Vayanat Kulavan Theyyam (വയനാട്ട് കുലവൻ തെയ്യം)

  1. Home
  2. >
  3. /
  4. Vayanat Kulavan Theyyam (വയനാട്ട് കുലവൻ തെയ്യം)

Vayanat Kulavan Theyyam (വയനാട്ട് കുലവൻ തെയ്യം)

vayanattu kulavan

About this Theyyam

Also called Thondachan Theyyam
”തൊണ്ടച്ചന്‍”
ഉത്തര മലബാറിലെ തീയ്യ സമുദായക്കാരുടെ പ്രധാന ആരാധനാമൂര്‍ത്തിയും ആദി ദേവനുമാണ് വയനാട്ടുകുലവന്‍ എങ്കിലും ഈ തെയ്യത്തിനു നായര്‍,നമ്പ്യാര്‍ തറവാടുകളില്‍ സ്ഥാനങ്ങളും കോട്ടങ്ങളും ഉണ്ട്. തീയ്യ സമുദായത്തില്‍ പെട്ടവര്‍ ഈ തെയ്യത്തെ തൊണ്ടച്ചന്‍ തെയ്യമെന്നും വിളിക്കും. തൊണ്ടച്ചന്‍ എന്നാല്‍ ഏറ്റവും മുതിര്‍ന്ന ആള്‍ എന്നാണ് അര്‍ത്ഥം  വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടുന്നത്.  കവുങ്ങിന്‍ പൂവ് പ്രസാദമായി നല്‍കുന്ന ഈ തെയ്യത്തിന് തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെ മൂന്നു അവതരണ രീതിയാണുള്ളത്.  കാവുകളെക്കാള്‍ തറവാടുകളിലാണ് ഈ തെയ്യം കൂടുതലായും കെട്ടിയാടുന്നത്‌. കണ്ണ് കാണാത്ത വൃദ്ധ രൂപിയായ ഈ തെയ്യം വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദൈവമാണ് എന്നാണു വിശ്വാസം. പതിഞ്ഞ താളത്തോടെ പതുക്കെയുള്ള ഈ ദേവന്റെ നൃത്ത ചുവടുകള്‍ കാണേണ്ടത് തന്നെയാണ്.
പരമശിവന്‍ സ്വന്തം ജട പറിച്ചു തന്റെ ഇടത്തെ തുടയില്‍ അടിച്ചപ്പോള്‍ ഉണ്ടായ മകനാണ് വയനാട്ട് കുലവന്‍ എന്നും അതല്ല ഇടത്തെ തുട പൊട്ടിതെറിച്ചു വന്ന മകനാണ് വയനാട്ടുകുലവന്‍ എന്ന തൊണ്ടച്ചന്‍ എന്നും പറയപ്പെടുന്നു.
കൈലാസത്തിലെ മധു വനത്തില്‍ ഉണ്ടായ മൂന്ന് കരിംതെങ്ങുകളുടെ ചുവട്ടില്‍ ദിനവും ‘മധു’ ഊറി വരാറുണ്ടായിരുന്നു. വേട രൂപം ധരിച്ച പരമശിവന്‍ വേട്ടയ്ക്കായി കാട്ടിലെത്തിയപ്പോള്‍ ഇത് കാണുകയും ‘മധു’ കുടിച്ചു മത്ത വിലാസം ശിവ ഭ്രാന്താടുകയും പാര്‍വതി ദേവി ഭയപ്പെട്ടോടുകയും ചെയ്തുവത്രേ.
 തോറ്റം പാട്ടില്‍ ആ ഭാഗം വര്‍ണ്ണിച്ചിരിക്കുന്നത് ഇങ്ങിനെയാണ്‌:
“വേടരൂപം ധരിച്ചുള്ള കൈലാസ നാഥന്‍
വേട്ടയ്ക്കായെഴുന്നള്ളി വനത്തില്‍ പുക്കു
കണ്ടുടനെ കരിംതെങ്ങിന്‍ കുറുംകുലമേല്‍
മധു പൊഴിയും വാനുലോകം പൊഴിയുന്നല്ലോ
അത് കണ്ടു പരമശിവന്‍ അടുത്ത് ചെന്നു
മധു കുടിച്ചു മത്തവിലാസം ശിവഭ്രാന്താടി
അത് കണ്ടിട്ടചലമകള്‍ ഭയപ്പെട്ടോടി”
ദിനവും മദ്യലഹരിയില്‍ എത്തുന്ന പരമശിവന് ഇതെവിടെനിന്ന് ലഭിക്കുന്നു എന്നറിയാന്‍ ശ്രീ പാര്‍വതി അന്വേഷണം തുടങ്ങി. കൈലാസത്തിനടുത്തുള്ള മധുവനത്തില്‍ നിന്നാണ് ദേവന്‍ കുടിക്കുന്നതെന്ന് ദേവി മനസ്സിലാക്കി. ഇത് തടയണമെന്ന് ദേവി മനസ്സിലുറപ്പിച്ചു. അതിന്‍ പ്രകാരം ദേവന്‍ കുടിക്കുന്ന കരിംതെങ്ങുകള്‍ കണ്ടെത്തുകയും അതിന്റെ ചുവട്ടില്‍ നിന്ന് ഊറി വരുന്ന മധു  തന്റെ മന്ത്രശക്തിയാല്‍ തടവി മുകളിലേക്കുയര്‍ത്തുകയും ചെയ്തു.  എന്നാല്‍ പിറ്റേ ദിവസം ‘മധു’ കുടിക്കാനായി വന്ന ശിവന് ‘മധു’ തെങ്ങിന്‍ മുകളിലെത്തിയാതായാണ് കാണാന്‍ കഴിഞ്ഞത്. ഇതില്‍ കുപിതനായ പരമശിവന്‍ തന്റെ ജട കൊണ്ട് ഇടത്തെ തുട മേല്‍ തല്ലുകയും അപ്പോള്‍ ‘ദിവ്യനായ’ ഒരു മകന്‍ ഉണ്ടാകുകയും ചെയ്തു. തെങ്ങില്‍ നിന്ന് ‘മധു’ എടുക്കുന്ന ജോലിക്കായി അവനെ നിയോഗിക്കുകയും ചെയ്തു.
പതിവായി ‘മധു’ ശേഖരിക്കുന്ന ദിവ്യനും ‘മധുപാനം’ ആരംഭിച്ചു. ഇതറിഞ്ഞ പരമശിവന്‍ ‘കദളീ വനത്തില്‍’ നായാടരുതെന്നും അവിടത്തെ ‘മധു’ കുടിക്കരുതെന്നും ദിവ്യനെ വിലക്കി. എന്നാല്‍ വിലക്ക് വക വെക്കാതെ കദളീ വനത്തില്‍ നായാടുകയും മധുകുംഭം തുറക്കുകയും ചെയ്ത ദിവ്യന്‍ ശിവകോപത്തിനിരയായി. അവന്റെ കണ്ണുകള്‍ പൊട്ടി അവന്‍ മധുകുംഭത്തില്‍ വീണു.മാപ്പിരന്ന മകന് പൊയ്ക്കണ്ണ്‍, മുളംചൂട്ട്, മുള്ളനമ്പ്, മുളവില്ലു എന്നിവ നല്‍കി അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചു.  എന്നാല്‍ ചൂട്ട് പുകഞ്ഞ് കണ്ണ് കാണാതായപ്പോള്‍ പൊയ്ക്കണ്ണ്‍, വിത്തുപാത്രം, മുളം ചൂട്ടു എന്നിവ ദിവ്യന്‍ ദൂരേക്ക് വലിച്ച് എറിഞ്ഞു കളഞ്ഞു. അവ ചെന്ന് വീണത്‌ വയനാട്ടിലെ ആദി പറമ്പന്‍ കണ്ണന്റെ പടിഞ്ഞാറ്റയിലാണത്രെ. കണ്ണും ചൂട്ടും തുള്ളുന്നത് കണ്ടു പേടിച്ച കണ്ണനോട് ഇവ രണ്ടും എടുത്തു അകത്ത് വെച്ചു കൊള്ളാന്‍ ദേവന്‍ ദര്‍ശനം നല്‍കി പറഞ്ഞുവത്രേ. ദിവ്യന്‍ വയനാട്ടില്‍ എത്തിചേര്‍ന്നത്‌ കൊണ്ട് വയനാട്ടുകുലവന്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്രേ.
പൊയ്ക്കണ്ണ്, മുളം ചൂട്ട്, ചെറിയ തിരുമുടി, വട്ടക്കണ്ണിട്ട്മുഖമെഴുത്ത് ഇതൊക്കെയാണ് വേഷവിധാനം. ഒരിക്കല്‍ ഈ ദൈവം വാണവര്‍ കോട്ടയില്‍ എഴുന്നെള്ളിയതായും ദൈവത്തിന്റെ കോലം കെട്ടിയാടണം എന്ന് വാഴുന്നവര്‍ക്ക് സ്വപ്നമുണ്ടായതിന്‍ പ്രകാരമാണ് വയനാട്ടുകുലവന്റെ കോലം കെട്ടിയാടാന്‍ തുടങ്ങിയതത്രെ.   തമാശ രൂപത്തില്‍ ഗൌരവമായ കാര്യങ്ങള്‍ പറയുന്ന ഈ തെയ്യത്തിന്റെ ഉരിയാട്ടം വളരെ രസകരമാണ്. ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്ന സമയത്തൊക്കെ ഇത്തരം വാക്കുകളാണ് പറയുക.
“ കണ്ണും കാണൂല്ല, ചെവിയും കേക്കൂല്ല തൊണ്ടച്ചന്,
എന്നാല്‍ കരിമ്പാറമേല്‍ കരിമ്പനിരിയുന്നത്‌ കാണാം,
നെല്ലിച്ചപ്പ് കൂപത്തില്‍ വീഴുന്നത് കേള്‍ക്കാം”
വയനാട്ടു കുലവന്‍ തെയ്യത്തിന്റെ പരിപാവനമായ ഒരു അനുഷ്ഠാനമായി കരുതുന്ന ചടങ്ങാണ് ബോനം കൊടുക്കല്‍. തെയ്യത്തിന്റെ ആട്ടത്തിനൊടുവില്‍ ചൂട്ടു ഒപ്പിച്ച തീയ്യ കാരണവര്‍ തലയില്‍ മുണ്ടിട്ട്  അന്ന് ചെത്തിയ കള്ളു പകര്‍ന്നു നല്‍കുന്ന ചടങ്ങാണിത്‌.  അന്ന് മലനാടിറങ്ങിയ ദൈവം തന്റെ പ്രഭാവം കൊണ്ട് കുഞ്ഞാലി എന്ന മാപ്പിളയെ രക്ഷിക്കുന്നതും ആ ഭക്തന്റെ ഭോജന സമര്‍പ്പണവുമാണ് ഈ അനുഷ്ഠാനത്തിന്റെ കാതല്‍. പ്രമാദമായ കേസില്‍ അകപ്പെട്ടു കുഞ്ഞാലി കഴുമരം കയറേണ്ടി വരുമെന്നറിഞ്ഞു കണ്ണീരോടെ നടന്നു പോകവേ വയനാട്ടുകുലവന്‍ കുഞ്ഞാലിയെ ആശ്വസിപ്പിച്ചുവത്രേ “ചിറക്കല്‍ തമ്പുരാന്റെ മനസ്സ് മാറും നീ സന്തോഷത്തോടെ തിരിച്ചു വരും വന്നാല്‍ നിന്റെ കയ്യാല്‍ എനിക്കൊരു ബോനം തരണം” കുഞ്ഞാലി സമ്മതിച്ചു. അപ്രകാരം കേസ് ഒഴിഞ്ഞു വന്ന കുഞ്ഞാലിയോട് തനിക്ക് ബോനമായി വേണ്ടത് കള്ളാണ് എന്ന് പറഞ്ഞപ്പോള്‍ തനിക്ക് ഹറാമായ കള്ളു ആരും കാണാതെ ദൈവത്തിനു നല്‍കി. ആ രഹസ്യ സ്വഭാവം കാണിക്കാനാണ് കാരണവര്‍ തലയില്‍ മുണ്ടിടുന്നത്.
യാത്രാപ്രിയനായ വയനാട്ടുകുലവന്‍ വടക്കോട്ട്‌ യാത്ര ചെയ്ത് കണ്ടനാര്‍ കേളന്റെ വീട്ടിലെത്തിയെന്നും ദൈവിക ശക്തി തിരിച്ചറിഞ്ഞ കേളന്‍ വയനാട്ടുകുലവനെ തൊണ്ടച്ചനെന്നു വിളിച്ച് സല്ക്കരിച്ചുവെന്നും അതിനെ അനുസ്മരിക്കുന്നതാണ് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ ബപ്പിടല്‍ ചടങ്ങ് എന്നും പറയുന്നു.

തെയ്യം കെട്ടിന്റെ രണ്ടാം നാള്‍ ആര്‍പ്പും ആരവങ്ങളുമായി ഭക്തര്‍ കാട്ടില്‍ വെട്ടയ്ക്കിറങ്ങി പന്നി, മാന്‍, കൂരന്‍ തുടങ്ങിയ മൃഗങ്ങളെ വേട്ടയാടി പിടിച്ചു തണ്ടുകളില്‍ കെട്ടി കാവിലേക്ക് കൊണ്ട് വരും. കണ്ടനാര്‍ കേളന്റെ വെള്ളാട്ടം ഉറഞ്ഞാടുന്ന രാത്രിയിലാണ് ഇവര്‍ വരിക. ഇവരെ ആശീര്‍വദിച്ചു നൃത്തം ചെയ്യുന്ന കണ്ടനാര്‍ കേളന്‍ മറയുടെ വടക്ക് വശത്ത് നിരത്തീ വെച്ച ഓല ക്കീറുകളില്‍ മൃഗങ്ങളെ കിടത്തി തന്റെ കയ്യിലെ കന്നിക്കത്തി വീശി ഓരോ മൃഗത്തെയും മൂന്നായി വെട്ടി ക്കീറും. ഈ അനുഷ്ഠാനത്തെയാണ്‌ ബപ്പിടല്‍ എന്ന് പറയുന്നത്. മാംസത്തിലെ കരളും, വലത്തെ തുടയും പ്രത്യേക രീതിയില്‍ വേവിച്ചു (ഓട്ടിറച്ചി, ചുട്ടിറച്ചി, വറുത്തിറച്ചി) വയനാട്ടുകുലവന് നിവേദിക്കുകയും ബാക്കി വരുന്നവ ഭക്തന്മാര്‍ക്ക് പാകം ചെയ്തു പ്രസാദമായി വിളമ്പുകയും ചെയ്യും.


Major Temples (Kavus) where this Theyyam performed

Images

Videos

  • https://www.youtube.com/watch?v=AecctZIa9Jw

    Vayanattu Kulavan

  • https://www.youtube.com/watch?v=xj34yZmrExE

    Vayanattu KulavanTheyyam

  • https://www.youtube.com/watch?v=uWB8v5pB9mI

    Vayanattu Kulavan

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning