Karim Chamundi Theyyam (കരിം ചാമുണ്ടി തെയ്യം)

About this Theyyam
Karim Chamundi Theyyam (കരിം ചാമുണ്ടി തെയ്യം)
ഉത്തര മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന കാട്ടുമൂർത്തിയായ വനദേവത യാണ് കരിഞ്ചാമുണ്ടി തെയ്യം. പായ്യത്ത് മലയില്‍ താമസിച്ചിരുന്ന ആലി മാപ്പിളയുടെ ഭാര്യയ്ക്ക് പേറ്റു നോവ് തുടങ്ങിയപ്പോള്‍ വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ ആലി മലയാടിവാരത്തില്‍ വെച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടുകയും അവള്‍ താന്‍ വയറ്റാട്ടിയാണെന്ന്‍ പറഞ്ഞു അലിയുടെ കൂടെ വീട്ടിലെത്തി. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയുടെ നിലവിളിയല്ലാതെ മറ്റൊന്നും കേട്ടില്ല, കുറച്ചു സമയം കഴിഞ്ഞപ്പോള്‍, ആലി വാതില്‍ പടിയോരത്ത് നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കണ്ടു, തുടർന്നു വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ ആലി ചോരയില്‍ കുളിച്ചു വയര്‍ പിളർന്നു കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് മുന്നില്‍ കണ്ടത്. ആലി തൻ്റെ സര്വന ശക്തിയുമെടുത്ത് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ അവളെ കുപിതനായ ആലി പിന്തുടരുകയും തൻ്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക കൊണ്ട് ആ ഭീകര രൂപത്തെ മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടികൊണ്ട ആ ഭീകര രൂപം വലിയ ശബ്ദത്തില്‍ അലറിയപ്പോള്‍ ആ ഗ്രാമം തന്നെ വിറച്ച് പോയി. അതോടെ അവള്‍ ആലിയെ തൂക്കി എടുത്ത് പാല മുകളില്‍ കൊണ്ട് പോയി ആലിയുടെ ചുടു ചോര കുടിച്ചു ശരീരം താഴെ ഇട്ടു. ആലിയുടെ ജീവന്‍ അപഹരിച്ചിട്ടും വനദേവത തൃപ്തിയടഞ്ഞില്ല. പിന്നെയും ദുരന്തങ്ങള്‍ കാണപ്പെട്ടു. ഒടുവില്‍ നാടുവാഴിയുടെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരം കണ്ടെത്തി. ദുർദേവതക്ക് കാവും സ്ഥാനവും നൽകി ആദരിച്ചു. അതാണ് കരിഞ്ചാമുണ്ടി എന്നറിയപ്പെടുന്ന തെയ്യം. പുലയ സമുദായത്തിന്റെ കരിഞ്ചാമുണ്ഡി ഇത്തരമൊരു ഐതിഹ്യം സൂക്ഷിക്കുമ്പോൾ നമ്പ്യാർ മാടങ്ങളിൽ സാക്ഷാൽ മഹാദേവിയായാണ് സങ്കല്പനം സുംഭ നിസുംഭാസുരന്മാരോട് ഏറ്റുമുട്ടുന്ന മഹാപരാശക്തി ദേവിയാണ് ഇവർക്ക് കരിഞ്ചാമുണ്ഡി തെയ്യം. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി . തടൈക്കടവന്‍, വണ്ണാന്‍, പുലയന്‍ എന്നിവര്‍ ഈ തെയ്യം കെട്ടിയാടുന്നു.
Contributors : RC Karipath, Ajith Puthiya Purayil, Santhosh Vengara