Kannur Kunhimangalam Malliyot Palot Kavu

  1. Home
  2. >
  3. /
  4. Kannur Kunhimangalam Malliyot Palot Kavu

Kannur Kunhimangalam Malliyot Palot Kavu

(കുഞ്ഞിമംഗളം മല്ലിയോട്ട് ശ്രീ പാലോട്ട് കാവ്)

malliyot palot kavu7

About this Kavu

Theyyam on 13-18 Feb 2017

ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്‌… കുഞ്ഞിമംഗലം…

പുരാവൃത്തം…
പൂര്വ്വകാലം ഉത്തമബ്രാഹ്മണരുടെ അധിവാസം കൊണ്ട് പവിത്രമായിരുന്നു ഈ ദേശം. അവരിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്നത് ശ്രീ തൃപ്പാണിക്കര ശിവക്ഷേത്രത്തിൻറ്റെ ഈശത്വമുള്ളവരായ മല്ലിയോട്ട് മന എന്ന ഇല്ലക്കാരായിരുന്നു. ഈ അധീശത്വമാണ് ഈ ദേശത്തെ മല്ലിയോട് എന്നറിയപ്പെടാന്‍ ഇടയാക്കിയത്. മല്ലിയോട്ട് മനയിലെ ഉത്തമബ്രാഹ്മണരിൽ നിന്നും ആചാര – ദാനപുരസ്സരം വന്നുചേർന്നതാണ് മല്ലിയോടന്‍ എന്ന ആചാരപ്പേരും ദേവാലയ സ്ഥാന ഭൂസ്വത്തുക്കളും. പൂർവ്വികമായ ബ്രാഹ്മണ ബന്ധത്തിൻറ്റെ ഉത്തമ ദ്യഷ്ടാന്തമാണ് ഇതരകാവുകളിൽ നിന്നും വ്യത്യസ്ഥമായി കളിയാട്ടത്തിൻറ്റെ ഭാഗമായി നടക്കുന്ന തിടമ്പെഴുന്നള്ളത്ത്. മല്ലിയോട് നമ്പിടി എന്ന ബ്രാഹ്മണൻറ്റെ അധീനതയിലുള്ളതും ചീറുംബ, പാതാള ദേവിമാരുടെ വാസസ്ഥാനവുമായിരുന്ന ഈ ക്ഷേത്രം അക്കാലത്ത് മല്ലിയോട്ട് ശ്രീ ചീർമ്പക്കാവ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെയിരിക്കെ ഒരു നാള്‍ മല്ലിയോട്ട് ശ്രീ കൂർമ്പക്കാവിൻറ്റെ അധിപനായ മല്ലിയോട്ട് നമ്പിടി തൻറ്റെ വിശ്വസ്തനും കർമ്മയോഗിയും സൈഥര്യം കൊണ്ട് പ്രബലനുമായ ഭണ്ഢാരപ്പുര തറവാട്ട് കാരണവരെ വിളിച്ചു വരുത്തി. കാവിൻറ്റെ താക്കോലും തൻറ്റെ കരത്തിലണിഞ്ഞ സ്വർണ്ണവളയും ഭണ്ഡാരപ്പുര കാരണവർക്ക് നല്‍കി ഇപ്രകാരം പറഞ്ഞുവത്രെ. “ഞാൻ തിരിച്ചുവന്നാൽ തരണം നല്ല ഊരെന്നും അല്ലായികിൽ നീ കയറി തുറക്കണം”. എന്നും കല്പിച്ച് അദ്ദേഹം യാത്രയായി. കല്‍പനപോലെ നമ്പിടി തിരിച്ച് വരാത്തതിനാൽ ഭണ്ഡാരപ്പുര കാരണവർ ശ്രീകോവില്‍ തുറന്ന് പൂജാദികാര്യങ്ങൾക്ക് നേതൃത്ത്വം നല്‍കി. അതോടെ മല്ലിയോട്ട് ശ്രീ കൂർമ്പക്കാവിൻറ്റെ അവകാശം തീയ്യസമുദായത്തിലേക്ക് വന്നുചേർന്നു. നമ്പിടി നൽകിയ ഈ വള തിടമ്പെഴുന്നള്ളിക്കുന്ന നേരത്ത് മല്ലിയോടൻ ധരിക്കുന്നു. അക്കാലത്ത് പാണച്ചിറമ്മൽ തറവാട്ടുകാരും പുതിയപുരയിൽ തറവാട്ടുകാരും തമ്മിലുണ്ടായ വിവാഹബന്ധത്തിലൂടെ ചീറുമ്പദേവിയുടെ പൂജാകർമ്മങ്ങള്‍ക്കുള്ള അവകാശവും മറ്റും പുതിയപുരയിൽ തറവാട്ടുകാരിൽ വന്നുചേർന്നു….

പാലോട്ട് ദൈവത്തിൻറ്റെ എഴുന്നള്ളത്ത്‌.

ഋഷി തുല്യനും കർമയോഗിയുമായ ഭ‍‌ണ്ഡാരപ്പുരയിൽ കാരണവര്‍ ശ്രീ മല്ലിയോടൻ ചെമ്മരന്‍ പണിക്കർ കുതിരുമ്മല്‍ നാല്‍പ്പാടി, കൊട്ടാരത്തിൽ തണ്ടാന്‍, പാണച്ചിറമ്മൽ ഗുരുക്കള്‍ തുടങ്ങി യോഗ്യരായ പരിവാരങ്ങളോടും കൂടി അതിയിടം ശ്രീ പാലോട്ട് കാവിൽ വിഷുവിളക്കുത്സവം കാണാനായി പുറപ്പെട്ടു. എന്നാൽ തദ്ദേശിയരായ സ്ഥാനികന്മാർ തനിക്കർഹ്മായ ആചാരോപചാരങ്ങള്‍ നല്‍കിയില്ലെന്നോർത്ത് പണിക്കർ ദുഃഖിതനായ്. എങ്കിലും പാലോട്ട് ദൈവത്തിൻറ്റെ രൂപ ലാവണ്യത്തിലും അനുഗ്രഹാശിസ്സുകളിലും മറ്റും മതിമറന്ന് നിന്നു. തൻറ്റെ യോഗബലം കൊണ്ടും നിസ്തുലമായ ഈശ്വരഭക്തി കൊണ്ടും പാലോട്ടു ദൈവത്തെ മനസ്സാ വരിച്ചുകൊണ്ട് പണിക്കരും കൂട്ടരും മടക്കയാത്രയായി. അല്പം ചെന്നപ്പോള്‍ തൊട്ടടുത്ത് തറവാട്ടില്‍ കയറി കാരണവരെ കണ്ട് നന്നായി ഒന്നു മുറുക്കി അല്പം വിശ്രമിച്ച് വീണ്ടും യാത്രതിരിച്ചു. പാണച്ചിറമ്മൽ കളരിയിൽ എത്തിച്ചേർന്ന പണിക്കരും കൂട്ടരും കളരിയിൽ കയറി വെള്ളോലക്കുട വച്ച് തൊഴുതു. ഗുരുക്കളുടെ ഭവനത്തിൽ നിന്ന് ഉച്ചയൂണും കഴിഞ്ഞ് യാത്രയും പറഞ്ഞ് തൻറ്റെ സഹയാത്രികരെ അവരവരുടെ വഴിക്കയച്ച് മല്ലിയോട്ടേക്ക് തിരിച്ചു. അല്പം ചെന്നപ്പോള്‍ അദ്ദേഹത്തിന് വല്ലാത്തൊരു തളർച്ചയും ദാഹവും തോന്നി. തൊട്ടടുത്തുള്ള മുള്ളിക്കോടന്‍ കാരണവരുടെ വീട്ടിൽ കയറിച്ചെന്ന് അല്പം സംഭാരത്തിന് ആവശ്യപ്പെട്ടു. തൻറ്റെ ഭവനത്തിൽ കയറി വന്ന മല്ലിയോടന്‍ ചെമ്മരന്‍ പണിക്കർക്ക് മുള്ളിക്കോടന്‍ കാരണവരുടെ പത്നി സംഭാരത്തിനു പകരം വെള്ളോട്ടു കിണ്ടി നിറയെ കാച്ചികുറുക്കിയ പാല്‍ നല്‍കി. ആ അമ്മ നൽകിയ പാല്‍ കുടിച്ച് അവിടെ നിന്നും യാത്ര തിരിച്ചു….
സ്വന്തം ഭവനത്തിലെത്തിയ പണിക്കർ തൻറ്റെ വെള്ളോലക്കുട കൊട്ടിലകത്ത് വച്ച് സന്ധ്യാ ദീപത്തിന് നേരമായതിനാൽ സ്നാനം ചെയ്യുന്നതിനായ് കുളക്കടവിലേക്ക് ചെന്നു. കുളി കഴിഞ്ഞ് തിരിച്ചെത്തിയ പണിക്കർക്ക് തൻറ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. താന്‍ കൊട്ടിലകത്ത് വച്ച വെള്ളോലക്കുടയ്ക്ക് വല്ലാത്തൊരിളക്കം. പിന്നെ കുടയെടുക്കാന്‍ ശ്രമിച്ചെങ്കിലും പൊങ്ങിയില്ല. അതേ സമയം മുള്ളിക്കോടന്‍ മണിയാണിയുടെ വീട്ടിലും മറ്റൊരത്ഭുതം നടക്കുകയായിരുന്നു. പണിക്കർ കുടിച്ചൊഴിഞ്ഞ വെള്ളോട്ട് കിണ്ടിയിൽ പാല്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതായി ആളുകള്‍ വന്ന് അറിയിച്ചു. അപ്പോള്‍ തന്നെ ഒരു ദൈവജഞനെ വരുത്തി പ്രശ്നചിന്ത ചെയ്യിച്ചു. പണിക്കരുടെ ഭക്തിയിലും നിനവിലും യോഗ-തപോബലത്തിലും ആക്യഷ്ടനായി വെള്ളോലക്കുട ആധാരമായി പാലോട്ട് ദൈവം എഴുന്നള്ളിയിരിക്കുന്നതായും ഇവിടെ വച്ച് അഞ്ച് വിളക്കും ആറാട്ടും നടത്തണമെന്നും അരുളപ്പാട് ഉണ്ടായി. പണിക്കരുടെ അതിയടം പാലോട്ട് കാവിലേക്കുള്ള യാത്രാ- ഐതീഹ്യവുമായി ബന്ധപ്പെട്ട തറവാട്ടുകാർക്കെല്ലാം മല്ലിയോട്ട് പാലോട്ട് കാവിൽ ഇന്നും പ്രത്യേകം സ്ഥാനമാനങ്ങളും അധികാരാവകാശങ്ങളും നിലനിൽക്കുന്നുണ്ട്. ചെമ്മരന്‍ പണിക്കരുടെ ഭണ്ഡാരപ്പുര തറവാട്ടുകാരാണ് ദൈവത്തിൻറ്റെ പൂജാദികർമ്മങ്ങള്‍ നടത്തി വരുന്നത്. കുതിരുമ്മൽ കാരണവർ, കൊട്ടാരത്തിൽ കാരണവർ എന്നിവരാണ് കാരണവന്‍മാരിൽ പ്രധാനികള്‍. തോട്ടടുത്ത് തറവാട്ടുകാർക്കാണ് ദൈവത്തിൻറ്റെ നർത്തക സ്ഥാനം ഭാഗ്യം ഉണ്ടായത്. യാത്രാവേളയിൽ പണിക്കരുടെ മുറുക്കാന്‍ കെട്ട് എടുത്ത വണ്ണാന്‍ സമുദായാംഗത്തിന് പേറൂല്‍ നേണിക്കം എന്ന സ്ഥാനപ്പേരും ദൈവത്തിൻറ്റെ കോലം ധരിക്കാനുള്ള അനുവാദം കല്പിച്ച് നൽകി. യാത്രാമദ്ധ്യേ പാണച്ചിറ കളരിൽ വെള്ളോലക്കുട വെക്കാന്‍ ഇടവന്നതിനാൽ കളരിദേവതമാർ അല്പം നീങ്ങി നിന്ന് ദൈവത്തിന് സ്ഥാനം നൽകിയെന്നും ആയതിനാൽ ദേവചൈതന്യം അവിടെയും ഉണ്ടെന്നും വിശ്വസിക്കുന്നു. ദൈവത്തിൻറ്റെ കീർത്തനങ്ങള്‍ പാടിയുണർത്താനുള്ള ഭാഗ്യം സിദ്ധിച്ചതും പാണച്ചിറമ്മൽ ഗുരുക്കള്‍ക്കും തറവാട്ടുകാർക്കുമാണ്. പാണച്ചിറമ്മൽ ഗുരുക്കള്‍ക്ക് ദൈവത്തിൻറ്റെ ശ്രീകോവില്‍ കയറി പൂജാകർമ്മങ്ങള്‍ക്കും അവകാശമുണ്ട്. മണിയാണി സമുദായംഗമായ മുള്ളിക്കോടന്‍ തറവാട്ടിൽ നിന്നാണ് ദൈവത്തിൻറ്റെ പാലമൃത് എഴുന്നള്ളിക്കുന്നത്. വിഷുനാലാം നാള്‍ പുലർച്ചെ എഴുന്നള്ളത്തിനൊപ്പം മുള്ളിക്കോടന്‍ കാരണവർ വെള്ളോട്ട്കിണ്ടിയിൽ തലയിൽവെച്ച് എഴുന്നള്ളിക്കുന്ന പാല്‍ ശ്രീകോവിൽ കയറി ദേവന് നേരിട്ട് സമർപ്പിക്കുന്നു. …

വീരചാമുണ്ടിയമ്മയുടെയും തൃപ്പാണിക്കരയപ്പൻറ്റെയും മേനിവട്ടമാണ് കുഞ്ഞിമംഗലം. ചെമ്മരന്‍ പണിക്കരുടെ കൊട്ടിലകത്തെ വെള്ളോലക്കുടയിൽ സാന്നിദ്ധ്യം ചെയ്തിരിക്കുന്ന പാലോട്ട് ദൈവത്തിന് കുഞ്ഞിമംഗലത്ത് ഒരു സ്ഥാനം വേണം. പൂർവ്വകാലത്ത് പാതാളഭൈരവി(മടയിൽ ചാമുണ്ഡി) ദേവിയുടേയും മറ്റ് ദേവതമാരുടെയും അധീശത്വമായിരുന്ന ഈ പവിത്രഭൂമിൽ കുടിയിരിക്കാന്‍ ദൈവം ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ തങ്ങളുടെ അധികാരങ്ങള്‍ക്കും സ്വൈരവിരാഹങ്ങള്‍ക്കും കോട്ടം തട്ടുമെന്ന ഭയംകൊണ്ടോ മറ്റോ ദേവിമാർക്ക് ദൈവത്തിൻറ്റെ ആഗ്രഹം രസിച്ചില്ല. എന്നാൽ സർവ്വാധികാരിയായ തൃപ്പാണിക്കര മഹാദേവനോട് ദൈവം തൻറ്റെ ആഗ്രഹം അറിയിച്ചപ്പോള്‍ മഹേശ്വർ മടയിൽ ചാമുണ്ഡിയെ തൻറ്റെ സവിധത്തിലേക്ക് വിളിപ്പിച്ചു. പാലോട്ട്ദൈവത്തിൻറ്റെ ആഗമനത്തിൽ ആദിത്യമര്യാദ പാലിക്കണമെന്ന മഹേശ്വരൻറ്റെ ശാസന ദേവി അനുസരിക്കുന്നു. അതുപ്രകാരം പാതിവഴി വരെ ചെന്ന് പാലോട്ട് ദൈവത്തെ ദേവി സ്വീകരിച്ച് ആനയിച്ച് കൊണ്ട് പോയി തൻറ്റെ ഇരിപ്പിടം തന്നെ ദൈവത്തിന് നൽകി. അൽപ്പം വടക്ക് മാറി ദേവി സ്ഥാനം കൈകൊള്ളുകയും ചെയ്തു. തങ്ങള്‍ക്കുണ്ടായ ഈ സ്ഥാനമാറ്റത്തിൽ ദേവിയും കൂട്ടാളികളും അതീവദു:ഖിതരായിരുന്നു. ഈ ഭാവപ്രകടനങ്ങള്‍ കളിയാട്ടവേളയിൽ ഇന്നും പ്രകടമായി കാണുന്നു. ത്യപ്പാണിക്കര ശിവക്ഷേത്രത്തിലേക്കുള്ള ചാമുണ്ഡിയുടെ മാലയെടുക്കൽ പോകൽ ചടങ്ങും വിഷുവിളക്കുത്സവത്തിൻറ്റെ നാലാം നാള്‍ പാലാമൃത് എഴുന്നള്ളിക്കൽ നേരത്ത് മടയിൽ ചാമുണ്ഡി മുഖം താഴ്ത്തി നടയിൽ പകുതി വരെ പോയി ദൈവത്തെ ആനയിച്ച് കൂട്ടികൊണ്ട് വരുന്നതുമെല്ലാം ഈ ഐതീഹ്യത്തെ ഉജ്ജ്വലമാക്കി തീർക്കുന്നു. ഈ എഴുന്നള്ളത്ത് ചടങ്ങ് ഏറെ ഭക്തി നിർഭരമാണ്. പാലോട്ട് ദൈവത്തെ കുടിയിരിത്തിയതോടെ മല്ലിയോട്ട് ചീർമ്പക്കാവ് മല്ലിയോട്ട് പാലോട്ട് കാവ് എന്നറിയപ്പെടാന്‍ തുടങ്ങി. ഭണ്ഡാരപ്പുര തറവാട്ടിലെ കൊട്ടിലകത്തുവച്ച് ആരാധിക്കപ്പെട്ടിരുന്ന കുണ്ടാടി ചാമുണ്ഡി ചാമുണ്ടിയേയും കുറത്തിയമ്മയേയും പാലോട്ട് ദൈവത്തിൻറ്റെ ആഗമനത്തോടെ ക്ഷേത്രപരിസരത്ത് തന്നെ ഉചിതമായ സ്ഥാനം നല്കി കുടിയിരിത്തപ്പെട്ടു….

അണീക്കര പൂമാലക്കാവും പുലിദൈവങ്ങളുടെ ആഗമനവും
പാലോട്ട് ദൈവം ഒരുനാള്‍ ലക്ഷമീചൈതന്യമായ പൂമാലയെ കാണുവാന്‍ പോയി. അപ്പോള്‍ ദേവി നിവേദ്യ ഇലയുടെ മുന്നിലായിരുന്നത്രെ. മറ്റൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായ ദേവി തന്നോടൊപ്പം ഒരേയിലയ്ക്ക് മുന്നിലിരുന്ന് നിവേദ്യം പങ്കിടുവാന്‍ അറിയിച്ചു. അങ്ങനെ അണീക്കര പൂമാലക്കാവിൽ ദേവന് ഒരേ പീഠത്തില്‍ സ്ഥാനവും നിവേദ്യവും നൽകി വരുന്നു. മല്ലിയോട്ട് സാക്ഷാൽ ശ്രീലകത്ത് ദേവൻറ്റെ ഇടതുഭാഗത്ത് പ്രത്യേകം സ്ഥാനം കല്‍പിച്ച് പൂമാലയെ പരിപാലിച്ച് പോരുന്നു. പൂമാല ഭഗവതിയുടെ മലനാട്ടിലേക്കുള്ള ആഗമനത്തിൽ തുളുവനത്തിൽ നിന്നും പുലിദൈവങ്ങള്‍ തങ്ങളേയും കൂടെകൂട്ടാന്‍ അപേക്ഷിച്ചു. അതുപ്രകാരം കടൽമാർഗ്ഗം ദേവിയും, കരമാർഗ്ഗം പുലികളും അണീക്കരയിൽ എത്തി. തന്നെ അനുഗമിച്ചെത്തിയ പുലിദൈവങ്ങള്‍ക്ക് തൻറ്റെ വാസസ്ഥലത്തിനടുത്ത് തന്നെ ഉചിതമായ ഇരിപ്പിടവും കൊടുത്തു. പുലികള്‍ സ്വതസിദ്ധമായ വികൃതികള്‍ കാട്ടാന്‍ തുടങ്ങിയപ്പോള്‍ വീരചാമുണ്ഡേശ്വരി കുപിതയായി പൂമാലയെ വിളിച്ച് നീരസം അറിയിച്ചു. തനിക്ക് യഥായോഗ്യം ഇരിപ്പിടം തന്ന ദേവിയെ പിണക്കാനോ വിശ്വസിച്ച് കൂടെ വന്ന പുലിദൈവങ്ങളെ കൈ ഒഴിയാനോ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ തൻറ്റെ പതിദേവനായ പാലോട്ട് ദൈവത്തോട് പുലിദൈവങ്ങളെ മല്ലിയോട്ടേക്ക് കൂട്ടികൊണ്ട് പോകാന്‍ അപേക്ഷിക്കുന്നു. ഇവരെ പരിപലിക്കാന്‍ ആളും അർത്ഥവും ആവശ്യമായതിനാൽ ദേവി ഇഷ്ടദാനമായി തലായി ഊരും മല്ലിയോട്ടേക്ക് നൽകിയത്രെ. എന്നാൽ സുന്ദരമായ തങ്ങളുടെ വാസസ്ഥലം ഉപേക്ഷിച്ചു പോകാനുള്ള വൈഷമ്യം പുലിദൈവങ്ങള്‍ ദേവിയെ അറിയിച്ചു. മനസ്സലിഞ്ഞ ദേവി പൂരമഹോല്‍സവത്തിന് മല്ലിയോട്ട് ദേശവാസികള്‍ക്കൊപ്പം തന്നെ വന്ന് കാണുവാനുള്ള അനുവാദം നൽകുന്നു. അതുപ്രകാരം പൂരോല്‍സവത്തിൻറ്റെ ഭാഗമായുള്ള കഴകം കയറൽ ദിവസം അണീക്കരയിൽ എത്തുന്ന പുലിദൈവങ്ങള്‍ അവിടെ കെട്ടിയൊരുക്കിയ മനോഹരമായ ഓലപന്തലുകള്‍ വലിച്ചുവികൃതമാക്കി തങ്ങളുടെ സാന്നിദ്ധ്യം ദേവിയെ അറിയിച്ചത്രെ. ഇരു ക്ഷേത്രങ്ങളും തമ്മിൽ പല തരത്തിലുള്ള അധികാരാവകാശവും നിലനിൽക്കുന്നുണ്ട്. മേടം മൂന്നിന് തലായി ഊര് ഉത്സവദിവസം അണീക്കരയിൽ നിന്ന് പൂജാരിയും പരിവാരങ്ങളും ഇവിടെ എത്തിച്ചേരാറുണ്ട്….
ശ്രീകോവിലുകളും ദേവീദേവപ്രതിഷ്ഠയും അസ്തമനസൂര്യന് അഭിമുഖമായുള്ള കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് മല്ലിയോട്ട് പാലോട്ടുകാവ്. പടിഞ്ഞാറ് മുഖമായുള്ള സാക്ഷാൽ ശ്രീകോവിൽ പാലോട്ടുദൈവവും ഉപദേവതമാരായ ശ്രീ പൂമാലഭഗവതിയും വില്വന്‍ ,കരിവില്വന്‍ ദൈവങ്ങളും കുടികൊള്ളുന്നു. സാക്ഷാൽ ശ്രീകോവിലിന് ഇടതുഭാഗത്തായി പടിഞ്ഞാറുമുഖവുമായി ഐവർ പരദേവതാശ്രീകോവിലും ഇവിടെ പുലിയൂർകാളി, പുള്ളികരിങ്കാളി, പുലികണ്ടന്‍, പുലിയൂർകണ്ണന്‍, കണ്ഠപ്പുലി, കാളപ്പുലി, പുലിമാരന്‍,മാരപ്പുലി, കരിന്തിരിനായർ ദൈവങ്ങളും ആരാധിക്കപ്പെടുന്നു. ദൈവത്തിന് അഭിമുഖമായി ഇടതുഭാഗത്ത് ചീറുമ്പാഭഗവതിയും വലതുഭാഗത്ത് ചാമുണ്ഡീദേവിയും സ്ഥിതിചെയ്യുന്നു.ചീറുമ്പാശ്രീകോവിലിൽ ആദിദേവി ചീറുമ്പ പുതിയഭഗവതിയും ചാമുണ്ഡി ശ്രീകോവിലിൽ രക്തചാമുണ്ഡി,മടയിൽ ചാമുണ്ഡി,വിഷ്ണുമൂർത്തി എന്നീ ദേവതകളുമാണ് സ്ഥിതിചെയ്യുന്നത്. ചീറുമ്പകോവിലിന് അഭിമുഖമായുള്ള തെക്കുമുഖമായി ദണ്ഡന്‍കോട്ടത്തിൽ പാടാർകുളങ്ങര, വീരന്‍ദൈവവും കല്‍ത്തറആധാരമായി ഘണ്ഠാകർണ്ണനും ആരാധിക്കപ്പെടുന്നു. നാലമ്പലത്തിന് പുറത്ത് കിഴക്കുഭാഗത്തുള്ള ശ്രീകോവിലിൽ കുണ്ടോറചാമുണ്ഡിയും കുറത്തിയമ്മയും കുടികൊള്ളുന്നു. ക്ഷേത്രത്തിന് അല്പം തെക്ക്മാറി ദൈവത്തിൻറ്റെ പൂർവ്വാരൂഢമായ ഭണ്ഡാരപ്പുര സ്ഥിതിചെയ്യുന്നു.

Images

  • malliyot palot kavu
  • malliyot palot kavu01
  • malliyot palot kavu05
  • malliyot palot kavu04
  • malliyot palot kavu03
  • malliyot palot kavu7
«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning