Narambil Bhagavathy Theyyam (നരമ്പിൽ ഭഗവതി തെയ്യം)

About this Theyyam
രയരമംഗലത്തടിയോടിയുടെ പത്നി നരമ്പില്‍ തറവാട്ടിലെ പെണ്ണൊരുത്തിയായിരുന്നു. ഇവരുടെ കുലദേവത അസുരവിനാശിനിയായ കാളിയും. ഗര്‍ഭിണിയായ ഈ സ്ത്രീ തറവാട്ടില്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ കൊയ്ത്ത് കഴിഞ്ഞു പോയാല്‍ മതിയെന്ന് അടിയോടി വിലക്കി. ശാട്ട്യം പിടിച്ച ഭാര്യയെ അയാള്‍ അബദ്ധത്തില്‍ ചവിട്ടുകയും തല്‍ക്ഷണം അവര്‍ മരണപ്പെടുകയും ചെയ്തുവത്രേ. വിവരമറിഞ്ഞ പെറ്റമ്മ നരമ്പില്‍ തറവാട്ടിലെ പടിഞ്ഞാറ്റയില്‍ കരഞ്ഞു കണ്ണീരോടെ ദേവിയെ പ്രാര്‍ഥിച്ചു. സംഹാര രുദ്രയായ ദേവി കൊടുങ്കാറ്റ് പോലെ രയരമംഗലത്തേക്ക് പോയി. രയരമംഗലം ഭഗവതി കോപാന്ധയായ ദേവിയെ അനുനയിപ്പിക്കാന്‍ മുച്ചിലോട്ട് ഭഗവതിയെ നിയോഗിച്ചു. മുച്ചിലോട്ട് ഭഗവതി മാഞ്ഞാളമ്മയായി അനുനയ വാക്കുകളും ആരാധ്യപദവിയും നല്‍കി കൂടെ കൂട്ടി. ദേവി നരമ്പില്‍ ഭഗവതിയായി കോലസ്വരൂപം നേടി എന്നാണു ഐതിഹ്യം.
വേറൊരു കഥ ഇപ്രകാരമാണ്. അസുരപ്പടയോടു അടരാടിയ മഹാകാളിയുടെ സഹായത്തിനു ചോരയില്‍ പൊടിച്ചുണ്ടായ ദേവത. ഉഗ്രശക്തിയോടു കൂടി പാഞ്ഞു വന്ന ദേവി നാന്തക വാള്‍ കൊണ്ട് അസുരവരന്റെ കരള്‍ കൊത്തിനുറുക്കി ഭൂത ഗണങ്ങള്‍ക്ക് എറിഞ്ഞു കൊടുത്തുവത്രെ. കൊടക്കല്‍ തറവാട്ട് നായര്‍ നരമ്പില്‍ കാവില്‍ കുടിയിരുത്തിയതിനാല്‍ നരമ്പില്‍ ഭഗവതിയായി അറിയപ്പെട്ടു. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. പുതിയ ഭഗവതി തെയ്യത്തിനു സമാനമായി ഒടയില്‍ നാല് വലിയ പന്തങ്ങള്‍ ഉള്ള ഈ ദേവിയും തീ തെയ്യങ്ങളുടെ ഗണത്തിലാണ് പെടുന്നത്.
അജിത് പുതിയ പുരയില്‍, ആന്തൂര്‍