ്പെടുന്നു. പക്ഷെ മഹാമാന്ത്രികനായ അടുക്കത്തായർ മഹാദേവന്റെ അനുവാദം വാങ്ങാതെ തന്റെ മന്ത്രബലത്താൽ ദേവിയെ ആവാഹിക്കുകയും അവിടെ നിന്ന് കൊണ്ടുപോവുകയും ചെയ്തു. കാര്യം ഗ്രഹിച്ച മഹാദേവൻ കുപിതനാവുകയും അടുക്കത്തായർ ഇനി മുതൽ അഡൂർ ദേവ സന്നിധിയിൽ പ്രവേശിക്കരുതെന്നു വിലക്കുകയും രക്തേശ്വരിയെ ചാമുണ്ഡി ആയിത്തീരട്ടെ എന്ന് ശപിക്കുകയും ചെയ്തത്രേ. തിരിച്ചെത്തിയ അടുക്കത്ത് തന്ത്രികൾ രക്തേശ്വരിയായ ചാമുണ്ഡിയെ തന്റെ ആരാധനാമൂർത്തിയായ ധൂമാവതിയുടെ കൂടെ ഇല്ലത്തിനു അധിപതിയായി കുടിയിരുത്തുകയും ചെയ്തു.രക്ഷകനായ എളയടത്തു കുറുവാട്ട് കാര്യം പറ അവകാശിയാൽ ആചരിക്കപ്പെട്ട താഴെ ചാമുണ്ടിയും ഗുളികനും രക്തേശ്വരിയുടെ ആജ്ഞാനുസാരം ഇല്ലത്തിന്റെ രക്ഷകരായി താഴെക്കാവ് ആധാരമായി നിലയുറപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.

കമ്മാടത്ത് ഭഗവതിയുടെ ഇല്ലത്തേയ്ക്കുള്ള ആഗമനവും ക്ഷേത്രാരാധനയും:

രക്തേശ്വരിയുടെ ആഗമനത്തോടെ കൂടുതൽ പ്രബലനായ അടുക്കത്ത് തന്ത്രികൾ തന്റെ മാന്ത്രിക താന്ത്രിക വൃത്തികൾ തുടർന്നു പോരുകയും പിൽക്കാലത്ത് കൂടുതൽ വസ്തുവകകൾ ആർജ്ജിക്കുകയും അവയിൽ കൃഷി, കന്നുകാലി വളർത്തൽ മുതലായ കാര്യങ്ങൾ നടത്തിപ്പോരുകയും ചെയ്തു വരികയും അവർക്ക് അനേകം കാലിയാൻമാരും സഹായികളും ഉണ്ടായിത്തീരുകയും ചെയ്തു . അവരിൽ പ്രധാനിയായിരുന്നു “കടയങ്കൻ “. ഒരു ദിവസം കറവയുള്ള ഒരു പശുവിനെ കാണാതാവുകയും കടയങ്കൻ അതിനെ അന്വേഷിച്ചു പുറപ്പെടുകയും എവിടെയും കണ്ടുകിട്ടാത്തതിനാൽ അതിനെ തിരഞ്ഞ് ഭഗവതി സാന്നിധ്യമുള്ള വനത്തിൽ പ്രവേശിക്കുകയും അവിടെ പശു പാൽ ചുരത്തിക്കൊണ്ട് നിൽക്കുന്നതും അതിന്റെ സമീപത്ത് കാട്ടുവള്ളികൾ കൊണ്ടുള്ള ഒരു ഊഞ്ഞാലിൽ ശുഭ്രവസ്ത്രധാരിണിയും,സർവ്വാഭരണ വിഭൂഷിതയും അതി സുന്ദരിയുമായ ഒരു സ്ത്രീ ഇരുന്ന് ആടുകയും ഇടക്ക് നിലത്തുകിടന്ന സ്വർണ൦, രത്ന൦, മുത്ത് എന്നിവയുടെ കൂനകളിൽ കാൽകൊണ്ട് തട്ടി രസിക്കുകയും ചെയ്തുകൊണ്ടിരുന്നത് കാണുകയും ചെയ്തു . ഭയചകിതനായ കടയങ്കനെ കണ്ട ആ ദിവ്യരൂപം അവനോട് പശുവിനെ കൊണ്ടുപോയ്ക്കൊള്ളാനും തന്നെ ഇവിടെ കണ്ട കാര്യം ആരെയും അറിയിക്കാതിരിക്കാനും ആവശ്യപ്പെട്ടു.ഇല്ലത്തെത്തിയ കടയങ്കന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അടുക്കത്ത് തന്തികൾ കാര്യം തിരക്കുകയും കടയങ്കൻ കണ്ട കാര്യം പറയുകയും ജ്ഞാനിയായ തന്ത്രിക്ക് കാര്യം മനസ്സിലാവുകയും ചെയ്തു . പ്രകൃതീശ്വരിയായ സാക്ഷാൽ പരാശക്തിയാണ് അതെന്നും ആ ശക്തിയെയും തന്റെ ഇല്ലത്തേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം തീരുമാനിച്ചു. ഒരു കോഴിയേയും എടുത്തുകൊണ്ട് തന്റെ കൂടെ വരാൻ കടയങ്കനോട് ആവശ്യപ്പെട്ടു.കാര്യം ഗ്രഹിച്ച ഭഗവതി സാത്വിക വേഷം വെടിഞ്ഞ് ഘോരമായ യോഗിനീ രൂപം സ്വീകരിച്ചു.ഇരുന്നിരുന്ന ഭീമാകാരമായ പാറ രണ്ടായി പിളർത്തി അതിനിടയിലൂടെ ഭൂമിക്കടിയിലേക്ക് അന്തർദ്ധാനം ചെയ്യാൻ തുടങ്ങി. അപ്പോഴേക്കും അവിടെ എത്തിയ തന്ത്രിയും കടയങ്കനും ഈ കാഴ്ച കണ്ട അന്ധാളിക്കുകയും ഭയചകിതനായ കടയങ്കൻ ബലിനൽകാനായി കൊണ്ടുവന്ന കോഴിയെ ദൂരെ എറിഞ്ഞ് തിരിഞ്ഞോടുകയും ചെയ്തു . ഗത്യന്തരമില്ലാതെ തന്ത്രി തന്റെ കൈവിരൽ മുറിച്ചു രക്തം വീഴ്ത്തി.അതോടെ ദേവിയുടെ താഴോട്ടുള്ള ചലനം നിലച്ചു.കഴുത്തുമുതൽ മുകളിലോട്ടുള്ള ഭാഗം മാത്രം ദൃശ്യമായി.തന്തിയുടെ പ്രവൃത്തിയിലും ഭക്തിയിലും സന്തുഷ്ടയായ ഭഗവതി തന്റെ അസ്തിത്വം അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും താൻ ഒരു മന്ത്രത്തിന്നും തന്തത്തിനും പൂർണമായി വശംവദയല്ലെന്നും അദ്ദേഹത്തെയും ഭക്തജനങ്ങളെയും അനുഗ്രഹിക്കാൻ ഇല്ലത്തേക്ക് വരുമെന്നും പൂജാദി കർമങ്ങൾ കഴിഞ്ഞാൽ തിരികെ പ്രകൃതിയായ കാവിലേക്ക് തന്നെ മടങ്ങി വരികയും ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു.കൂടാതെ തന്റെ ആഗമനം ചിറക്കൽ,നീലേശ്വരം രാജസ്ഥാനങ്ങളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നെ തന്തിയുടെ കൂടെ കമ്മാടത്ത് ഇല്ലത്തേക്ക് ആഗമിച്ചു.ഭഗവതിയെക്കണ്ട് പടിഞ്ഞാറ്റയിൽ ഇരുന്നിരുന്ന കമ്മാടത്ത് ചാമുണ്ഡി അമ്മ തന്റെ പീഠത്തിൽ നിന്ന് എഴുന്നേൽക്കുകയും ആ സ്ഥാനം ഭഗവതിക്ക് നൽകി തൊട്ടടുത്ത ഉത്തമ സ്ഥാനത്ത് അഡൂർ ദേവനെ ദർശിക്കത്തക്ക വിധത്തിൽ ആസനസ്ഥയാവുകയും ചെയ്തു എന്ന് ഭഗവതിയുടെ കമ്മാടം ഇല്ലത്തേക്കുള്ള ആഗമനത്തെക്കുറിച്ചുള്ള ഐതിഹ്യം പറയുന്നു.പിൽക്കാലത്തു ഭഗവതിക്ക് അഭിമുഖമായി ഒരു നട നിർമിക്കുകയും ആ നട തളിയിലപ്പന്റെ നട എന്നപേരിൽ അറിയപ്പെടുകയും ചെയ്തു,

കമ്മാടം ഭഗവതി ക്ഷേത്ര സങ്കല്പം:

അടുക്കത്ത് തന്ത്രികൾ സംരക്ഷകരായ എളയടത്ത് കാര്യം പറ അവകാശി മുഖാന്തിരം ചിറക്കൽ,നീലേശ്വരം രാജസ്ഥാനങ്ങളെ കോലസ്വരൂപത്തിങ്കൽ പരാശക്തിയുടെ ആഗമന൦ അറിയിക്കുകയും ,സ്വരൂപ ദേവതയുടെ ആഗമനം അറിഞ്ഞ ചിറക്കൽ തമ്പുരാൻ ഭഗവതിക്ക് അർഹമായ എല്ലാ സ്ഥാനമാനങ്ങളും നൽകണമെന്ന് നീലേശ്വരം രാജാവിനോട് ആവശ്യപ്പെട്ടു. നീലേശ്വരം രാജാവ് സകല കാര്യങ്ങളും നേരായ വിധം നടത്താൻ ഇളയ രാജാവിന് ആജ്ഞ നൽകുകയും ,കമ്മാടത്ത് ഇല്ലത്തെത്തിയ ഇളയരാജാവ് ദേവീഹിതം ആരായുകയും താൻ ആരൂഡസ്ഥയായ ഇല്ലം ഒരു ക്ഷേത്രമായി ആരാധിക്കപ്പെടണം എന്ന ആഗ്രഹം മാനിച്ച് അത് അംഗീകരിക്കുകയും അതിനു ആവശ്യമായ സ്വത്തുവകകൾ ദേവി തന്നെ സ്വീകരിച്ചു കൊള്ളാൻ ആവശ്യപ്പെടുകയും ചെയ്തു. സ്വരൂപാധിപതിയായ ഭഗവതിയുടെ ക്ഷേത്രത്തിന്റെ ഉത്തരവാദിത്വം ഇളയ രാജാവ് നേരിട്ട് ഏറ്റെടുക്കുകയും തന്റെ കീഴിൽ ക്ഷേത്രത്തിന്റെ മുഖ്യ സംരക്ഷകനായി എളയടത്ത് കുറുവാട്ട് എളയടത്ത് കാര്യം പറ അവകാശിയെയും മറ്റു രക്ഷകരായി സ്ഥലത്തെ നാൽവർ എന്ന് അറിയപ്പെടുന്ന നാല് പ്രമുഖ നായർ തറവാട്ടുകാരായ പാട്ടത്തിൽ (രാമപുരത്ത് കാര്യം പറ അവകാശി),പള്ളിക്കൈ,ചെറൂട്ട ,ബിരിക്കുളത്ത് കോട്ടയിൽ എന്നിവരെ നിയമിക്കുകയും ശേഷം ഇവർ ഉൾപ്പെടെ തന്റെ 1200 നായന്മാരെ ദേവിക്ക് അധീനതയിലാക്കുകയും ചെയ്തു. കൂടാതെ ഗുരുസ്ഥാനം കല്പിച്ചു കരിന്തളത്ത് മൂത്ത ഗുരുക്കൾക്ക് ആചാരവും നൽകി.

കമ്മാടത്ത് ഭഗവതിയുടെ ആജ്ഞപ്രകാരം കമ്മാടത്ത് ചാമുണ്ഡേശ്വരിയുടെ അനുവാദത്താൽ ക്ഷേത്രത്തിനായുള്ള കാര്യങ്ങൾ നീലേശ്വരം രാജാവിനാൽ തീരുമാനിക്കപ്പെടുകയും ചെയ്തു.ക്ഷേത്രമായ ഇല്ലത്തിന്റെ താന്ത്രിക മാന്തിക കർമ്മങ്ങളിലും മറ്റും അടുക്കത്ത് തന്ത്രി കുടുംബത്തിന് സഹായികളായി അവരുടെ സമൂഹമായ മധുരംകൈ പത്തില്ലം തന്ത്രിമാരെഏർപ്പെടുത്തി.ഇളയ രാജാവിന് കീഴിൽ മുഖ്യ രക്ഷകനായി എളയടത്ത് കുറുവാട്ട് എളയടത്ത് കാര്യം പറ അവകാശിയും,പിന്നെ നാൽവരും,തുടർന്ന് 1200 നായന്മാരും. ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്കും ഉത്സവാദി കാര്യങ്ങൾക്കും പ്രധാന കർമ്മിയായി കടയങ്കനും നിലകൊണ്ടു.കൂടാതെ താന്ത്രിക മാന്ത്രിക കർമങ്ങൾ ഒഴികെയുള്ള അടിയന്തിരാദികൾക്കും ഉത്സവങ്ങൾക്കും മറ്റ് ക്ഷേത്ര സംബന്ധമായ കാര്യങ്ങൾക്കും വ്യക്തമായ ഒരു രൂപരേഖ( ഗ്രന്ഥവരി )വേണമെന്നും ആ കാര്യങ്ങളുടെ ശരിയായ നടത്തിപ്പിന്റെ മേൽനോട്ടത്തിനായി മുഖ്യ രക്ഷകനായ എളയടത്ത് കുറുവാട്ട് എളയടത്ത് കാര്യം പറ അവകാശിയുടെ കുടുംബത്തിൽ നിന്നും കമ്മാടം ക്ഷേത്രത്തിലേക്ക് മാത്രമായി ഒരു വ്യക്തി ആചാരം വഹിക്കണമെന്നും ഭഗവതിയുടെ ആജ്ഞയുണ്ടായി.അത് പ്രകാരം ഇളയ രാജാവ് എളയടത്ത് കാര്യം പറയുന്നവരുടെ അനുവാദത്തോടെ “മേനോക്കി നായർ” എന്ന സ്ഥാനപ്പേരോടെ ഒരു ആചാരം ഏർപ്പെടുത്തുകയും അവർക്ക് താമസിച്ചുക്ഷേത്രകർമങ്ങൾ നടത്താൻ ഇല്ലത്തിനു സമീപത്തെ കളപ്പുര ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ ആചാരം വഹിച്ച “എളയടത്ത് കുറുവാട്ട് മേനോക്കി നായർ” നീലേശ്വരത്തെ മുഖ്യ തറവാട്ടിൽ നിന്ന് കമ്മാടത്തെ “പുതിയ ഇടത്തിലേക്ക് ” താമസം മാറ്റി ക്ഷേത്രകർമങ്ങൾക്ക് മേൽനോട്ടം വഹിച്ചു. പിന്നീട് മേനോക്കിനായർ “എളയടത്ത് കുറുവാട്ട് പുതിയടത്ത് മേനോക്കിനായർ” എന്നും കമ്മാടം ക്ഷേത്രത്തിലെ കർമങ്ങളുടെ രൂപരേഖ “മേനോക്കിനായരുടെ ഗ്രന്ഥവരിപ്പട്ടോല ” എന്നും അറിയപ്പെട്ടു.ഈ പട്ടോല പ്രകാരമാണ് കമ്മാടം ക്ഷേത്രകാര്യങ്ങൾ നടന്നു വരുന്നത്. അതിനാൽ കമ്മാടത്ത് ഭഗവതിയുടെ ആദ്യനായർ സ്ഥാനം എളയടത്ത് കുറുവാട്ട് തറവാട്ടിലേക്ക് ആയിത്തീർന്നു.ഇവർ പിന്നീട് പുതിയടത്ത് കുറുവാട്ട് എന്ന പേര് സ്വീകരിച്ചു കാണുന്നു.ഭഗവതിയുടെ വാചാലിൽ എന്റെ എളയടത്ത് കാര്യം പറയുന്നവരും അനന്തിരവരും എന്ന് ആദ്യ പാദത്തിൽ തന്നെ പറയുന്നുണ്ട്.മേനോക്കി നായരടക്കമുള്ള എല്ലാ നായർ സ്ഥാനികരും എളയടത്ത് കുറുവാട്ട് എളയടത്ത് കാര്യം പറ അവകാശി എന്ന മുഖ്യ രക്ഷകനു കീഴെ ആയിട്ടാണ് ഗ്രന്ഥവരിയിൽ കാണുന്നത്. തുടർന്ന് ഭഗവതി അള്ളട സ്വരൂപത്തിൽ 18 സ്ഥാനങ്ങളിൽ സഞ്ചരിക്കുകയും ദേവിക്ക് നൽകിയ വാക്കുപ്രകാരം നീലേശ്വരം രാജാവ് അവിടങ്ങളിലെ വസ്തുവകകൾ ദേവിക്ക് അനുവദിച്ചു കൊടുക്കുകയും ആ സ്ഥാനങ്ങൾ 18 ചേരിക്കല്ലുകൾ എന്നറിയപ്പെടുകയും ചെയ്തു.ആ സ്ഥലങ്ങളിലെ വസ്തു വകകളിൽ നിന്നുള്ള വരുമാനം ക്ഷേത്രത്തിലേക്ക് ഉത്സവ കാലഘട്ടങ്ങളിൽ എത്തിക്കാൻ ഓരോ അധികാരികളെ ഏല്പിക്കുകയും ചെയ്തു.
അടുക്കത്ത് തന്ത്രി ഉൾപ്പെടുന്ന മധുരംകൈ പത്തില്ലം തന്ത്രിമാരുടെ ഇല്ലങ്ങളിലും ,നീലേശ്വരം രാജാവിന്റെ കോവിലകങ്ങളിലും,കുറുവാട്ട് തറവാടുകളിലും കടയങ്കൻ മുതലായ അവകാശികളുടെ തറവാടുകളിലും ഭഗവതി സ്ഥാനമുറപ്പിച്ചു.ക്ഷേത്രത്തിലെ നാൽവർ സ്ഥാനികരായ പാട്ടത്തിൽ, പള്ളിക്കൈ തറവാട്ടുകാരുടെ കെട്ടും മട്ടും ആചാരവും കണ്ട് കൊതിച്ചു കമ്മാടത്തമ്മ ഒരു പൊങ്ങു തടി ആധാരമായി അവരുടെ പുങ്ങംചാൽ കളരിവാതുക്കൽ മുൻപായി ശേഷിപ്പെട്ടു . അതുപോലെ കമ്മാടത്ത് നിന്ന് ഒരു മടയുണ്ടാക്കി ഭഗവതി അടക്കമുള്ള സാന്നിധ്യങ്ങൾ ചെറൂട്ട തറവാട്ടുകാരുടെ ആസ്ഥാനമായ കിനാനൂരിൽ എത്തുകയും അത് കിനാനൂർ ചെറൂട്ട മടയിക്കാവ് എന്നറിയപ്പെടുകയും ചെയ്തു.കൂടാതെ അള്ളട സ്വരൂപത്തിന്റെ 4 പുറം 7 കൊഴുവലുകളിലും മറ്റിടങ്ങളിലും കോലസ്വരൂപത്തിന്റെ ഉത്തര ഖണ്ഡത്തിലും ഭഗവതി സഞ്ചരിക്കുകയും സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു.

കമ്മാടം ഭഗവതി ക്ഷേത്ര സമുച്ചയം:

കമ്മാടത്തില്ലം, കമ്മാടം വലിയ കാവ് , കമ്മാടം താഴെക്കാവ്, കമ്മാടം കാലിച്ചാൻ കാവ് എന്നിവ ചേർന്നതാണ് കമ്മാടം ഭഗവതി ക്ഷേത്രം.കമ്മാടത്തില്ലം ക്ഷേത്രവും , വലിയ കാവ് ഭഗവതിയുടെ ആരൂഢവും, താഴെക്കാവ് ക്ഷേത്രത്തിന്റെ രക്ഷകരായ താഴെ ചാമുണ്ടിയുടെയും ഗുളികന്റെയും ആസ്ഥാനവും, കാലിച്ചാൻ കാവ് കാലിച്ചാൻ ദൈവത്തിന്റെ സങ്കേതവും ആകുന്നു.

പൂജാ ക്രമങ്ങൾ :

ക്ഷേത്രം എന്ന സങ്കൽപം കൂടാതെ ഇല്ലം എന്നുള്ള സ്ഥാനവും ഉള്ളതുകൊണ്ട് ഇവിടെ നിത്യപൂജ പതിവില്ല. അതിനാൽ സംക്രമ പൂജയായാണ് നടത്തുന്നത്. ഐതിഹ്യ പ്രകാരം ഭഗവതിക്ക് ഇവിടെ നിത്യ സാനിധ്യം ഇല്ലാത്തതിനാൽ ദേവിയുടെ ആജ്ഞ പ്രകാരം വലിയ കാവിൽ നിന്ന് ദേവിയെ ഇല്ലത്തേക്ക് കൊണ്ടുവന്നാണ് പൂജ നടത്തേണ്ടത്. അതിനാൽ ഇല്ലത്തിന്റെ അധികാരി തന്നെ കാവിൽ ചെന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ട് വരികയാണ് ചെയ്തിരുന്നത്. ഇന്ന് ക്ഷേത്രം ശാന്തിക്കാരനാണ് ആ കർമം നിർവഹിക്കുന്നത്.കാവിലേക്കു പൂജയ്ക്കുള്ള യാത്രയും തിരിച്ചു വരവും വളരെ പ്രസിദ്ധമാണ്. വലിയ മണിയും മുഴക്കിയാണ് പൂജയ്ക്കുള്ള യാത്ര.ഭഗവതിയുടെ മൂലസ്ഥാനത്തുള്ള പൂജ കഴിച്ചു തിരിച്ചു വന്നാൽ ക്ഷേത്രത്തിലെ കർമങ്ങൾ തുടങ്ങുന്നു. പൂജക്കുള്ള യാത്രയിൽ കാർമ്മികന്റെ കൂടെ രക്ഷകനായ കുറുവാട്ട് കോയ്മയും കടയങ്കനും എപ്പോഴും ഉണ്ടാവേണ്ടതാണ് എന്നതാണ് ആചാരം.
ഇല്ലത്തെ പൂജ കഴിഞ്ഞ ശേഷം താഴെ കാവിലെ കർമങ്ങൾക്കുവേണ്ട സാധനങ്ങൾ നൽകുകയും മാവില സമുദായത്തിന്റെ കർമി അതേറ്റു വാങ്ങി താഴെ കാവിലെ കലശ കർമങ്ങൾ നിറവേറ്റുകയും പിന്നീട് കുറുവാട്ട് കോയ്മയുടെ പുതിയടത്ത് തറവാട്ടിലെത്തി ദീപം കണ്ട് അവിടെ നിന്ന് ഭക്ഷണം സ്വീകരിച്ചു മടങ്ങുന്നതുമാണ്. നിറ പുത്തരി തുലാമാസത്തിൽ നടത്തപ്പെടുന്നു.

കളിയാട്ടം :

പുരാതന കാലത്ത് ഉത്തര കേരളത്തിലെ ഏറ്റവും വലിയ തെയ്യാട്ട സ്ഥാനം എന്ന പെരുമ നേടിയ മഹാക്ഷേത്രമായിരുന്നു കമ്മാടം ശ്രീ ഭഗവതി ക്ഷേത്രം.വൃശ്ചികം 21 മുതൽ ധനു 13 വരെ 21 ദിവസങ്ങളിലായി കളിയാട്ട മഹോത്സവം സമുചിതമായി കൊണ്ടാടിയിരുന്നു അതി സമ്പന്നമായ ഈ മഹാക്ഷേത്രം. 18 ചേരിക്കല്ലുകളും അതിന്റെ കൈകാര്യ കർത്താക്കളും ക്ഷേത്രം അവകാശികളും ഓരോ ദിവസത്തെ കളിയാട്ടം നടത്തിയിരുന്നു. ഈ കാര്യങ്ങളുടെ ഏകോപനത്തിനുവേണ്ടി കമ്മാടത്തില്ലം ബ്രാഹ്മണരുടെ അധികാരപ്രകാരം “കാര്യസ്ഥ നായര് ” എന്ന സ്ഥാനികനെ 12 വർഷത്തേക്ക് നിയമിക്കുക പതിവായിരുന്നു. കാര്യസ്ഥ നായര് സ്ഥാനപ്രകാരം കുറുവാട്ട് മേനോക്കി നായർക്ക് സമ സ്ഥാനീയനും എന്നാൽ കുറുവാട്ട് കാര്യം പറ അവകാശിക്ക് കീഴിലുമായിരുന്നു. എളയടത്ത് ചേരിക്കല്ല് കളിയാട്ടം നീലേശ്വരം ഇളയരാജാവും,എളേരി ചേരിക്കല്ല് കളിയാട്ടം തെക്കേ കോവിലകവും,പരപ്പ ചേരിക്കല്ല് കളിയാട്ടം കക്കാട്ട് മഠത്തിൽ കോവിലകവും,മൗവ്വേനി ചേരിക്കല്ല് കളിയാട്ടം കിണാവൂർ കോവിലകവും,പ്ലാച്ചിക്കര ചേരിക്കല്ല് കളിയാട്ടം പള്ളിയത്ത് തറവാട്ടുകാരും, ചെങ്ങടക്കത്ത് ചേരിക്കല്ല് കളിയാട്ടം കാര്യസ്ഥനായരും,പാലാ ചേരിക്കല്ല് കളിയാട്ടം പാലായി നുച്ചിക്കാട്ട് കുറുവാട്ട് തറവാട്ടുകാരും, ധനു പത്താം തീയ്യതിയിലെ കളിയാട്ടം കുറുവാട്ട് മേനോക്കിനായരും നടത്തി വന്നിരുന്നു.പിന്നീടുള്ള കാലങ്ങളിൽ ഭൂപരിഷ്കരണ നിയമ പ്രകാരവും മറ്റും ക്ഷേത്രത്തിനു വമ്പിച്ച സ്വത്ത് നഷ്ടപ്പെടുകയും കൈകാര്യ കർത്താക്കളുടെ അധികാര ദുർവിനിയോഗവും മറ്റും കൊണ്ട് ക്ഷേത്ര സ്വത്തുക്കൾ അന്യാധീനപ്പെടുകയും ക്ഷേത്രം ക്ഷയിക്കുകയും ചെയ്തു. പിന്നീട് ഹിന്ദുമത ധർമ്മ സ്ഥാപന വകുപ്പ് ക്ഷേത്രം ഏറ്റെടുക്കുകയും ക്ഷേത്രഅവകാശികളും നാട്ടുകാരും ചേർന്ന് ക്ഷേത്രത്തിലെ കളിയാട്ടം പുനരാരംഭിക്കുകയും ചെയ്തു.

ധനു മാസം 8 മുതൽ 13 വരെ 6 ദിവസങ്ങളിലായാണ് ഇപ്പോൾ കളിയാട്ടം നടക്കുന്നത്.കമ്മാടത്ത് ഭവതി,കൂടെയുള്ളോർ, കമ്മാടത്ത് ചാമുണ്ഡി,കമ്മാടത്ത് ചെറിയ ഭഗവതി,വിഷ്ണുമൂർത്തി, താഴെ ചാമുണ്ഡി ,ഗുളികൻ, കുറത്തി, ഭൈരവർ, കുട്ടിച്ചാത്തൻ, മാഞ്ഞാളമ്മ, കാലിച്ചാൻ ദൈവം,അന്തിയണങ്ങും ഭൂതം, ഇല്ലത്തമ്മ, എമ്പരാശാൻ തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നു. എല്ലാ കളിയാട്ട ദിവസങ്ങളിലും ഉച്ചക്ക് ഇല്ലത്തിന്റെ കാരണവർ തന്ത്രിയും, മേൽശാന്തിയും, കുറുവാട്ട് കോയ്മ , നാൽവർ ,കടയങ്കൻ തുടങ്ങി മറ്റു ക്ഷേത്ര സ്ഥാനികരും, അവകാശികളും, കോലധാരികളും കാവിൽ ചെന്ന് ഭഗവതിയെ മൂല സ്ഥാനത്തു നിന്നും ക്ഷേത്രത്തിലേക്ക് ആവാഹിച്ചു കൊണ്ടുവരുന്നതോടുകൂടി ഒരു ദിവസത്തെ കളിയാട്ടം ആരംഭിക്കുന്നു.ഇത് “കാവിൽ നിന്നുള്ള വരവ്” എന്ന പേരിൽ പ്രസിദ്ധമാണ് . കോലധാരികൾ കൊടിയില വാങ്ങുന്നതും കാവിൽ വച്ച് തന്നെയാണ്. മുൻകാലങ്ങളിൽ ഈ യാത്രക്ക് കരിന്തളത്ത് മൂത്തഗുരുക്കൾ വാളും പരിചയും ധരിച്ചു അകമ്പടി സേവിക്കുകയും 1200 നായന്മാരുടെ പ്രതിനിധികൾ പങ്കെടുക്കുകയും ചെയ്തിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തെയ്യക്കോലങ്ങൾ പുറപ്പെടുന്നത് രാത്രിയിലാണ്.ധനു 8 ,9 ,10 ,11 തീയതികളിൽ തെയ്യക്കോലങ്ങളുടെ പുറപ്പാട് രാത്രിയിൽ ആരംഭിച്ചാൽ പിറ്റേന്ന് പുലർച്ചെ അവസാനിക്കുന്നു.അവസാനത്തെ കളിയാട്ട ദിവസം ധനു മാസം 12 നു രാത്രി തെയ്യങ്ങൾ പുറപ്പാടായാൽ 13 നു അവസാനിക്കുന്നത് പകലാണ്. 13 നു പുലർച്ചെ സരസ്വതിയാമത്തിനു കമ്മാടത്ത് ചെറിയ ഭഗവതിയും,തുടർന്ന് കമ്മാടത്ത് ചാമുണ്ഡിയും ശേഷം ഉദയത്തിനു കമ്മാടത്ത് ഭഗവതിയും കൂടെയുള്ളോരും പുറപ്പെടുന്നു.അപ്പോൾ മഡിയൻ ക്ഷേത്രപാലകന്റെ സാന്നിധ്യം ഉണ്ടാകുമെന്നു പറയപ്പെടുന്നു. കമ്മാടത്തമ്മ മുടിയെടുത്താൽ മാത്രമേ ക്ഷേത്രപാലകനീശ്വരൻ മടങ്ങുകയുള്ളു. ക്ഷേത്രപാലകനീശ്വരൻ മടങ്ങുന്നതിനു മുൻപേ നീലേശ്വരം രാജവംശജർ കമ്മാടത്തമ്മയെ തൊഴുത് മടങ്ങണം എന്നത് നിയമമാകുന്നു. അതിനാൽ മഡിയൻ കൂലോം ക്ഷേത്രത്തിൽ ഉച്ചപൂജ കഴിക്കുന്നത് കമ്മാടത്ത് ഭഗവതിയുടെ തിരുമുടി താഴ്നിട്ട് മാത്രമാണ് . അതിനാൽ പകൽ കൂടുതൽ വൈകാതെ ഭഗവതി മുടിയെടുക്കുന്നു.

ധനു 10 നു കമ്മാടത്ത് താഴെ ചാമുണ്ഡിയും ഗുളികനും അരങ്ങിലെത്തും . അന്ന് ക്ഷേത്രത്തിന്റെ അധികാരിയായ കമ്മാടത്ത് ചാമുണ്ഡിയും സംരക്ഷകയായ താഴെ ചാമുണ്ഡിയും തമ്മിലുള്ള കൂടിക്കാഴ്ചയും പ്രേത മോചനം തുടങ്ങിയ കർമങ്ങളും നടക്കുന്നു. മാവില സമുദായത്തിന്റെയും കുറുവാട്ട് കോയ്മയുടെയും പ്രധാന ദേവതയാണ് താഴെ ചാമുണ്ഡി.

വിഷ്ണുമൂർത്തിയുടെ നിറകൊണ്ട പാതിരാത്രിക്ക് ദേവിയുടെ ആരൂഢമായ കാവിലേക്കുള്ള യാത്ര ഈ ക്ഷേത്രത്തിൽ മാത്രമുള്ള അപൂർവമായ ചടങ്ങ് ആകുന്നു. ദണ്ഡകവന സമമായ കാവിൽ അർധരാത്രിക്ക് സഞ്ചരിക്കുന്ന ഭഗവാൻ നിയുക്ത സ്ഥാനത്ത് വച്ചിരിയ്ക്കുന്ന കരിക്കുകൾ പൊളിച്ചു ജലാഭിഷേകം നടത്തി അനേകം ജനങ്ങൾക്ക് അമൃത ജലം ഉറപ്പുവരുത്തുന്ന കാവിൽ നിന്നുള്ള അരുവികളെ സമ്പുഷ്ടമാക്കി പ്രകൃതിയുടെ സംരക്ഷണം ഉറപ്പു വരുത്തുന്നു. അങ്ങനെ പ്രകൃതീശ്വരിയായ കമ്മാടത്തമ്മയുടെ സഹോദര ധർമം പാലിക്കുന്നു.

ഭഗവതിയുടെ കോലം ധരിക്കാനുള്ള അവകാശം വണ്ണാൻ സമുദായത്തിലെ കിണാവൂർ നേണിക്കത്തിനാണ്. കൂടാതെ ചെറിയ ഭഗവതിയും കൂടെയുള്ളോരും അവർ തന്നെ കെട്ടുന്നു.കമ്മാടത്ത് ചാമുണ്ഡി, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടുന്നത് മലയ സമുദായത്തിലെ കിണാവൂർ അള്ളടോൻമാരാണ് . താഴെ ചാമുണ്ഡിയും ഗുളികനും കെട്ടിയാടുന്നത് മാവിലൻ സമുദായമാണ്.

ഒരു കാലത്ത് ജന്മിത്വത്തിന്റെ കൂത്തരങ്ങായിരുന്നു കമ്മാടം ക്ഷേത്രം. പിൽക്കാലത്ത് മാടായി മുതൽ മംഗലാപുരം വരെ പ്രമാണിത്വം വിളിച്ചോതിയിരുന്ന കുറുവാട്ട് തറവാട്ടുകാർ ജനപക്ഷത്തേക്ക് മാറി. അഭിനവ ജന്മിമാർ ഉദയം ചെയ്തു. നടത്തിപ്പിനായി വന്ന കാര്യസ്ഥ നായർ ഉടയോൻ ചമഞ്ഞ് ക്ഷേത്രസ്വത്തുക്കൾ കയ്യടക്കുകയും ജനങ്ങളെ ദ്രോഹിക്കുകയും പ്രതാപം കാണിക്കാൻ ഭഗവതിയുടെ ഉദ്യാനത്തിൽ നിന്ന് മരങ്ങൾ മുറിച്ചെടുത്തു രമ്യഹർമ്യങ്ങൾ പണിഞ്ഞും തുടങ്ങിയപ്പോൾ കമ്മാടത്തെ മാതാക്കന്മാർ രൗദ്രരൂപം പൂണ്ടു.കമ്മാടത്ത് ചാമുണ്ഡേശ്വരി കാര്യസ്ഥ നായരുടെ ചെങ്ങടക്കത്തു ചേരിക്കല്ല് ചവിട്ടിപ്പറിച്ചെടുക്കുകയും കമ്മാടത്ത് ഭഗവതി രമ്യഹർമ്യങ്ങൾ തച്ചുടച്ചു കോട്ടപ്പുറം കയറ്റുകയും ചെയ്തു. മറ്റൊരു ജന്മി കുറുവാട്ട് മേനോക്കി നമ്പ്യാരുടെ വാക്കുകൾ ധിക്കരിച്ചു തന്റെ ആറ് ആനകളെ കമ്മാടം ക്ഷേത്ര തിരുമുറ്റത്ത് കൂടി നടത്തി കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ കുപിതയായ കമ്മാടത്ത് ഭഗവതിയുടെ ആഗ്രഹപ്രകാരം ആനകളെ ബന്ധിക്കാൻ കമ്മാടത്ത് രക്തേശ്വരി സംരക്ഷകയായ താഴെ ചാമുണ്ടിയോട് ആജ്ഞാപിച്ചു. അതോടെ ആനകൾ ആറും സ്തംഭിച്ചു നിന്നു. തുടർന്ന് ജന്മി മാപ്പു പറഞ്ഞു ചാമുണ്ഡിയുടെ മുണ്ട്യ പുതുക്കി പണിയാം എന്ന് സമ്മതിച്ചപ്പോൾ ആണ് ആനകൾ സ്വാതന്ത്രരായത്. കുടിയാന്മാരെ ആടുമാടുകളെ പോലെ കൈമാറിയ ഇക്കൂട്ടർക്കെതിരെ ഏവർക്കും അവസാന ആശ്വാസം കമ്മാടത്തെ മാതാക്കന്മാരായിരുന്നു.കമ്മാടത്തെ മാതാക്കന്മാരുടെ ശക്തിയുടെ ചൂടറിയാത്ത ജന്മിത്ത്വങ്ങൾ അള്ളട സ്വരൂപത്തിൽ വിരളമത്രെ. ഇവിടെ പരാതി
ബോധിപ്പിച്ചാൽ അതിന് അപ്പീൽ ഇല്ലായിരുന്നു. കാരണം പരാശക്തിയും പ്രകൃതി സ്വരൂപിണിയും ആയ ഈ മഹാശക്തിയുടെ മുന്നിൽ പരാതി ബോധിപ്പിച്ചാൽ അതിനെ മറികടക്കാൻ കേരളത്തിലോ പുറത്തോ ഒരു ക്ഷേത്ര സങ്കേതവും ഇല്ലെന്നു പറയപ്പെടുന്നു. അതിനാൽ ആധുനീക കാലത്തും അഭിനവ ജന്മിമാരായ രാഷ്ട്രീയ പ്രമാണിമാരുടെയും മുതലാളി മാരുടെയും ചൂഴണത്തിനും പകയ്ക്കും വിധേയരായ നൂറു കണക്കിന് ജനങ്ങൾ ഈ ക്ഷേത്രത്തിൽ എത്തിക്കൊണ്ടിരിക്കുന്നു. അവർക്ക് ആശ്വാസമാണ് കമ്മാടം ക്ഷേത്രം.ഇവിടത്തെ സംരക്ഷകരായ കുറുവാട്ട് തറവാട്ടുകാർക്കെതിരെയുള്ള എന്ത് അതിക്രമവും ഇവിടത്തെ മാതാക്കന്മാർ സ്വയം കൈകാര്യം ചെയ്യുമെന്ന് ഐതിഹ്യങ്ങളും പൂർവകാല അനുഭവങ്ങളും പറയുന്നു …

Kadappadu

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning